കായംകുളം കൊച്ചുണ്ണി എത്തുന്നു

Sunday 29 July 2018 3:29 am IST

ഒരു കാലഘട്ടത്തിലെ ജനജീവിതത്തില്‍ തിളങ്ങിനില്‍ക്കുന്ന ഒരു കള്ളന്‍- കായംകുളം കൊച്ചുണ്ണി. കൊച്ചുണ്ണി അന്നും ഇന്നും കേരളീയരുടെ കഥകള്‍ക്കൊപ്പമുണ്ട്. കെട്ടുകഥയല്ല, ജീവിതംതന്നെ. കൊച്ചുണ്ണിയെക്കുറിച്ച് ആര്‍ക്കും അറിയാത്ത ഒരു രഹസ്യത്തിന്റെ അകത്തളത്തിലേക്ക് ക്യാമറയുമായി ചെല്ലുന്ന സിനിമ ഒരുങ്ങുന്നു. 'കായംകുളം കൊച്ചുണ്ണി' എന്നുതന്നെയാണ് പേര്. അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രമാണ് 'കായംകുളം കൊച്ചുണ്ണി.' വിജയചിത്രങ്ങളാല്‍ അനുഗൃഹീതനായ യുവനടന്‍ നിവിന്‍പോളിയാണ് കായംകുളം കൊച്ചുണ്ണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇത്തിക്കര പക്കിയായി വേഷമിടുന്നത് സൂപ്പര്‍താരം മോഹന്‍ലാല്‍.

കായംകുളം കൊച്ചുണ്ണിയെ ദൃശ്യവല്‍ക്കരിക്കാന്‍  ക്രിയേറ്റീവ് മീറ്റിങ് തന്നെ സംഘടിപ്പിച്ചു. മലയാളത്തില്‍ ഇത്തരത്തില്‍ ഒരു ക്രിയേറ്റീവ് ടീം ഉണ്ടാകുന്നത് ആദ്യമാണ്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് 'കായംകുളം കൊച്ചുണ്ണി' നിര്‍മിക്കുന്നത്.

എവിടെ, എപ്പോള്‍, എങ്ങനെയെല്ലാം ഷൂട്ട് ചെയ്യാം, മേക്കപ്പ്, കോസ്റ്റ്യൂം  എങ്ങനെയായിരിക്കണം എന്നൊക്കെയുള്ള കാര്യങ്ങള്‍ക്ക് അന്തിമ തീരുമാനം കൈക്കൊള്ളാനും കൃത്യസമയത്തുതന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാനും സാധിച്ചു. കൊച്ചി, മാംഗ്ലൂര്‍, ഉഡുപ്പി, കഡബ, ഗോവ, പാലക്കാട്, ശ്രീലങ്ക എന്നിവിടങ്ങളിലായാണ് മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം പൂര്‍ത്തിയായത്. 

സണ്ണി വെയ്ന്‍, ബാബു ആന്റണി, സുധീര്‍ കരമന, സുദേവ്, മണികണ്ഠന്‍, സിദ്ധാര്‍ത്ഥ് ശിവ, ജൂഡ് ആന്റണി, ഷൈന്‍ ടോം, പത്മരാജന്‍ രതീഷ്, മുകുന്ദന്‍, മാമുക്കോയ, സുനല്‍ സുഖ, സാദിഖ്, ഇടവേള ബാബു എന്നിങ്ങനെ മലയാളത്തിലെ നടീനടന്മാരും വിദേശികളും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

ബോബി സഞ്ജയാണ് തിരക്കഥ, സംഭാഷണം. ക്യാമറ ബിന്‍ പ്രധാന്‍. ഷോബിന്‍ കണ്ണങ്ങാട്ട്, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. ഓണത്തിന് 'കായംകുളം കൊച്ചുണ്ണി' തിയേറ്ററിലെത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.