ജലനിരപ്പ് ഉയര്‍ന്നാല്‍ ഇടുക്കി ഘട്ടംഘട്ടമായി തുറക്കും

Sunday 29 July 2018 2:46 am IST

ഇടുക്കി: ജലശേഖരം 2400 അടിയെത്തും മുമ്പ് സംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് ഘട്ടം ഘട്ടമായി തുറക്കും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും തയ്യാറായെന്ന്  മന്ത്രി എം.എം. മണി പറഞ്ഞു. ഇതിന്റെ ഭാഗമായി 2395 അടിയെത്തുമ്പോള്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കും. കളക്ട്രേറ്റില്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട്  അടിയന്തിര യോഗം ചേര്‍ന്നു.

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം തുറന്നുവിടുന്നത് ഒഴിവാക്കാന്‍ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് അല്‍പ്പാല്‍പ്പമായി തുറന്നുവിടും. ഡാം തുറക്കും മുമ്പ്  മുന്നറിയിപ്പ് നല്‍കും.  മുന്‍കരുതലുകള്‍ എടുക്കും. ഷട്ടറുകള്‍ തുറക്കേണ്ടിവന്നാല്‍ രാത്രിയിലേക്ക് വയ്ക്കാതെ  പകല്‍സമയത്തുതന്നെയാക്കും.  വെള്ളം ഉണ്ടാക്കുന്ന ആഘാതം ഇല്ലാതാക്കാന്‍ നടപടികള്‍ തുടങ്ങിയെന്ന് ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു പറഞ്ഞു. 2400 അടിവരെ ജലനിരപ്പ് ഉയരാന്‍ കാക്കാതെ 2397ലും 2398ലും എത്തുമ്പോള്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടുന്ന സാധ്യതകളാണ് പരിഗണിക്കുന്നത്. അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിന് ശേഷമേ ഡാം തുറക്കുകയുള്ളൂ. ജീപ്പില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. 

ഡാം തുറക്കുന്നതോടെ ചെറുതോണി പാലം അപകടത്തിലായാല്‍ പകരം ഗതാഗത ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ അറിയിച്ചു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഡാമിന് മുകളിലൂടെയുള്ള ഗതാഗതവും പരിഗണിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. യോഗത്തില്‍ ജോയ്‌സ് ജോര്‍ജ് എംപി, എംഎല്‍എമാരായ പി.ജെ. ജോസഫ്, റോഷി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.