കൈകൊടുക്കേണ്ട കാടിൻ്റെ മകൻ

Sunday 29 July 2018 2:30 am IST
കഷ്ടപ്പാടുകള്‍ നീന്തിക്കടന്നെത്തിയ പരിക്ഷാ വിജയങ്ങള്‍ക്ക് ഇപ്പോള്‍ പുതുമയില്ല. ഇതിലൊന്നല്ല വിനോദിന്റേത്. പലരേയുംപോലെ കാടിന്റെയും ഗുഹയുടെയും അന്ധകാരത്തില്‍ ഒതുങ്ങിപ്പോകുമായിരുന്ന ഒരുജീവിതം വെളിച്ചത്തിന്റെയും വിജ്ഞാനത്തിന്റെയും ലോകത്തേക്ക് വന്നതുതന്നെ അദ്ഭുതം. അക്ഷരങ്ങള്‍ അന്യമായ ഒരു ഗോത്രവിഭാഗത്തിന്റെ ഭാഗമായിരുന്ന ഈ യുവാവ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തരബിരുദം നേടി ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്.

ചരിത്രത്തിന്റെ ഭാഗമാകുകയാണ് വിനോദ് എന്ന പേര്. വനവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഈ പേര് അല്‍പം മോഡേണാണ്. അവന് ഇങ്ങനെയൊരു പേര് നല്‍കാന്‍ ആ അച്ഛനെയും അമ്മയേയും പ്രേരിപ്പിച്ചത് എന്താകും? അത്തരമൊരു ചിന്തയ്‌ക്കൊന്നും ഇവിടെ പ്രസക്തിയില്ല, കാരണം വിനോദ് ഇന്ന് അതിനെല്ലാം മുകളിലാണ്. ചോലനായ്ക്ക വിഭാഗത്തില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഈ മിടുക്കന്‍ ലോകത്തിന് മുന്നില്‍ ചരിത്രവും സൃഷ്ടിച്ചിരിക്കുകയാണ്. വിനോദിന്റെ ജാതി പറഞ്ഞതില്‍ ആരും പരിഭവം വിചാരിക്കേണ്ട. കാരണം അത്രത്തോളം പ്രസക്തി അതിനുണ്ട്. അവനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് മുമ്പ് ചോലനായ്ക്കര്‍ എന്താണെന്ന് നോക്കാം.

$ചോലനായ്ക്കരെ അറിയുക

ലോകത്തില്‍തന്നെ വിരളമായ ആദിവാസി ഗോത്രവര്‍ഗ്ഗക്കാരാണ് ചോലനായ്ക്കര്‍ അഥവാ ചോലനായ്ക്കന്‍. കാട്ടുനായ്ക്കര്‍ എന്നും വിളിക്കുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ വനപ്രദേശത്ത് വസിക്കുന്ന ആദിവാസി വിഭാഗമാണ് ഇവര്‍. കേരളത്തിലെ ഏറ്റവും വിരളമായ അഞ്ച് പ്രാക്തന ആദിവാസി വര്‍ഗത്തിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന നെടുങ്കയം, കരുവാരക്കുണ്ട്, കാളികാവ് വനമേഖലകളിലെ ഗുഹകളായിരുന്നു പ്രധാനമായും ഇവരുടെ വാസസ്ഥലം. മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി സര്‍ക്കാരുകള്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയെങ്കിലും ഇവരില്‍ പലരും അളകൡലേക്ക് തന്നെ മടങ്ങി. ആദിദ്രാവിഡ ഭാഷയുടെ വകഭേദമായ ചോലനായ്ക്കന്‍ ഭാഷയിലാണ് ഇവര്‍ സംസാരിക്കുന്നത്. എഴുത്തുവിദ്യ പോലും വശമില്ലാത്തവര്‍

സൈബര്‍ യുഗത്തില്‍ ജീവിക്കുന്നവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ജീവിതരീതിയാണ് ചോലനായ്ക്കരുടേത്. കാടിന്റെ സൗന്ദര്യമാണെങ്കിലും മിക്കപ്പോഴും അവര്‍ അവഗണിക്കപ്പെട്ടിരുന്നു. മനുഷ്യരാണെന്ന പരിഗണന നല്‍കാന്‍പോലും ആധുനിക പൊതുസമൂഹം തയ്യാറായിരുന്നില്ല. ഒരുപാട് വെല്ലുവിളികളെ തരണംചെയ്താണ് അവര്‍ ജീവിക്കുന്നത്. ഇന്ന് വംശനാശ ഭീഷണിയിലേക്ക് ഈ വിഭാഗം എത്തിപ്പെടാന്‍ കാരണവും നമ്മള്‍ ഓരോരുത്തരുമാണ്. പക്ഷേ അവര്‍ക്ക് ആരോടും വെറുപ്പില്ല, പകയില്ല. നല്ലതും ചീത്തയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന കാടിന്റെ മനസ്സാണ് അവര്‍ക്കും. 

