ഇതാണ് നായകന്‍

Sunday 29 July 2018 3:23 am IST

വര്‍ഷങ്ങള്‍ക്ക് മുന്‍പ്  കാക്കനാട് അബ്ദുള്‍ ഖാദര്‍ മെമ്മോറിയല്‍ സ്‌കൂള്‍, കുട്ടികള്‍ക്കായുള്ള കായികമത്സരങ്ങള്‍ നടക്കുന്നു. ഓട്ടമത്സരം തുടങ്ങാറായി. അധ്യാപകനായ രവീന്ദ്രന്‍ മാഷിനോട് ഒരു എട്ടുവയസ്സുകാരന്റെ അഭ്യര്‍ഥന. ''സാര്‍ എനിക്കും അവരോടൊപ്പം ഓടണം.'' പോളിയോ ബാധിച്ച്, ഇടതുകാല്‍ ശേഷി നഷ്ടപ്പെട്ട ആ ബാലന്റെ മനസ്സ് ആ അധ്യാപകന്‍ മനസ്സിലാക്കി. അവന്റെ നിശ്ചയദാര്‍ഢ്യത്തിന് രവീന്ദ്രന്‍ മാഷ് പച്ചക്കൊടി കാട്ടി. അംഗപരിമിതരുടെ മത്സരത്തില്‍ പങ്കെടുക്കാതെ തളര്‍ന്ന ഇടതുകാലുമായി പോരാട്ടത്തിനിറങ്ങിയ അവന് മത്‌സരം പൂര്‍ത്തിയാക്കാനായില്ല. തളര്‍ന്ന കാലുമായി ഓടിയ അവന്‍ ട്രാക്കില്‍ വീണു. പക്ഷേ തളര്‍ന്നില്ല.

എല്ലാവര്‍ക്കും മത്‌സരത്തില്‍ ജയിക്കാനാവില്ലല്ലോ എന്ന ബോധമായിരുന്നു അവനെ മുന്നോട്ടു നയിച്ചത്. എട്ടുവയസ്സില്‍ തുടങ്ങിയ ആ പോരാട്ടവീര്യം അവന്‍ കൈവിട്ടില്ല. അന്നത്തെ ആ എട്ടുവയസ്സുകാരന്‍ ഇന്ന് കേരളത്തിലെ മലയാളികള്‍ക്ക് സുപരിചിതനാണ്. 'അമര്‍ അക്ബര്‍ അന്തോണി'യിലൂടെയും 'കട്ടപ്പനയിലെ ഋതിക് റോഷനി'ലൂടെയും ശ്രദ്ധേയനായ തിരക്കഥാകൃത്ത്, ബിബിന്‍ ജോര്‍ജ്. 'ഒരു പഴയ ബോംബ് കഥ' എന്ന സിനിമയിലെ നായകന്‍. 

ബിബിന്‍ പിന്നിട്ട വഴികളില്‍ കണ്ണീര്‍ക്കയങ്ങളുണ്ട്. അവഗണനയുടെയും അവഹേളനത്തിന്റെയും മുള്‍പ്പടര്‍പ്പുകളുണ്ട്.  ഇല്ലായ്മകള്‍ക്കിടയിലും മകന്റെ ഇഷ്ടങ്ങള്‍ സാധിക്കാന്‍ അവന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരപ്പന്റെയും അമ്മയുടെയും സഹോദരിമാരുടെയും പ്രാര്‍ഥനകളുണ്ടായിരുന്നു. മിമിക്രി തെരഞ്ഞെടുത്തതുതന്നെ അഭിനയമോഹം മനസ്സിലുള്ളതുകൊണ്ടായിരുന്നു. 

''സൗഹൃദങ്ങളായിരുന്നു ശക്തി. ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ് സുഹൃത്തായ ശ്രീനാഥ് വഴി വിഷ്ണുവിനെ (നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍) പരിചയപ്പെടുന്നത്. അന്ന് ശ്രീനാഥും വിഷ്ണുവും സെന്റ് അഗസ്തിന്‍ സ്‌കൂളിലായിരുന്നു.  വീടിനു സമീപത്തെ ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കാനെത്തിയപ്പോഴാണ് ഒരുമിച്ചു കാണുന്നത്. അന്ന് തുടങ്ങിയ സൗഹൃദം ഇന്നും കൈവിട്ടിട്ടില്ല.''

