യജ്ഞപൗരാണികന്‍

Sunday 29 July 2018 3:17 am IST
ദേശകാലങ്ങളില്‍ പരിമിതമായ പ്രകൃതിയുടെ വിജയം ആത്മാവിന്റെ ഉയര്‍ച്ചയില്‍ അവനെ എത്തിക്കുന്നില്ല എന്നറിഞ്ഞ ആചാര്യന്മാര്‍, തങ്ങളുടെ അന്വേഷണങ്ങള്‍ മഴുവന്‍ സാധാരണക്കാരന് ഉള്‍ക്കൊള്ളാന്‍ കഴിയുമാറ് എങ്ങനെ പരിവര്‍ത്തിപ്പിക്കാം എന്നാലോചിച്ചു.

ഭാരതീയ ദര്‍ശനങ്ങളിലെ നിത്യവിസ്മയമായ വേദങ്ങള്‍ വിശ്വദാര്‍ശനികരും  ചിന്താജ്യോതിസ്സുകളുമായ ഋഷിമാര്‍ ജ്വലിപ്പിച്ച ചിന്താ സ്ഫുലിംഗങ്ങളാണ്. കര്‍മ്മം, ഉപാസന, ജ്ഞാനം എന്ന് മൂന്നായി വേദങ്ങളെ തിരിച്ചിരിക്കുന്നു. വേദങ്ങള്‍ മനുഷ്യന്റെ സുഖാന്വേഷണത്തിലുള്ള  മാര്‍ഗദര്‍ശനം സാധിച്ചുതരുന്നു. ആ അമൂല്യതയാണ് വേദങ്ങളുടെ സ്വത്വം. ഈശ്വരന്‍, ജീവന്‍, ജഗത്ത് എന്നീ നിഗൂഢ തത്ത്വങ്ങളുടെ പൊരുള്‍ സാധാരണക്കാരന് അപ്രാപ്യമായ ഭാഷയിലാണ് വേദങ്ങള്‍ വിശകലനം ചെയ്യുന്നത്. 

ദേശകാലങ്ങളില്‍ പരിമിതമായ പ്രകൃതിയുടെ വിജയം ആത്മാവിന്റെ ഉയര്‍ച്ചയില്‍ അവനെ എത്തിക്കുന്നില്ല എന്നറിഞ്ഞ ആചാര്യന്മാര്‍, തങ്ങളുടെ അന്വേഷണങ്ങള്‍ മഴുവന്‍ സാധാരണക്കാരന് ഉള്‍ക്കൊള്ളാന്‍ കഴിയുമാറ് എങ്ങനെ പരിവര്‍ത്തിപ്പിക്കാം എന്നാലോചിച്ചു. അതിന്റെ പരിണതഫലമാണ് പുരാണങ്ങളുടെ ഉത്ഭവം. അങ്ങനെയാണ് അനുക്രമമായി പതിനെട്ടു പുരാണങ്ങള്‍ വേദവ്യാസന്റെ തൂലികയില്‍ ഉദ്ഭവിച്ചത്. പുരാണങ്ങളില്‍ സാര്‍വ്വത്രികവും സര്‍വ്വ സമ്മതവുമായി ഗണിക്കപ്പെടുന്നത് ഭാഗവത പുരാണമാണ്. 

വ്യാസവിരചിതമായ ഭാഗവതം സാധാരണക്കാരിലെത്തിക്കാന്‍  ശ്രമിച്ചവരില്‍ പ്രഥമഗണനീയനാണ് തുഞ്ചത്താചാര്യന്‍. സാഹിത്യ ഭംഗികൊണ്ടും പ്രതിപാദന വൈചിത്ര്യം കൊണ്ടും എഴുത്തച്ഛന്റെ കിളിപ്പാട്ടു രീതിയിലുള്ള ഭാഗവതം വേറിട്ടുനില്‍ക്കുന്നു. ഈ മഹദ്ഗ്രന്ഥം ഏഴുദിവസം അനുഷ്ഠാന സമ്പ്രദായങ്ങളോടെ ആചരിക്കുന്ന മഹദ്കര്‍മ്മമാണ് ഭാഗവത സപ്താഹയജ്ഞം. കേരളത്തില്‍ ഭഗവതം കിളിപ്പാട്ട് സപ്താഹയജ്ഞമായി രൂപപ്പെടുത്തിയത്  ശ്രീരാമ ഭദ്രാനന്ദ സ്വാമിയാണ്. അദ്ദേഹത്തിന്റെ ആചാര്യത്വത്തില്‍ ധാരാളം സപ്താഹയജ്ഞങ്ങള്‍ അക്കാലത്ത് നടന്നിരുന്നു.

