കുമ്പസര നിരോധനം: വനിതാ കമ്മീഷനെ തള്ളി കേന്ദ്രവും ന്യൂനപക്ഷ കമ്മീഷനും

Friday 27 July 2018 10:46 pm IST

ന്യൂദല്‍ഹി:  കുമ്പസരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ ശുപാര്‍ശ കേന്ദ്രം തള്ളി. ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു. ശുപാര്‍ശയ്‌ക്കെതിരെ നിലപാട് അറിയിക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും കണ്ണന്താനം അറിയിച്ചു. 

കുമ്പസരം നിരോധിക്കണമെന്നത് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ വ്യക്തിപരമായ അഭിപ്രായമാണ്. മതവിശ്വാസങ്ങളില്‍ ഇടപെടുന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ രീതിയല്ലെന്നും കണ്ണന്താനം പറഞ്ഞു.  റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കണ്ണന്താനം കത്തയച്ചു. 

കുമ്പസരം നിയന്ത്രിക്കണമെന്ന ശുപാര്‍ശയ്‌ക്കെതിരെ ദേശീയ ന്യൂനപക്ഷ കമ്മീഷനും രംഗത്തെത്തി. ഇത്  ഭരണഘടനയുടെ  14, 21, 25  വകുപ്പുകളുടെ ലംഘനമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.  ശുപാര്‍ശയില്‍ യാതൊരു തീരുമാനവും സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ന്യൂനപക്ഷ കമ്മീഷന്‍ കത്തയച്ചു. ശുപാര്‍ശകളിന്മേല്‍ തീരുമാനം കൈക്കൊള്ളരുതെന്ന്  ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. കുമ്പസരം ക്രൈസ്തവ ദേവാലയങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്.  ശുപാര്‍ശയില്‍ ആശങ്ക അറിയിച്ച് കേരളാ കാതലിക് ബിഷപ് കൗണ്‍സില്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചിട്ടുണ്ട്.  ഇത്തരം പ്രസ്താവനകള്‍ ക്രിസ്ത്യന്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും കെസിബിസി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.