ലേഖനം സിപിഎം നയത്തിന് വിരുദ്ധം;പത്രാധിപരെ പുറത്താക്കി

Saturday 28 July 2018 7:00 am IST

കൊച്ചി: ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കോലാഹലമുണ്ടാക്കുന്ന സിപിഎം ഇടപെട്ട്  സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിദ്ധീകരണമായ ഗ്രന്ഥാലോകത്തിന്റെ പത്രാധിപര്‍ എസ്. രമേശനെ  പുറത്താക്കി.  പ്രസിദ്ധീകരണത്തില്‍ സിപിഎം നിലപാടിന് വിരുദ്ധമായ ലേഖനം വന്നതാണ് കാരണം. ഇത് തിരുത്തണമെന്ന് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും  അദ്ദേഹം വഴങ്ങിയില്ല. തുടര്‍ന്ന് നിര്‍ബന്ധിച്ച് രാജിവയ്പ്പിക്കുകയായിരുന്നു. 

 വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് വിശദീകരണം. സിപിഎം ഏരിയാ കമ്മിറ്റിയംഗവും  പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയുമാണ് എസ്. രമേശന്‍. അദ്ദേഹത്തിന്റെ 'ഹേമന്തത്തിലെ പക്ഷി'യെന്ന കവിതയ്ക്ക് 2015 ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. 

  ഗ്രന്ഥാലോകത്തില്‍ കാറല്‍ മാര്‍ക്സിന്റെ ഇരുനൂറാം ജന്മദിനം പ്രമാണിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. രാമചന്ദ്രന്‍ എഴുതിയ ലേഖനത്തില്‍, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ  'മാര്‍ക്‌സിന്റെ ജീവചരിത്രം' കടംകൊണ്ടതാണെന്ന പരാമര്‍ശമുണ്ടായിരുന്നു. മാര്‍ക്‌സിന്റെ ജീവചരിത്രം ആദ്യമായി മലയാളത്തില്‍ എഴുതിയത് സ്വദേശാഭിമാനിയാണ്. ഈ പരാമര്‍ശം വലിയ വിവാദത്തിനാണ് ഇടയാക്കിയത്. ഇത് സ്വദേശാഭിമാനിയെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് പുരോഗമന കലാ സാഹിത്യ സംഘം നേതാക്കള്‍ രംഗത്തിറങ്ങി. തുടര്‍ന്ന് ഇതിനു ബദലായി ഇവരുടെ ലേഖനങ്ങളും ഗ്രന്ഥാലോകത്തില്‍ നല്‍കി. 

എങ്കിലും പരാമര്‍ശം തിരുത്തണമെന്ന നിലപാടില്‍ നേതാക്കള്‍ ഉറച്ചു നിന്നു. കൗണ്‍സിലിലെ പാര്‍ട്ടി അംഗങ്ങള്‍ യോഗം ചേര്‍ന്ന് ഈ ആവശ്യം ഉന്നയിച്ചെങ്കിലും രമേശന്‍ അത് അംഗീകരിച്ചില്ല. തുടര്‍ന്ന് ഈ 24ന് ചേര്‍ന്ന കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി രമേശന്റെ രാജി ആവശ്യപ്പെട്ടു. പാര്‍ട്ടിയുമായി ഇടയാനും കൂടുതല്‍ വിവാദമുണ്ടാക്കാനും  താല്‍പര്യമില്ലാത്തതിനാല്‍ രമേശന്‍ രാജി നല്‍കുകയും ചെയ്തു.

ഗ്രന്ഥാലോകം പാര്‍ട്ടി പ്രസിദ്ധീകരണമല്ല. അര്‍ധസര്‍ക്കാര്‍ സ്ഥാപനമായ ലൈബ്രറി കൗണ്‍സിലിന്റെയാണ്. ആ സാഹചര്യത്തില്‍ അതില്‍ വരുന്ന ലേഖനത്തില്‍ പാര്‍ട്ടി നയത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നാണ്  രമേശന്റെ നിലപാട്. 

ഹിന്ദു സ്ത്രീകള്‍ ഉടുത്തൊരുങ്ങി ക്ഷേത്രങ്ങളില്‍ പോകുന്നത്  തങ്ങള്‍ ലൈംഗിക കാര്യങ്ങളില്‍ തല്‍പരരാണെന്ന് അറിയിക്കാനാണെന്ന് എഴുതിവച്ച 'മീശ' നോവലിനു വേണ്ടി വലിയ കോലാഹലം ഉണ്ടാക്കിയത്  ഇടതുപക്ഷക്കാരാണ്. ഹിന്ദു സ്ത്രീകളെയും  ക്ഷേത്രങ്ങളെയും ഹിന്ദു മതത്തെയും അധിക്ഷേപിക്കുന്ന നോവലിനെയും നോവലിസ്റ്റിനെയും  മുഖ്യമന്ത്രിയടക്കമുള്ള ഇടതുനേതാക്കളും സഹയാത്രികരും ന്യായീകരിക്കുകയാണ് ചെയ്തത്. ഇത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണെന്ന് വാദിച്ചവരാണ് ലേഖനത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ പത്രാധിപരെ പുറത്താക്കിച്ചത്. ഹിന്ദു സ്ത്രീകളെ അവഹേളിച്ചപ്പോള്‍ കൂട്ടുനിന്നവരാണ്  സ്വദേശാഭിമാനിയെ അവഹേളിച്ചെന്ന് പരാതിപ്പെടുന്നത്.

ഗ്രന്ഥാലോകം പാര്‍ട്ടി പ്രസിദ്ധീകരണമല്ല: എസ്. രമേശന്‍

 

കൊച്ചി: ലൈബ്രറി കൗണ്‍സില്‍ പ്രസിദ്ധീകരണമായ ഗ്രന്ഥാലോകം പത്രാധിപസ്ഥാനം  രാജി വച്ച കാര്യം  പ്രമുഖ സാഹിത്യകാരനും കവിയുമായ എസ്. രമേശന്‍ സ്ഥിരീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി. അദ്ദേഹം 'ജന്മഭൂമി'യോട് പറഞ്ഞു. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച അദ്ദേഹം ഗ്രന്ഥാലോകം പാര്‍ട്ടി പ്രസിദ്ധീകരണമല്ലെന്നും പറഞ്ഞു. അത് ലൈബ്രറി കൗണ്‍സിലിന്റെ പ്രസിദ്ധീകരണമാണ്, കൗണ്‍സില്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനവുമാണ്. അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.