പുനർജനിക്കുന്ന പുണ്യാശ്രമം

Sunday 29 July 2018 2:33 am IST

ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമത്തിന് പുനര്‍ജ്ജന്മം. സംന്യാസിമാരുടെയും ആത്മസാക്ഷാത്ക്കാരം നേടിയ പുണ്യാത്മാക്കളുടെയും പാദസ്പര്‍ശമേറ്റ മണ്ണില്‍ നീണ്ട ഇടവേളയ്ക്കുശേഷം തത്ത്വബോധത്തിന്റെ തിരിച്ചറിവിന് പശ്ചാത്തലമൊരുങ്ങുന്നു. കേരളത്തിലെ ആദ്യത്തെ ശ്രീരാമകൃഷ്ണാശ്രമത്തില്‍ വീണ്ടും ആദ്ധ്യാത്മിക വിപ്ലവം. 

ആറര പതിറ്റാണ്ട് ആത്മസാക്ഷാത്ക്കാരത്തിന്റെ മുന്നൊരുക്കം മനുഷ്യ മനസ്സുകളിലേക്ക് പകര്‍ന്നുനല്‍കിയ ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമം പിന്നീട് മൂന്ന് പതിറ്റാണ്ട് മൂകമായിരുന്നു. പുണ്യാത്മാക്കളുടെ പ്രാര്‍ത്ഥനയും പരിശ്രമവും ഇപ്പോള്‍ ആശ്രമത്തിന് പുതുജീവന്‍ നല്‍കിയിരിക്കുകയാണ്. 

കല്‍ക്കത്തയിലെ ബേലൂര്‍ മഠത്തിന്റെ ശാഖയായിട്ടാണ് 1912-ല്‍ ഹരിപ്പാട്ട് ആശ്രമം സ്ഥാപിക്കുന്നത്. ഹരിപ്പാട് പുന്നൂര്‍ മഠത്തിലെ വെങ്കിടകൃഷ്ണന്‍ നല്‍കിയ സ്ഥലത്താണ് ആശ്രമം ഉയര്‍ന്നത്. നെല്‍വയലുകളുടെ സാമീപ്യത്തില്‍ ഫലവൃക്ഷങ്ങള്‍ കൊണ്ട് സമൃദ്ധമായ വിശാലമായ മണ്ണിലാണ് ആശ്രമം പിറന്നുവീണത്. 

ആയിത്തവും അനാചാരങ്ങളും കൊടികുത്തിവാണിരുന്ന പശ്ചാത്തലത്തില്‍ പന്തിഭോജനങ്ങളും സത്സംഗങ്ങളും നിറഞ്ഞുനിന്ന ആശ്രമത്തിന്റെ അന്തരീക്ഷം മനുഷ്യരെ ഈശ്വരനിലേക്ക് അടുപ്പിച്ചു. നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കാന്‍ സംന്യാസിമാര്‍ ജനങ്ങളെ പഠിപ്പിച്ചു. 

നിര്‍മ്മലാനന്ദസ്വാമിയാണ് ആശ്രമം സ്ഥാപിച്ചത്. കല്‍ക്കത്ത ശ്രീരാമകൃഷ്ണാശ്രമത്തില്‍ നിന്നുമെത്തിയ ബ്രഹ്മാനന്ദസ്വാമിയാണ് ആശ്രമം ഉദ്ഘാടനം ചെയ്തത്. ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനായിരുന്നു അദ്ദേഹം. പതിനെട്ടുപേര്‍ക്ക് ഹരിപ്പാട്ട് സ്വാമികള്‍ സംന്യാസം നല്‍കി. അവരില്‍നിന്നും ഭക്തരിലേക്ക് സച്ചിദാനന്ദത്തിന്റെ മാധുര്യവും ഗന്ധവും പരന്നൊഴുകി. 

നിര്‍മ്മാലനന്ദ സ്വാമികളും ബേലൂര്‍ മഠത്തിലെ അധികാരികളും തമ്മിലുണ്ടായ തര്‍ക്കം ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമത്തെയും ബാധിച്ചു. നിര്‍മ്മലാനന്ദസ്വാമി ബേലൂര്‍ മഠത്തില്‍നിന്ന് മാറി നിര്‍മ്മലാനന്ദ മണ്ഡലം സ്ഥാപിച്ചു. ഹരിപ്പാട് ആശ്രമവും നിര്‍മ്മലാനന്ദ മണ്ഡലത്തിന് കീഴിലായി. കേരളത്തിലെ മറ്റ് ആശ്രമങ്ങളുംകൂടി ഉള്‍പ്പെടുത്തി ഒറ്റപ്പാലത്ത് ഇവയുടെ ആസ്ഥാനവുമുണ്ടായി.

