ബ്രിക്‌സില്‍ തുറന്ന വിപണിക്ക് ആഹ്വാനം

Sunday 29 July 2018 2:35 am IST

ജൊഹന്നാസ്ബര്‍ഗ്: യുഎസ് സംരക്ഷണവാദത്തിനും ഏകപക്ഷീയ വാദത്തിനും തിരിച്ചടിയേകി ബ്രിക്‌സ് ഉച്ചകോടിക്ക് സമാപനം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധ ഭീഷണിയെ നേരിടാന്‍ തുറന്ന വിപണിയാണ് ബ്രിക്‌സ് രാജ്യങ്ങള്‍ ആഹ്വാനം ചെയ്തത്. 

ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ക്കനുസൃതമായി സുതാര്യവും വിവേചനമില്ലാത്ത, തുറന്ന ബഹുതല വാണിജ്യ സമ്പ്രദായമാണ് വേണ്ടത്. ഇത് മികച്ച വാണിജ്യ സാഹചര്യവും നല്‍കുമെന്ന് ബ്രിക്‌സ് ഉച്ചകോടിയിലെ അഞ്ചു നേതാക്കള്‍ പറഞ്ഞു. മാത്രമല്ല തുറന്ന വിപണിയുടെ പ്രാധാന്യം തിരിച്ചറിയുന്നുവെന്നും ആഗോളീകരണത്തിന്റെ നേട്ടങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും ലഭ്യമാക്കേണ്ടതുണ്ടെന്നും ഉച്ചകോടി അംഗീകരിച്ച പ്രസ്താവനയില്‍ പറയുന്നു. എല്ലാ ലോകവ്യാപാര സംഘടന അംഗങ്ങളും നിയമങ്ങള്‍ പാലിക്കണമെന്ന് ആഹ്വാനം ചെയ്തു. 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മറ്റു രാജ്യങ്ങള്‍ക്കുള്ള അസ്വാരസ്യമൊഴിവാന്‍ യുഎസ് നടത്തിയ ശ്രമങ്ങള്‍ക്കു ശേഷം നടന്ന ആദ്യ ഉച്ചകോടിയാണിത്. ലോക സമ്പദ് വ്യവസ്ഥിതിയില്‍ രണ്ടാംസ്ഥാനത്തുള്ള ചൈനയാണ് വ്യാപാര യുദ്ധമൊഴിവാക്കാന്‍ തുറന്ന വിപണി വേണമെന്ന ആവശ്യം ആദ്യമുയര്‍ത്തിയത്. ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ വ്യാപാരം നടത്തണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആവശ്യപ്പെട്ടു.

മാത്രമല്ല, പരസ്പരമുള്ള വ്യാപാരം ശക്തമാക്കുന്നതിനിടെ കടന്നാക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണമെന്നനും പുടിന്‍ സൂചിപ്പിച്ചു. രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ വിപുലവും ശക്തവുമാക്കാന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.