ചരക്കുലോറി സമരം അവസാനിച്ചു

Sunday 29 July 2018 2:44 am IST

ബെംഗളൂരു: എട്ടു ദിവസം നീണ്ട ലോറി സമരം അവസാനിച്ചു. വെള്ളിയാഴ്ച രാത്രി കേന്ദ്ര ഗതാഗത - ഹൈവേ മന്ത്രാലയവും ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാസ്‌പോര്‍ട്ട് കോണ്‍ഗ്രസും(എഐഎംടിസി) തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. സംഘടനാ പ്രതിനിധികളുമായി ഇതിനു മുമ്പും പല ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. സമരക്കാരുടെ ആവശ്യം അംഗീകരിക്കാമെന്നും ഇതിനായി വകുപ്പുസെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതലസമിതി ഉണ്ടാക്കാമെന്നും ഉറപ്പു നല്‍കിയതോടെയാണ് സമരം ഒത്തുതീര്‍പ്പായത്. 

സമരം അവസാനിച്ചതായി കേന്ദ്ര ഗതാഗത- ഹൈവേ മന്ത്രാലയവും എഐഎംടിസിയും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ)യും ചേര്‍ന്ന് സംയുക്തമായാണ് പ്രസ്താവന ഇറക്കിയത്. സമരത്തില്‍ കത്തിനിന്ന തേര്‍ഡ് പാര്‍ട്ടി പ്രീമിയവുമായി ബന്ധപ്പെട്ട പ്രശ്‌നം ശനിയാഴ്ച ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന ഉറപ്പാണ് സമരം അവസാനിക്കാനുള്ള പ്രധാന കാരണം. 

വിനോദസഞ്ചാര വാഹനങ്ങള്‍ക്കുള്ള ദേശീയ പെര്‍മിറ്റ് സ്‌കീമിനും ചര്‍ച്ചയില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.  ഇ-ബില്‍ നടപ്പാക്കല്‍, ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ ഉള്‍പ്പെടെ പരിഹരിക്കാന്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കുമെന്നും, സമിതി മൂന്നു മാസംകൊണ്ട് വിഷയം പഠിച്ച് നിര്‍ദേശങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കാനും ധാരണയായിട്ടുണ്ട്. 

സമരം രാജ്യത്തെ വിവിധ മേഖലകളെ സാരമായി ബാധിച്ചു. കൂടാതെ പ്രതിദിന നഷ്ടം 10,000 കോടിയാണെന്ന് ഫെഡറേഷന്‍ ഓഫ് കര്‍ണാടക ചേംമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വ്യക്തമാക്കി. ടോള്‍്പ്ലാസയിലൂടെയുള്ള വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത പോക്കുവരവുകള്‍ പരിഹരിക്കുന്നതിന് ആറുമാസത്തിനുള്ളില്‍  പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും. കൂടാതെ പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, പ്രധാന്‍ മന്ത്രി രക്ഷാശിഭാമ യോജന എന്നിവ വാണിജ്യ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും സഹകാരികള്‍ക്കും വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതാപഠനം സര്‍ക്കാര്‍ പരിശോധിക്കും. ഇഎസ്‌ഐക്ക് കീഴില്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കാനുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.