കുരുമുളക് കര്‍ഷകര്‍ക്കുവേണ്ടി കേന്ദ്രത്തിന്റെ അസാധാരണ ഗസറ്റ്

Saturday 28 July 2018 4:07 am IST

കൊച്ചി:  കുരുമുളക് കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ അട്ടിമറിക്കാന്‍ വന്‍കുത്തകകള്‍ നടത്തിയ ശ്രമം വിഫലമായി. കള്ളക്കടത്ത് തടയുന്നതിനും കുറഞ്ഞനിരക്കില്‍ ഗുണനിലവാരമില്ലാത്ത ഇറക്കുമതി തടയുന്നതിനും കര്‍ശനഉപാധികളോടെ കേന്ദ്രവാണിജ്യമന്ത്രാലയം അസാധാരണ ഗസറ്റ് വിജ്ഞാപനമിറക്കി. കുരുമുളകിന്റെ വിപണിവില കിലോയ്ക്ക് 400 രൂപയില്‍ താഴെയായതോടെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കുരുമുളകിന്റെ മിനിമം ഇറക്കുമതി വില 500 രൂപയാക്കി ഉത്തരവിറക്കിയിരുന്നു.

കേന്ദ്രവാണിജ്യ, വ്യവസായ വകുപ്പിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) അലോക് വര്‍ധന്‍ ചതുര്‍വേദിയാണ് ഉത്തരവ് പുറപ്പെടുപ്പിച്ചത്. എന്നാല്‍ ഉത്തരവിലെ സാങ്കേതികപ്രശ്‌നം ചൂണ്ടിക്കാട്ടി ഇറക്കുമതി ലോബി ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുത്തിരുന്നു.  കേന്ദ്ര ഇടപെടല്‍ ഉടന്‍ ഉണ്ടാകില്ലെന്ന ലോബിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച്, കേന്ദ്രവാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭു ഇടപെട്ട് കൂടുതല്‍ കര്‍ശനവ്യവസ്ഥകളോടെ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തി ഒരാഴ്ചക്കുള്ളില്‍ ഗസറ്റ് വിജ്ഞാപനം ഇറക്കുകയായിരുന്നു. 

 മാര്‍ച്ചിലാണ് മിനിമം ഇറക്കുമതി വില 500 ആക്കി ഡിജിഎഫ്ടി ഉത്തരവിറക്കിയത്. കുരുമുളക് നിയന്ത്രിത ഉല്‍പന്നങ്ങളുടെ പട്ടികയിലായിരുന്നു ഉള്‍പ്പെട്ടിരുന്നത്. നിയന്ത്രിത ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ലഭ്യമായിരുന്ന ചില ഇളവുകള്‍ ഉപയോഗിച്ച് ഇറക്കുമതി നടത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം ഇറക്കുമതി വിലയുടെ പ്രയോജനം അട്ടിമറിക്കപ്പെട്ടു. ഇതോടെ നിയന്ത്രിത ഉല്‍പന്നങ്ങളുടെ പട്ടികയില്‍നിന്നും നിരോധിത ഉല്‍പന്നങ്ങളുടെ പട്ടികയിലേക്ക് കുരുമുളകിനെ മാറ്റുകയും ചെയ്തു. ഇതോടെ ഇറക്കുമതി ലോബി ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്രസര്‍ക്കാര്‍ നയം എന്ന നിലയില്‍ സ്വീകരിക്കേണ്ട നടപടി, ഒരു ഉദ്യോഗസ്ഥന് ഉത്തരവായി ഇറക്കാന്‍ പാടില്ലെന്നായിരുന്നു വാദം. അത് ഹൈക്കോടതി അംഗീകരിക്കുകയും ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു. ജൂലൈ 19 നായിരുന്നു വിധി. ഇതു ശ്രദ്ധയില്‍പ്പെട്ട കേന്ദ്രമന്ത്രി സുരേഷ് പ്രഭു അടിയന്തിരമായി വിഷയത്തില്‍ ഇടപെട്ടു.  ജൂലൈ 25 ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തി മന്ത്രാലയം വിജ്ഞാപനമിറക്കി. 

പുതിയ വിജ്ഞാപനമനുസരിച്ച് ഇനി കുരുമുളകിന് മിനിമം ഇറക്കുമതി വില 500 ബാധകമല്ലാതിരിക്കണമെങ്കില്‍, കുരുമുളക് ഇറക്കുമതി ചെയ്ത് 100 ശതമാനം കയറ്റുമതി ചെയ്യുന്ന കേന്ദ്രങ്ങളോ പ്രത്യേക സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളോ ആവണം. ഇറക്കുമതി ചെയ്യുന്ന കുരുമുളകില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒലിയോറെസിന്‍ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. എന്നാല്‍  ഇത് ഇനി മുതല്‍ അനായാസമാവില്ല. കയറ്റുമതി ചെയ്യുന്ന ഉല്‍പന്നങ്ങളില്‍ നിശ്ചിത ഗുണനിലവാരം നിര്‍ബന്ധമാണ്. കസ്റ്റംസ് മുഖേന ഇത് സ്‌പൈസസ് ബോര്‍ഡിന്റെ അംഗീകൃത ഗുണനിലവാര ലാബുകളില്‍ പരിശോധന നടത്തി സര്‍ട്ടിഫൈ ചെയ്യണം. ഇറക്കുമതി ചെയ്യുന്ന കുരുമുളകിന്റെ തോത്, ഗുണനിലവാരം, കയറ്റുമതി വിവരങ്ങള്‍ എന്നിവ നിര്‍ബന്ധമായി എല്ലാമാസവും സ്‌പൈസസ് ബോര്‍ഡിന് സമര്‍പ്പിക്കണം.  മുമ്പിത്  അഞ്ചുമാസത്തിലൊരിക്കല്‍ നല്‍കിയാല്‍ മതിയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.