നീരവിന്റെ സ്വത്ത് പിഎന്‍ബിക്കും ആവശ്യപ്പെടാം: യുഎസ് കോടതി

Sunday 29 July 2018 2:40 am IST

ന്യൂദല്‍ഹി:  പിഎന്‍ബി വായ്പാ തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദിയുടെ യുഎസ്   ആസ്ഥാനമായുള്ള കമ്പനികള്‍ വില്‍ക്കുന്നതില്‍ പങ്കാളിത്തം വേണമെന്ന പിഎന്‍ബി യുടെ അവകാശവാദങ്ങള്‍ക്ക് ന്യൂയോര്‍ക്കിലെ പാപ്പരത്ത കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി നിയമസാധുത നല്‍കി. 

നീരവിനോടും കൂട്ടാളികളായ മിഹിര്‍ ബന്‍സാലി, രാഖി ബന്‍സാലി, അജയ്ഗാന്ധി, കുനാല്‍ പട്ടേല്‍ എന്നിവരോടും  വിചാരണയ്ക്ക് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.  കോടതി നിലപാട്, കേസിന് അനുകൂലമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.  കോടതിയില്‍ ഹാജരാകുന്നതിനോ അതല്ലെങ്കില്‍ അമേരിക്കന്‍ നിയമമനുസരിച്ചുള്ള ശിക്ഷ നേരിടുന്നതിനോ നീരവിനെ നിര്‍ബന്ധിതനാക്കുന്നതാണ് ഉത്തരവ്. വിജയ്മല്യയ്‌ക്കെതിരെയുള്ള നിയമക്കുരുക്കുകള്‍ മുറുക്കിയ യുകെ കോടതി നടപടിക്കു പിന്നാലെയാണ് ന്യൂയോര്‍ക്ക് കോടതിയുടെ ഈ നിര്‍ണായക ഉത്തരവ്. നീരവ് മോദി കോടതിയില്‍ ഹാജരാകുന്ന പക്ഷം കുറ്റവാളി കൈമാറ്റമുള്‍പ്പെടെയുള്ള നടപടികള്‍ക്ക് വേഗം കൂടും. 

നീരവിന്റെ സ്വത്തുക്കള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിനെ  കക്ഷി ചേര്‍ക്കണമെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം കഴിഞ്ഞ ഫെബ്രുവരി 26 ന്  ന്യൂയോര്‍ക്കിലെ കോടതിയോട് അപേക്ഷിച്ചിരുന്നു.

വായ്പാ തട്ടിപ്പിലെ മുഖ്യസൂത്രധാരനാണ്  നീരവിന്റെ കൂട്ടാളിയും ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ മിഹിര്‍ ബന്‍സാലി. രാഖി ബന്‍സാലി അദ്ദേഹത്തിന്റെ ഭാര്യയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.