അവഗണനയുടെ കൂരമ്പുകള്‍ ഒരുപാട് ഏറ്റുവാങ്ങിയവരുടെ കൂട്ടത്തില്‍ നിന്നാണ് വിനോദിന്റെ വരവ്. അതാകട്ടെ പലരും സ്വപ്‌നം കാണുന്ന കൊച്ചിന്‍ യൂണിവേഴ്‌സിറ്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും സ്വന്തമാക്കിക്കൊണ്ട്. മുഴുവന്‍ വനവാസി വിഭാഗങ്ങള്‍ക്കും പ്രോത്സാഹനവും പൊതുസമൂഹത്തിന് മറുപടിയുമായി മാറുകയാണ് ഈ മിടുക്കന്‍.

$സ്‌കൂളിലെത്തിച്ച പഴക്കൊതി

പഠിക്കണമെന്ന് ചെറുപ്പം മുതല്‍ ആഗ്രഹമുണ്ടായിരുന്നോ? ഇല്ലെന്നാണ് വിനോദിന്റെ ഒറ്റവാക്കിലുള്ള മറുപടി. അറിയില്ലായിരുന്നു വിദ്യാഭ്യാസത്തിന് മനുഷ്യ ജീവിതത്തിലുള്ള പ്രസക്തി. പക്ഷേ അത് തിരിച്ചറിഞ്ഞത് മുതല്‍ വല്ലാത്തൊരു കൊതിയായിരുന്നു. കൂടുതല്‍ പഠിക്കാന്‍ ആഗ്രഹം ആവേശമായി മാറി. 'കിര്‍ത്താഡ്‌സ്' ഉദ്യോഗസ്ഥര്‍ പഴം നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് ആദ്യം സ്‌കൂളിലെത്തിച്ചത്. 

നിലമ്പൂര്‍ ഉള്‍വനത്തിലെ മാഞ്ചേരി കോളനിയിലെ മണ്ണള ചെല്ലന്റെയും വിജയയുടെയും എട്ട് മക്കളില്‍ മൂന്നാമനാണ് വിനോദ്. മാഞ്ചീരിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ പാണപ്പുഴയിലാണ് കുടുംബം താമസിക്കുന്നത്. നേരത്തേ എട്ട് കിലോമീറ്റര്‍ അകലെ മക്കിബാരി അളയിലായിരുന്നു താമസം. പഴങ്ങളോടുള്ള പ്രിയം തന്നെ ഒരു എംഎക്കാരനാക്കി മാറ്റുമെന്ന് കുഞ്ഞുവിനോദ് ഒരിക്കലും വിചാരിച്ചിരുന്നില്ല. തങ്ങളുടെ ഭാഷമാത്രം പറഞ്ഞ് ശീലിച്ച അവന് മലയാളം ആദ്യം വെല്ലുവിളി സൃഷ്ടിച്ചു. പക്ഷേ എല്ലാം പെട്ടെന്ന് ഗ്രഹിക്കാനുള്ള അവന്റെ കഴിവിന് മുന്നില്‍ മലയാളം തോല്‍വി സമ്മതിച്ചു. ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആയിരുന്നു ഒന്നു മുതല്‍ പത്തുവരെയുള്ള പഠനം. മികച്ച മാര്‍ക്കോടെ എസ്എസ്എല്‍സി പൂര്‍ത്തിയാക്കി. വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം.

