പൊന്തന്‍പുഴയില്‍ കൈവശഭൂമിക്ക് പട്ടയം നല്‍കാതിരിക്കാന്‍ നീക്കം

Sunday 29 July 2018 2:43 am IST

കോട്ടയം: പൊന്തന്‍പുഴയില്‍ വര്‍ഷങ്ങളായി താമസമാക്കിയവരുടെ കൈവശഭൂമിക്ക് പട്ടയം കൊടുക്കാതെയിരിക്കാന്‍ വനമാഫിയയുടെ നീക്കം. പൊന്തന്‍പുഴ വനത്തിനായി അവകാശം ഉന്നയിക്കുന്ന സ്വകാര്യ വ്യക്തികള്‍ റവന്യു വകുപ്പുമായി ചേര്‍ന്നാണ് കൈവശക്കാരുടെ പ്രതീക്ഷകള്‍ തകിടംമറിക്കുന്നത്. റവന്യു രേഖകളില്‍ വനഭൂമിയും കൈവശക്കാരുടെ ഭൂമിയും ഒരേ സര്‍വ്വേ നമ്പറിലാണ് കിടക്കുന്നത്. ഈ പിശക് പരിഹരിക്കാന്‍ റവന്യു വകുപ്പ് തയ്യാറായിട്ടില്ല. വനത്തിനായി അവകാശം ഉന്നയിക്കുന്നവരുടെ താല്പര്യമാണ് ഇതിന് പിന്നില്‍. 

വനഭൂമിയും കൈവശ ഭൂമിയും ഒരുമിച്ച് കിടക്കുന്നതിനാല്‍ പട്ടയം അനുവദിക്കണമെങ്കില്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പൊന്തന്‍പുഴ വനത്തിന് ചുറ്റും താമസിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ പട്ടയത്തിനുള്ള അപേക്ഷകള്‍ റവന്യു വകുപ്പ് തള്ളുന്നത്. റീ സര്‍വ്വേ നടത്തി രണ്ട് ഭൂമിക്കും വ്യത്യസ്ത സര്‍വ്വേ നമ്പറുകള്‍ കൊടുത്ത്  പ്രശ്‌നം പരിഹരിക്കണമെന്നാണ് സാധാരണക്കാരായ കര്‍ഷകര്‍ ഉള്‍പ്പെട്ട കൈവശക്കാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് വനസംരക്ഷണ സമിതി നടത്തിവരുന്ന പ്രക്ഷോഭം 77 ദിവസം പിന്നിടുകയാണ്. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. 

ഒരേ നമ്പറില്‍ കിടക്കുന്നതിനാല്‍ 7,000 ഏക്കര്‍ വരുന്ന പൊന്തന്‍പുഴ വനത്തില്‍ കൈവശക്കാരുടെ ഭൂമിയും വനമാഫിയ ലക്ഷ്യം വയ്ക്കുന്നുണ്ട്. മാത്രമല്ല ഒരേ സര്‍വ്വേ നമ്പറില്‍ കിടക്കുന്നതിനാല്‍ കൈവശക്കാര്‍ക്ക് പട്ടയം കൊടുത്താല്‍ വനമാഫിയക്ക് വനത്തിന്മേലും അവകാശം ഉന്നയിക്കാം. റീസര്‍വ്വേ നടത്തി വ്യത്യസ്ത നമ്പറുകള്‍ വന്നാല്‍ വനമാഫിയയുടെ  ഈ ലക്ഷ്യം നടക്കില്ല. റീ സര്‍വ്വേ അട്ടിമറിക്കുന്നതിന് പിന്നിലുള്ള കാരണം ഇതാണെന്ന് സമരസമിതി സംശയിക്കുന്നു. 

പൊന്തന്‍പുഴ വനം സ്വകാര്യ വനമായി പ്രഖ്യാപനം വന്നതോടെ വന്‍തോതില്‍ പാറ ഖനനത്തിന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നിലും ഈ മാഫിയകളുടെ സ്വാധീനമുണ്ടായിരുന്നു. ജിയോളജി വകുപ്പിലെ ഉന്നതര്‍ ഇതിന് കൂട്ട് നിന്നെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാ ജിയോളജിസ്റ്റിന്റെ പക്കല്‍ നിന്ന് വിജിലന്‍സ് സംഘം കണക്കില്‍പ്പെടാത്ത ലക്ഷങ്ങളാണ് കണ്ടെടുത്തത്. വനമാഫിയയെ സഹായിക്കാന്‍ റവന്യു, ജിയോളജി വകുപ്പുകള്‍ വഴിവിട്ട് പ്രവര്‍ത്തിച്ചതായി വ്യാപക ആരോപണമുണ്ട്. ഇത് കൂടാതെ സ്വകാര്യ വനമായി പ്രഖ്യാപിച്ചതിനെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കിയെങ്കിലും വനത്തിനായി അവകാശം ഉന്നയിക്കുന്ന സ്വകാര്യ വ്യക്തികളുടെ വാദങ്ങളെ ഖണ്ഡിക്കാന്‍ തക്ക തെളിവുകളും രേഖകളും ശേഖരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതും സംശയങ്ങള്‍ ഉണ്ടാക്കുന്നു.  

സ്വന്തം ലേഖകന്‍ 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.