ഭജനകളും സത്സംഗങ്ങളുംകൊണ്ട് തത്ത്വമസിയുടെ പൊരുള്‍ മനുഷ്യഹൃദയത്തിലേക്ക് ആവാഹിക്കാന്‍ പര്യാപ്തമായ ഹരിപ്പാട് ആശ്രമത്തിന്റെ പ്രവര്‍ത്തനം ജാതിയെ ഇല്ലായ്മ ചെയ്യുന്നതിലും വ്യാപിപ്പിച്ചു. മനുഷ്യനെ ഒന്നായിക്കാണാനുള്ള സന്ദേശം പെയ്തിറങ്ങുന്ന മിശ്രഭോജനം ഹരിപ്പാട് ആശ്രമത്തിന്റെ മുഖമുദ്രയായിരുന്നു. പി. ശേഷാദ്രി അയ്യര്‍, ചിത്സുഖാനന്ദസ്വാമി, ചിത്പ്രദാനന്ദ സ്വാമി എന്നിവരുടെ കാലത്ത് ആശ്രമം അത്യുന്നതിയിലെത്തി. 

1977 ആയപ്പോഴേയ്ക്കും ആശ്രമത്തിന്റെ പ്രഭാവം നഷ്ടപ്പെടാന്‍ തുടങ്ങി. ആശ്രമത്തിന്റെ ഭരണകാര്യത്തില്‍ സംന്യാസിമാരും നാട്ടുകാരും തമ്മില്‍ തര്‍ക്കമായി. നാട്ടുകാര്‍ ഭരണം ഏറ്റെടുത്തു. പിന്നീട് ഭരണം ആശ്രമം തിരിച്ചുപിടിച്ചെങ്കിലും അധികനാള്‍ തുടരാനായില്ല. 1978-ല്‍ ആശ്രമം പോലീസ് കസ്റ്റഡിയിലായി. ഇടയ്ക്കിടെ പൂജകളും സത്സംഗങ്ങളും നടത്താന്‍ പോലീസ് ഒറ്റപ്പാലത്തുനിന്നുമെത്തുന്ന സ്വാമിമാര്‍ക്ക് അനുവാദം നല്‍കി. 1982-ല്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചു. 

ആശ്രമം അനാഥമായി. ആശ്രമത്തിന് കീഴിലുള്ള നെല്‍വയലുകളില്‍ കൃഷി നിലച്ചു. കൊട്ടാരസദൃശമായ ആശ്രമം തകരാന്‍ തുടങ്ങി. ആശ്രമത്തിലെ വിലകൂടിയ ഉപകരണങ്ങളും പാത്രങ്ങളും നഷ്ടപ്പെട്ടു. ഗതകാല സ്മരണകള്‍ അവശേഷിപ്പിച്ച് ആശ്രമം നിലം പൊത്തി. ആത്മബോധത്തിന്റെ മാധുര്യം നുണഞ്ഞ പുണ്യാത്മാക്കള്‍ക്ക് ഹരിപ്പാട് ആശ്രമപ്രദേശം നൊമ്പരമായി. 

കോടതി വ്യവഹാരം 1980-ല്‍ തുടങ്ങി. 27 വര്‍ഷത്തിനുശേഷം കേരള ഹൈക്കോടതി ആശ്രമത്തിന്റെ കാര്യത്തില്‍ സുപ്രധാന ഉത്തരവിറക്കി. ഹരിപ്പാട് ആശ്രമം ശ്രീരാമകൃഷ്ണ മഠത്തിന് സ്വന്തമായി. 

കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റ് ഗോലോകാനന്ദസ്വാമിയാണ് മഠത്തിനുവേണ്ടി  ആശ്രമം ഏറ്റെടുത്തത്. വീരഭദ്രാനന്ദ, ദിവ്യാമൃതാനന്ദ, ബ്രഹ്മചാരി എന്നിവരാണ് ആശ്രമത്തിലെ ഇപ്പോഴത്തെ സ്വാമിമാര്‍.

ഓരോ വര്‍ഷവും ആറുലക്ഷം രൂപയുടെ സഹായം ആശ്രമത്തില്‍നിന്ന് പാവപ്പെട്ടവര്‍ക്കായി നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് നോട്ട്ബുക്ക്, യൂണിഫോം, പാവപ്പെട്ടവര്‍ക്ക് ധനസഹായം, വിധവകള്‍ക്ക് പെന്‍ഷന്‍, വസ്ത്രം, മരുന്ന്, അന്നദാനം എന്നിവയാണ് പ്രവര്‍ത്തനങ്ങള്‍. ആശ്രമത്തിന്റെ പുതിയ കെട്ടിടത്തിന് കഴിഞ്ഞ മെയ് രണ്ടിന് തറക്കല്ലിട്ടു.

 കെ.രാധാകൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.