''സ്‌കൂള്‍തലം മുതല്‍ വിഷ്ണുവും ഞാനും തമ്മിലുള്ള മത്സരമായിരുന്നു മിമിക്രിയില്‍. ജീവിതത്തില്‍ വാശിയോടെ മുന്നോട്ടുപോകാന്‍ പ്രേരിപ്പിച്ചത് ഇതാണ്. ജില്ലാ, ഉപജില്ലാ മത്സരങ്ങളില്‍ എന്നും അവനായിരുന്നു എതിരാളി. എല്ലായ്‌പ്പോഴും അവന് ഒന്നാംസ്ഥാനം, എനിക്ക് രണ്ടാംസ്ഥാനം; ഒരിക്കലെങ്കിലും അവനെ ജയിക്കണമെന്നത് എന്റെ സ്വപ്‌നമായിരുന്നു. പക്ഷേ, ആ ആഗ്രഹം ഒരിക്കലും ഞങ്ങളുടെ സൗഹൃദത്തെ ബാധിച്ചിരുന്നില്ല.

പത്താംക്ലാസ് കഴിഞ്ഞ് ഞാന്‍ കലാഭവനില്‍ എത്തിയതുപോലും മിമിക്രിയില്‍ അവനേക്കാള്‍ മുന്നിലെത്തണമെന്ന ആഗ്രഹം മനസ്സില്‍ വച്ചായിരുന്നു. കലാഭവനില്‍ വച്ചായിരുന്നു സ്‌കിറ്റുകള്‍ എഴുതി തുടങ്ങിയത്. സ്‌കിറ്റുകള്‍ വേദിയില്‍ വന്നെങ്കിലും എന്നെപ്പോലെ ഒരാളെ വേദിയില്‍ അവതരിപ്പിക്കുന്നത് ശരിയാവില്ല എന്ന ധാരണയായിരുന്നു അന്ന് പലര്‍ക്കും. പക്ഷേ അവിടെയും എനിക്ക് താങ്ങായത് സുഹൃത്തുക്കള്‍. അഴകന്‍, ഷിജന്‍, രവി, മാഹി ഇൗ നാലുപേരുടെ സൗഹൃദം എനിക്ക് തണലായി. അപ്പച്ചന്‍ തരുന്ന 10 രൂപയുംകൊണ്ടാണ് കലാഭവനില്‍ എത്തിയിരുന്നത്. ഉച്ചവരെ ക്ലാസുണ്ട്. ഉച്ചയ്ക്കു ശേഷമുള്ള ക്ലാസില്‍ പങ്കെടുക്കണമെങ്കില്‍ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച് തിരിച്ചുപോകേണ്ടിവരും. അതിന് വണ്ടിക്കൂലി തികയില്ല. അതുകൊണ്ടുതന്നെ ഉച്ചഭക്ഷണം ഒഴിവാക്കി ക്ലാസ്സില്‍ തുടരും. അന്നെനിക്ക് ഉച്ചഭക്ഷണം വാങ്ങിത്തരാനുണ്ടായിരുന്നത് ഷിജിനും കൂട്ടുകാരുമാണ്. അവരോടൊപ്പമാണ് ഞാന്‍ ആദ്യമായി ട്രൂപ്പ് തുടങ്ങുന്നത്. ആ നാലംഗ സംഘം ഇന്നും ഒപ്പമുണ്ട്. അത്  22 പേരടങ്ങുന്ന 'മനസ്സ്' എന്ന സംഘമായി. അതില്‍ ഡ്രൈവര്‍മാരും പെയിന്റര്‍മാരുമുണ്ട്. ഇന്നും എന്റെ തിരക്കഥ അവര്‍ വായിച്ചതിനുശേഷമേ ഞാന്‍ അന്തിമമാക്കാറുള്ളൂ. കടന്നുവന്ന വഴിയില്‍ വേദനിച്ച ഒരുപാട് അനുഭവങ്ങളുണ്ട്. വിഷമം വരുമ്പോള്‍ ദൈവത്തിന് പരാതി കൊടുക്കുമായിരുന്നു.''