$തലവര മാറ്റിയത് മൂവര്‍ സംഘം

വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുമായിരുന്ന വിനോദിനെ വിദ്യയുടെ മായാലോകത്തേക്ക് തള്ളിവിട്ടത് മൂന്നുപേര്‍ ചേര്‍ന്നാണ്. കാടിന്റെ സൗന്ദര്യം ആവോളം അനുഭവിച്ചിട്ടുണ്ട് അവന്‍. പക്ഷേ ഒരിക്കലും നാടിനെ അറിയുമെന്ന് കരുതിയതല്ല. വലിയ കാര്യങ്ങള്‍ ചിന്തിക്കാന്‍, കാണാന്‍, കേള്‍ക്കാന്‍, അനുഭവിക്കാന്‍ ശീലിപ്പിച്ചവരെ നന്ദിയോടെ ഓര്‍മ്മിക്കുകയാണ് വിനോദ്. ധാരാളം പേര്‍ സഹായിച്ചിട്ടുണ്ടെങ്കിലും മൂന്നുപേരുകള്‍ മനസ്സിലെ ശ്രീകോവിലില്‍ ഇടംനേടിക്കഴിഞ്ഞു. അദ്ധ്യാപകരായ അമീറയും ഉണ്ണികൃഷ്ണനും പിന്നെ രക്ഷകനായി അവതരിച്ച കെ.ആര്‍.ഭാസ്‌കരപിള്ളയും. 

സാമൂഹ്യപ്രവര്‍ത്തകനും പാലേമാട് വിവേകാനന്ദ പഠനകേന്ദ്രം അധിപനുമായ കെ.ആര്‍.ഭാസ്‌കരപിള്ള 2012-ല്‍ മാഞ്ചീരി കോളനിയിലെത്തിയപ്പോഴാണ് വിനോദിനെ ആദ്യമായി കാണുന്നത്. അന്ന് അവന്‍ പ്ലസ്ടുവിന് പഠിക്കുകയായിരുന്നു. 'പിള്ള സാറേ ഇവന്‍ മിടുക്കനായിട്ട് പഠിക്കും' എന്നുപറഞ്ഞ് പരിചയപ്പെടുത്തിയത് നിലമ്പൂരിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകരിലൊരാളാണ്. 'നീ പ്ലസ്ടു ജയിച്ചാല്‍, എന്റെ കോളേജില്‍ നിനക്ക് ഞാന്‍ സീറ്റ് തരാം.' അവന്‍ ജയിച്ചു. ഭാസ്‌കരപിള്ള വാക്കും പാലിച്ചു. മാത്രമല്ല തന്റെ വീട്ടില്‍ താമസിപ്പിച്ചാണ് വിനോദിനെ അദ്ദേഹം പഠിപ്പിച്ചത്. അന്നു മുതല്‍ അവന്റെ രക്ഷിതാക്കളാണ് ഭാസ്‌കരപിള്ളയും ഭാര്യ സുമതിക്കുട്ടിയമ്മയും. ജാതിക്കോമരങ്ങള്‍ നടമാടുന്ന കാലത്ത് ചോലനായ്ക്ക വിഭാഗത്തിലെ കുട്ടിയെ സ്വന്തം മകനെപ്പോലെ സ്‌നേഹിക്കുന്ന ഈ വൃദ്ധദമ്പതികള്‍ സമൂഹത്തിന് മാതൃകയാണ്.

ബിരുദ പഠന കാലയളവില്‍ കൈത്താങ്ങായിരുന്നു അദ്ധ്യാപിക അമീറ. പഠനസംബന്ധവും വ്യക്തിപരവുമായ കാര്യങ്ങള്‍ തുറന്നുപറയാന്‍ കഴിയുന്ന ഒരു നല്ല സുഹൃത്തായിരുന്നു ടീച്ചര്‍. അമീറാ മിസ്സിന്റെ സ്‌നേഹോപദേശങ്ങള്‍ തനിക്കൊരു ഊര്‍ജ്ജമായിരുന്നെന്ന് വിനോദ് ഓര്‍മ്മിക്കുന്നു.

ഉണ്ണികൃഷ്ണന്‍ മാഷാണ് കുസാറ്റിലേക്കുള്ള വഴി തുറന്നത്. എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ നിര്‍ദ്ദേശിച്ചതും, പ്രവേശനം ലഭിച്ചപ്പോള്‍ രക്ഷിതാവിന്റെ സ്ഥാനത്തുനിന്ന് കോളേജില്‍ കൂടെ വന്നതും ഉണ്ണി മാഷായിരുന്നു. ഈ വിജയം ഇവര്‍ക്കെല്ലാം അവകാശപ്പെട്ടതാണ്. ഇപ്പോഴും സ്വന്തം മകനെപ്പോലെ സ്‌നേഹിക്കുന്ന അവന്‍ അമ്മേയെന്ന് വിളിക്കുന്ന പിള്ള സാറിന്റെ ഭാര്യ സുമതിക്കുട്ടിയമ്മയുടെ പരിചരണമാണ് വിനോദിനെ മുന്നോട്ട് നയിക്കുന്ന മറ്റൊരു ശക്തി.

