കശ്മീരില്‍ പോലീസുകാരനെ തട്ടിക്കൊണ്ടുപോയി

Sunday 29 July 2018 2:37 am IST

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും പോലീസുകാരനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. കിഴക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നിന്നാണ് ഷക്കീല്‍ അഹമ്മദ് ലോണ്‍ എന്നയാളെ തട്ടിക്കൊണ്ടുപോയത്. പോലീസില്‍  പാചകക്കാരനായിരുന്ന ഇയാള്‍ കഴിഞ്ഞ  രാത്രിയില്‍ ഒറ്റയ്ക്ക് ബന്ധുവിനെ കാണാനായി പുറപ്പെട്ടതാണ്.  ത്രാളില്‍ നിന്നും കാണാതാവുകയായിരുന്നെന്നാണ് ബന്ധുക്കള്‍ നല്‍കിയ വിവരം. ഇയാള്‍ക്കായി ജമ്മു കശ്മീര്‍ പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. 

ജൂലൈ 20 ന് മുഹമ്മദ് സലിം ഷാ എന്ന പോലീസ് കോണ്‍സ്റ്റബിളിനെ ഭീകരര്‍  കുല്‍ഗാമിലെ വീട്ടില്‍ നിന്ന്തട്ടിക്കൊണ്ടു പോയിരുന്നു. ഷായുടെ മൃതശരീരമാണ് പിന്നീട് ലഭിച്ചത്. സലീം ഷായെ തട്ടിക്കൊണ്ടുപോയ ഹിസ്ബുള്‍ മുജാഹിദീന്‍ ബന്ധമുള്ള ഭീകരരെ  സുരക്ഷാ സേന വധിച്ചിരുന്നു. ജൂലായ് അഞ്ചിന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ജവൈദ് ദാര്‍ എന്ന കോണ്‍സ്റ്റബിളിനെ അടുത്ത ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ജൂണില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ സൈനികന്‍ ഔറംഗസേബിന്റെ മൃതദേഹം ജൂണ്‍ 14 ന് ഗുസൂ പുല്‍വാമയില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. ഫെബ്രുവരി 25ന് ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് ഫസല്‍ ഹഖ് ഖുറേഷിയുടെ സൗരയിലുള്ള വീടിന് കാവല്‍ നില്‍ക്കവെ പോലീസ് കോണ്‍സ്റ്റബിളായ ഫറൂഖ് അഹമ്മദ് കൊല്ലപ്പെട്ടിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.