''വിഷ്ണുവിനെ ഒരു തവണയെങ്കിലും മറികടക്കണമെന്ന മോഹം യാഥാര്‍ഥ്യമാവുമെന്ന് ആദ്യം കരുതിയത് പ്ലസ്ടു ഉപജില്ലാ മത്‌സരത്തിലാണ്. അന്ന് വിഷ്ണുവിനേക്കാള്‍ മികച്ച രീതിയില്‍ ഞാന്‍ പെര്‍ഫോം ചെയ്തു. കണ്ടുനിന്നവരെല്ലാം എനിക്ക് ഒന്നാംസ്ഥാനമെന്നുറപ്പിച്ചു. വിജയികളുടെ ഫോട്ടോയെടുക്കാന്‍ നില്‍ക്കുന്ന സമയം. പൗഡറൊക്കെ ഇട്ട് സന്തോഷത്തോടെ നില്‍ക്കുകയാണ്. അവിടേക്ക് കടന്നുവന്ന ഒരു ഫോട്ടോഗ്രാഫര്‍ വളരെ അവജ്ഞയോടെ പറഞ്ഞു. അങ്ങോട്ട് ഇറങ്ങിപ്പോ, രണ്ടാം സ്ഥാനക്കാരന്റെ ഫോട്ടോയെടുക്കാനൊന്നും പറ്റില്ല എന്ന്. അന്ന് ഒരുപാട് വേദനിച്ചു. പക്ഷേ എന്റെ വേദന കണ്ട് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞത് വിഷ്ണുവായിരുന്നു. 

മഹാരാജാസ് കോളജിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അവന്‍ ബികോമിനും ഞാന്‍ ഹിന്ദിക്കും. പക്ഷേ അവിടെ വച്ച് ഒരൊറ്റ തവണ അവനെ ഞാന്‍ പിന്നിലാക്കി. അന്ന് അവന്‍ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞത് 'കലക്കിയെടാ' എന്നായിരുന്നു.

മഹാരാജാസില്‍നിന്നാണ് ബിബിന്‍ എഴുത്തിന്റെയും അഭിനയത്തിന്റെയും ലോകത്തേക്ക് കടക്കുന്നത്. അഭിനയമോഹവുമായി ബിബിന്‍ പലരുടെയടുത്തും ചാന്‍സ് ചോദിച്ച് പോയിരുന്നു. എഴുതിയുണ്ടാക്കിയ സ്‌കിറ്റുകളുമായിട്ടായിരുന്നു ഈ യാത്രകള്‍. സുഭാഷ് പാര്‍ക്കില്‍ വച്ച് ബൈജു ജോസ്, ബാബു ജോസ് എന്നിവരെ കണ്ടതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. എഴുതിയ 'കോമഡി കസിന്‍സ്' ശ്രദ്ധ നേടി. അതോടെ ടിങ്‌ടോങ്, രസികരാജ, ആടാംപാടാം, കളിച്ചും ചിരിച്ചും തുടങ്ങി ബഡായി ബംഗ്ലാവ് വരെ എഴുതി. ഇതിനിടയില്‍ എംഎയും ബിഎഡും എംഫിലും ബിബിന്‍ സ്വന്തമാക്കി.

''ഞങ്ങളെ കഥാപാത്രങ്ങളായി മനസ്സില്‍ കണ്ടാണ് ഞാനും വിഷ്ണുവും സുഹൃത്തായ റിതിനും ചേര്‍ന്ന് 'അമര്‍ അക്ബര്‍ അന്തോണി' എഴുതുന്നത്. രസികരാജയുടെ സംവിധായകനായ ബി.സി. നൗഫലിന്റെ സംവിധാനത്തില്‍ സിനിമ ചെയ്യാമെന്നായിരുന്നു കണക്കുകൂട്ടല്‍. നിര്‍ഭാഗ്യമെന്നോ 'ഭാഗ്യ'മെന്നോ പറയാം. ആ പ്രോജക്ട് നടന്നില്ല. മൂന്നുവര്‍ഷം 'അമര്‍ അക്ബര്‍ അന്തോണി'യുടെ സ്‌ക്രിപ്റ്റ് തട്ടിന്‍പുറത്ത് കിടന്നു.''

ബിബിനെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ തളര്‍ത്തിയത് അപ്പച്ചന്‍ വിന്‍സന്റിന്റെ മരണമാണ്. 'അമര്‍ അക്ബര്‍ അന്തോണി'യുടെ തിരക്കഥ പൂര്‍ത്തിയായി സിനിമാ മോഹം നടക്കാതായ വേളയിലായിരുന്നു  വാഹനാപകടത്തില്‍ അപ്പച്ചന്റെ മരണം. ''എന്റെ എല്ലാം അപ്പച്ചനായിരുന്നു.  എന്റെ എല്ലാ വിഷമങ്ങളും പറഞ്ഞിരുന്നത് അപ്പച്ചനോടായിരുന്നു. കൽപ്പണിക്കാരനായ അപ്പച്ചന്റെ കഷ്ടപ്പാടുകളൊന്നും എന്റെ ഇഷ്ടങ്ങള്‍ക്ക് ഒരിക്കലും തടസ്സമായിരുന്നില്ല. ഫുട്‌ബോള്‍ കളിക്കാന്‍ പറ്റാത്ത എനിക്ക് അക്കാലത്ത് ഫുട്‌ബോള്‍ വേണമെന്നു പറഞ്ഞപ്പോള്‍ വാങ്ങിത്തന്നതും എനിക്ക് സിനിമ കാണാന്‍ ടെലിവിഷന്‍ വാങ്ങിയതുമൊന്നും മറക്കാനാവില്ല. അപ്പച്ചനെ നഷ്ടമായപ്പോള്‍ ഒരുവേള ആത്മഹത്യ ചെയ്താലെന്തെന്ന് പോലും ആലോചിച്ചിരുന്നു. സിനിമാ സ്വപ്‌നവും എഴുത്തുമെല്ലാം ഉപേക്ഷിച്ചു. വീടിനുള്ളില്‍ ഒതുങ്ങിക്കൂടി. വീട്ടുചെലവ് നോക്കാന്‍ എറണാകുളം ഗേള്‍സ് ഹൈസ്‌കൂളില്‍ ദിവസവേതനത്തില്‍ അധ്യാപകനായി. ഗസ്റ്റ് അധ്യാപകരെ ഏതു ദിവസവും പറഞ്ഞുവിടാം. ഒടുവില്‍ ഒരു ദിവസം ചെന്നപ്പോള്‍ ബിബിന് നാളെ മുതല്‍ ജോലിയില്ല എന്നുപറഞ്ഞു. ജീവിതത്തില്‍ പതറിപ്പോയ നിമിഷം. ഇനിയെന്ത് എന്ന ചിന്ത.''

