പണമുണ്ടാക്കാന്‍ പച്ചമുളക്

Sunday 29 July 2018 3:35 am IST

പച്ചമുളകില്ലാത്ത അടുക്കള സങ്കല്‍പിക്കാന്‍ കഴിയുമോ? എന്നാല്‍പ്പിന്നെ ഓരോ കുടുംബത്തിലേക്കും ആവശ്യമുള്ളത് കൃഷി ചെയ്താലോ. വലിയ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ കൃഷി ചെയ്യാവുന്ന ഒന്നാണ് പച്ചമുളക്. മാത്രമല്ല, രാസവസ്തുക്കളുടെ ഉപയോഗം മറ്റുപച്ചക്കറികളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ഏറെ കൂടുതലാണ് പച്ചമുളകിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഴ്ചയില്‍ ഒരു തൈയില്‍നിന്ന് 200 ഗ്രാം പച്ചമുളക് കിട്ടിയാല്‍ കാര്യങ്ങള്‍ ലാവിഷായി. 

കറികള്‍ക്ക് എരിവ് പകരുന്നതിനു പുറമെ ഉയര്‍ന്ന തോതില്‍ ജീവകം 'എ'യും, ജീവകം 'സി'യും ഇതില്‍ അടങ്ങിയിട്ടുണ്ട്. മുളകിന് എരിവുരസം നല്‍കുന്നത് 'കാപ്‌സെസിന്‍' എന്ന രാസവസ്തുവാണ്.

പ്രധാന പച്ചമുളക് ഇനങ്ങള്‍:

ഉജ്ജ്വല, അനുഗ്രഹ, ജ്വാലാമുഖി, ജ്വാലാസഖി, വെള്ളായണി അതുല്യ, കാന്താരിമുളക്, മാലിമുളക് എന്നിവയാണ് പ്രധാന ഇനങ്ങള്‍.  എങ്കിലും ഉജ്ജ്വലയാണ് പച്ചമുളകിലെ താരം.

കൃഷി ചെയ്യേണ്ട വിധം:  

വിത്ത് പാകി മുളപ്പിച്ചാണ് പച്ചമുളക് കൃഷി ചെയ്യുക. വിത്ത് എങ്ങനെ ലഭിക്കും എന്നോര്‍ത്ത് വിഷമിക്കേണ്ട. വീട്ടിലുള്ള ഉണക്ക മുളകില്‍ നല്ലത് നോക്കി എടുത്ത് അരികള്‍ പാകാം. പാകുന്നതിനു മുന്‍പ് അരമണിക്കൂര്‍ വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടുവച്ചാല്‍ നല്ലത്. വിത്തുകള്‍ വേഗം മുളയ്ക്കാനും രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും.

മെയ് മാസം ആണ് പച്ചമുളക് കൃഷിക്ക് ഏറ്റവും അനുയോജ്യം. മെയ്- ജൂണ്‍ , ആഗസ്റ്റ്- സെപ്റ്റംബര്‍ , ഡിസംബര്‍-ജനുവരി ആണ് കൃഷി ചെയ്യാന്‍ ഏറ്റവും ഉത്തമം.

മണ്ണില്‍ വിത്തുകള്‍ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്നു ആഴ്ച പാകമായാല്‍ പറിച്ചു നടണം. ഒരു സെന്റ് സ്ഥലത്തേക്ക് മുളക് നടുന്നതിനായി നാല് ഗ്രാം വിത്ത് ആവശ്യമാണ്. വാരങ്ങള്‍ തമ്മില്‍ രണ്ടടിയും ചെടികള്‍ തമ്മില്‍ ഒന്നരയടിയും ഇടയകലം നല്‍കണം. 

ടെറസ് കൃഷി

ഇനി കൃഷി ടെറസില്‍ ആണെങ്കില്‍ ഗ്രോ ബാഗ് ആണ് നല്ലത്. പാകമാകുമ്പോള്‍ പറിച്ചു നടാം. മണ്ണും ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ഠം, ഉണങ്ങിയ കരിയില എന്നിവ ചേര്‍ത്താല്‍ ഗ്രോബാഗ് കൃഷിക്കുള്ള മിശ്രിതം റെഡി. ഇനി മണ്ണ് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ചകിരിച്ചോര്‍ ഉപയോഗിക്കാം. നടീല്‍ മിശ്രിതത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്താല്‍ ഉത്തമം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.