അണക്കെട്ടുകള്‍ നിറയുന്നു; ജാഗ്രതയോടെ സേഫ്റ്റി ഓഫീസ്

Sunday 29 July 2018 2:45 am IST

കോട്ടയം:  സംസ്ഥാനത്തെ അണക്കെട്ടുകള്‍ നിറയാറായതോടെ  ജാഗ്രത പുലര്‍ത്തി ഡാം സേഫ്റ്റി വിഭാഗത്തിന്റെ കോട്ടയത്തെ ഓഫീസ്. ശക്തമായ നീരൊഴുക്ക് തുടരുന്നതോടെ ഇടുക്കി ഡാം നിറയുന്ന അവസ്ഥയാണ്.  ജലനിരപ്പ് 2400 അടിയിലെത്തും  മുമ്പ് ഷട്ടറുകള്‍ സാവകാശം തുറക്കാനാണ് തീരുമാനം. 

കെഎസ്ഇബിയുടെ കീഴില്‍ സംസ്ഥാനത്തുള്ള ഡാമുകളുടെ സുരക്ഷാനിരീക്ഷണത്തിനുള്ള പ്രത്യേക കേന്ദ്രമാണ് കോട്ടയത്തെ പള്ളത്ത് പ്രവര്‍ത്തിക്കുന്നത്. ചെറുതും വലുതുമായ 58 ഡാമുകളുടെ നിരീക്ഷണം ഇവിടെനിന്നു തന്നെ. ഇടുക്കി-24, പത്തനംതിട്ട-13, തിരുവനന്തപുരം-1, എറണാകുളം-1, തൃശൂര്‍-4, കോഴിക്കോട്-7, വയനാട്-8 എന്നിങ്ങനെയാണ്   ഡാമുകളുടെ എണ്ണം. ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെടെ 30 ജീവനക്കാര്‍ ഇവിടെയുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കുകയെന്ന ചുമതലയും ഈ ഓഫീസിനുണ്ട്.

ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്റെ ആസ്ഥാന മന്ദിരത്തിനൊപ്പമാണ് പുതിയ ഓഫീസ്. കെഎസ്ഇബിക്ക് കീഴിലുള്ള ഡാമുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും സുരക്ഷാമേല്‍നോട്ടത്തിനുമായി ദേശീയ ജലകമ്മിഷന്റെ നിര്‍ദേശപ്രകാരം രൂപം നല്‍കിയതാണ് ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍.

ഡാം സംരക്ഷണ, പരിപാലന മേല്‍നോട്ട ചുമതലയോടുകൂടിയ സാങ്കേതിക വിഭാഗം, ഗവേഷണ വിഭാഗം, സുരക്ഷാസജ്ജീകരണങ്ങളുടെ കേന്ദ്ര സംവിധാനം തുടങ്ങിയ അനുബന്ധക്രമീകരണങ്ങളെല്ലാം ഇവിടെ നിന്നാണ്. കൂടാതെ പ്രധാന ഡാമുകളുടെ സിസിടിവി നിരീക്ഷണ സംവിധാനം, സാങ്കേതിക സുരക്ഷ ഉറപ്പുവരുത്തല്‍, കാലാവസ്ഥാ നിരീക്ഷണം, ഭൂകമ്പനിരീക്ഷണം, ഡാം ഇന്‍സ്ട്രമെന്റേഷന്‍, ജലവിതാന നിരീക്ഷണം എന്നിവയും കോട്ടയത്തു നിന്ന് തന്നെ. 

ഡാമുകളുടെ സുരക്ഷയുടെ ഭാഗമായി സിസിടിവി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ ഡാമുകളുടെ അര കിലോമീറ്റര്‍ പരിസരം കോട്ടയത്തുള്ള ഓഫീസിന്റെ നിരീക്ഷണത്തിലാകും.

ശ്രീജിത്ത് കെ. സി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.