ജീവിതത്തിലെ കനല്‍ പരീക്ഷണങ്ങള്‍ താണ്ടിയ ബിബിനെ പക്ഷേ വിധി കൂടുതല്‍ പരീക്ഷിച്ചില്ല. അധ്യാപക ജോലി നഷ്ടമായ രണ്ടാമത്തെ ദിവസം ബഡായി ബംഗ്ലാവിലേക്ക് എഴുതാനുള്ള ഓഫര്‍ വന്നു.  ബഡായി ബംഗ്ലാവിന്റെ ഷൂട്ടിങ്ങിനിടയിലാണ് നാദിര്‍ഷാ 'അമര്‍ അക്ബര്‍ അന്തോണി'യുടെ സ്‌ക്രിപ്റ്റിനെക്കുറിച്ച് ബിബിനോട് ചോദിക്കുന്നത്. കലാഭവന്‍ ഷാജോണാണ് ബിബിന്റെ കയ്യിലൊരു സ്‌ക്രിപ്റ്റ് ഉണ്ടെന്ന് നാദിര്‍ഷായോട് പറയുന്നത്. അതോടെ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരെ വച്ച് 'അമര്‍ അക്ബര്‍ അന്തോണി' യാഥാര്‍ത്ഥ്യമായി. ബിബിന് സിനിമയിലും ഒരു വേഷം കിട്ടി. 'അമര്‍ അക്ബര്‍ അന്തോണി' വിജയിച്ചതോടെ  വിഷ്ണുവിനെ നായകനാക്കി 'കട്ടപ്പനയിലെ ഋതിക് റോഷന്‍'. അതിലും ബിബിന്‍ വേഷമിട്ടു. 'വെല്‍ക്കം ടു സെന്‍ട്രല്‍' ജയിലില്‍ മുഖം കാണിച്ച ബിബിന്‍ റോള്‍ മോഡല്‍സില്‍ നെഗറ്റീവ് റോളും ചെയ്തു.

ദുല്‍ഖറിനെ നായകനാക്കിയുള്ള 'ഒരു യമണ്ടന്‍ പ്രേമകഥ' എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ബിജു ജോസഫ്, സുനില്‍ കര്‍മ എന്നിവര്‍ 'ഒരു പഴയ ബോംബ് കഥ'യുമായി ബിബിനടുത്തെത്തുന്നത്. "അമര്‍ അക്ബര്‍ അന്തോണിയുടെ കഥകേട്ടശേഷം എന്റെ കൈയില്‍ ആദ്യമായി അഡ്വാന്‍സു തന്ന ആല്‍വിന്‍ ആന്റണി സാര്‍ പറഞ്ഞിട്ടാണ് അവര്‍ എത്തുന്നത്. എന്നെ മനസ്സില്‍ കണ്ടിട്ടായിരുന്നു അവര്‍ തിരക്കഥയെഴുതിയത്. ഷാഫി സാര്‍ സംവിധാനം ചെയ്യുമെന്നായതോടെ ആത്മവിശ്വാസമായി". 

ഒരു പഴയ ബോംബ് കഥയില്‍ ബിബിന്‍ പാട്ടും ഡാന്‍സും ആക്ഷനുമൊക്കെ ഗംഭീരമാക്കിയിട്ടുണ്ട്. പക്ഷേ ഓരോ സീനിലും വേദന കടിച്ചമര്‍ത്തിയായിരുന്നു അഭിനയം. ദിവസവും ഷൂട്ട് കഴിയുമ്പോള്‍ കാല്‍ നീരുവന്ന് വിങ്ങും. പഞ്ചകര്‍മ്മയില്‍നിന്നുള്ള സഹായിയെക്കൊണ്ട് തിരുമ്മിയശേഷമാണ് സെറ്റിലെത്തിയിരുന്നത്. എല്ലാ വേദനകളും ജൂലൈ 20 ന് ബിബിന്‍ മറന്നു. 'ഒരു പഴയ ബോംബ് കഥ' റിലീസായ ദിവസം. അന്നാണ് ബിബിന്‍ ഏറ്റവും വേദനിച്ചതും. തന്റെ ഉയര്‍ച്ചയ്ക്കുവേണ്ടി സ്വപ്‌നം കണ്ട, പ്രാര്‍ത്ഥിച്ച അപ്പച്ചന്‍ ഒപ്പമില്ലെന്ന തിരിച്ചറിവ് ആ കണ്ണുകള്‍ നനയിച്ചു.

ബിബിന്‍ ജോര്‍ജ് എന്ന ചെറുപ്പക്കാരന്‍ പോരാടാനുറച്ചുതന്നെയാണ്. ബിബിന്റെ ജീവിതം ഒരുപാടുപേര്‍ക്ക് പ്രേരണയാണ്. അതേ, ബിബിന്‍ നായകനാണ്. വിധിയോട് പടപൊരുതിയ യഥാര്‍ത്ഥ നായകന്‍.

rajajnb@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.