$അടുത്ത ലക്ഷ്യം പിഎച്ച്ഡി 

മാഞ്ചീരി കോളനിയില്‍നിന്ന് ഇതുവരെയെത്തിയ വിനോദിന്റെ അടുത്ത ലക്ഷ്യം പിഎച്ച്ഡിയാണ്. പക്ഷേ അതിന് മുന്‍പ് ഒരു സര്‍ക്കാര്‍ ജോലി സമ്പാദിക്കണം. സ്വയം അദ്ധ്വാനിക്കുന്ന പണം കൊണ്ടുവേണം ഇനി പഠിക്കാന്‍. അതുപോലെ തന്റെ വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണം. വിദ്യാസമ്പന്നനായ താനല്ലാതെ അവര്‍ക്ക് മറ്റാരുണ്ട്. അത് ചോദിക്കുമ്പോള്‍ അവന്റെ കണ്ണില്‍ നിഷ്‌കളങ്കതയുടെ തിരയിളക്കം. മാഞ്ചീരി കോളനിയിലെ എല്ലാ കുട്ടികള്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കണം. വിദ്യാഭ്യാസത്തിന്റെ പ്രസക്തി അവരെ പഠിപ്പിക്കണം. അറിവുള്ള തലമുറയ്ക്ക് മാത്രമേ ചരിത്രത്തിന്റെ ഭാഗമാകാന്‍ കഴിയൂയെന്ന് അവരെ ബോധ്യപ്പെടുത്തണം. വലിയൊരു ഉത്തരവാദിത്വമാണെന്ന് അറിയാം, പക്ഷേ അതിന് വേണ്ടിയായിരിക്കും ഇനിയുള്ള തന്റെ ജീവിതം. അവന്റെ ഉറച്ച വാക്കുകള്‍ മാറ്റത്തിന്റെ സൂചനയാണ്.

$ഭാസ്‌കരപിള്ളയ്ക്കും പറയാനുണ്ട്

കുപ്പയിലെ മാണിക്യമെന്ന് വിനോദിനെ വിശേഷിപ്പിക്കുന്നവരോട് ഭാസ്‌കരപിള്ളയ്ക്കും ചിലത് പറയാനുണ്ട്. കുപ്പയില്‍ നിന്നല്ല അവന്റെ വരവെന്ന് പൊതുസമൂഹം ആദ്യം മനസ്സിലാക്കണം. ഭൂമിയുടെതന്നെ സൗന്ദര്യമാണ് ആദിവാസികള്‍, അതിലുപരി അവരും മനുഷ്യരാണ്. നന്മയില്‍ വിരിഞ്ഞ മാണിക്യം തന്നെയാണ് അവന്‍. മാറിമാറി വന്ന സര്‍ക്കാരുകളാണ് ആദിവാസികളെ നശിപ്പിച്ചത്. അവരുടെ ക്ഷേമത്തിനായി കോടികള്‍ ചെലവാക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും ആദിവാസികള്‍ രക്ഷപ്പെടണമെന്ന് അധികാരികള്‍ക്ക് ആഗ്രഹമില്ല. വെറും വോട്ട് ചെയ്യുന്ന ഉപകരണമായി അവരെ കാണാനാണ് അധികാര വര്‍ഗ്ഗത്തിന് ഇഷ്ടം. വിനോദിന്റെ തുടര്‍ പഠനങ്ങള്‍ക്ക് സാമ്പത്തികമായി ഒരു സഹായവും സര്‍ക്കാര്‍ ചെയ്യേണ്ടതില്ല. അവന് എത്രത്തോളം പഠിക്കണോ അതിനുള്ള എല്ലാ സഹായവും നല്‍കുമെന്ന് ഭാസ്‌കരപിള്ള പറയുന്നു. പക്ഷേ ജോലി നല്‍കേണ്ടത് സര്‍ക്കാരാണ്. വനവാസി വിഭാഗത്തില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിനോദിന് നല്ലൊരു ജോലി നല്‍കാന്‍ സര്‍ക്കാരും അവനെ പ്രോത്സാഹിപ്പിക്കാന്‍ പൊതുസമൂഹവും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

സരുണ്‍ പുല്‍പ്പള്ളി

sarunpulpally@gnail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.