പ്രതിഭാധനന്മാരായ ധാരാളം മഹത്തുക്കള്‍ ഈ ഗ്രന്ഥപാരായണത്തിനു നിയോഗിക്കപ്പെട്ടിരുന്നു. ആ തലമുറയില്‍പ്പെട്ട പ്രമുഖ വ്യക്തിത്വമാണ് പാവുമ്പ രാധാകൃഷ്ണന്‍. പുരാണ പാരായണം നടത്തുന്നവര്‍ യജ്ഞപൗരാണികര്‍ എന്നാണ് ഇന്നറിയപ്പെടുന്നത്. 46 വര്‍ഷം മുന്‍പ് ഭാഗവതം ഹൃദയത്തില്‍ചേര്‍ത്ത്  യജ്ഞപൗരാണികനായാണ് അദ്ദേഹം പ്രയാണമാരംഭിക്കുന്നത്. 

1956 ജൂലൈ 15ന് കൊല്ലം ജില്ലയിലെ തഴവ പഞ്ചായത്തില്‍ കളീയ്ക്കല്‍ കിഴക്കേതില്‍ കേശവന്‍ നായരുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ചു. എല്ലാ മാസവും ജന്മനക്ഷത്രം തോറും സ്വഗൃഹത്തില്‍ നടത്തിവന്നിരുന്ന ഭാഗവത പാരായണത്തില്‍ ആകൃഷ്ടനായി. 

പതിമൂന്നാം വയസ്സില്‍ ഭാഗവത പാരായണമാരംഭിച്ചു. പതിനഞ്ചാം വയസ്സില്‍ യജ്ഞപൗരാണികനായി ചെങ്ങന്നൂരിനടുത്ത് കുതിരവട്ടം ക്ഷേത്രത്തില്‍ അരങ്ങേറ്റം. തുടര്‍ന്ന് ഹൃദയത്തില്‍ ഭാഗവതവും ചുണ്ടില്‍ ഹരിനാരായണ മന്ത്രവും കൈയില്‍ ഹൃദയതാളമുതിര്‍ക്കുന്ന ഗഞ്ചിറയുമായി 1300 യജ്ഞവേദികള്‍ പിന്നിട്ടു. അനേക വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ആചാര്യത്വത്തില്‍ കേരളത്തിലും കേരളത്തിനുപുറത്തുമായി ധാരാളം യജ്ഞങ്ങള്‍ നടന്നു വരുന്നു. ഐവര്‍കാല പുത്തനമ്പലം ദേവീക്ഷേത്രത്തില്‍ അദ്ദേഹം 1300-ാമത്തെ യജ്ഞം പൂര്‍ത്തിയാക്കി. 

പരിമിതികള്‍ക്കുള്ളില്‍നിന്ന് പണ്ട് ആചരിച്ചിരുന്ന ഭാഗവത സപ്താഹ യജ്ഞങ്ങള്‍ ഇന്നത്തെ നിലയില്‍ വിപുലമാക്കിത്തീര്‍ത്തതില്‍ അദ്ദേഹം വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. അനിതരസാധാരണമായ ആലാപന ശൈലികൊണ്ടും സംഗീത ഭക്തിസാന്ദ്രമായ ശബ്ദമാധുരികൊണ്ടും ശ്രോതൃഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ അപൂര്‍വ്വ വ്യക്തിത്വമാണ് അദ്ദേഹം. മനോഹരമായി ചിട്ടപ്പെടുത്തി അദ്ദേഹം ആലപിച്ച ഭാഗവത കീര്‍ത്തനങ്ങളും ഭജനഗീതങ്ങളും ഭക്തജനങ്ങള്‍ ഹൃദയത്തിലേറ്റിക്കഴിഞ്ഞു. ഭാഗവതശ്രീ, ഭാഗവത കൗസ്തുഭം, ഭാഗവത ചൂഡാമണി തുടങ്ങിയ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി.  പവിത്രമായ യജ്ഞസംസ്‌കാരം കാത്തുസൂക്ഷിക്കുന്നതില്‍ എപ്പോഴും ബദ്ധശ്രദ്ധനായി പാവുമ്പ രാധാകൃഷ്ണന്‍ യജ്ഞവേദികളിലൂടെയുള്ള പ്രയാണം തുടരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.