ചെറുതോണിയില്‍ നിന്ന് വെള്ളം ഒഴുകുന്ന വഴി

Sunday 29 July 2018 2:46 am IST
"ഡാം തുറക്കുമ്പോള്‍ വെള്ളം ഒഴുകുന്ന ചെറുതോണി ബസ് സ്റ്റാന്‍ഡ്. പിന്നിലായി ഡാമും കാണാം"

ഇടുക്കി: ഷട്ടര്‍ തുറന്നാല്‍ ആദ്യം വെള്ളമെത്തുക പെരിയാറിന്റെ കൈവഴിയായുള്ള ചെറുതോണി പുഴയിലാണ്. വീതി കുറവായതിനാല്‍ തൊട്ടുതാഴെയായുള്ള ചെറുതോണി ബസ് സ്റ്റാന്‍ഡും പാലവും വെള്ളത്തിലാകും. പിന്നീട് കുതിച്ചെത്തുന്ന വെള്ളം അല്‍പം എങ്കിലും നിയന്ത്രിക്കാനാകുക ലോവര്‍ പെരിയാര്‍ അണക്കെട്ടിലാണ്. റോഡ് മാര്‍ഗം ഈ അണക്കെട്ട് 28.4 കിലോ മീറ്റര്‍ അകലെയാണ്.

ഇവിടെ നിന്ന് 25.7 കിലോ മീറ്റര്‍ പിന്നിട്ടാല്‍ ഇടുക്കി ജില്ലയുടെ അതിര്‍ത്തിയായ നേര്യമംഗലം കടക്കാം. ഇവിടെ നിന്ന് 19.7 കി.മീ. ദൂരെയുള്ള ഭൂതത്താന്‍കെട്ട് അണക്കെട്ടിലേക്കാണ് പിന്നീട് വെള്ളം എത്തുക. ഇവിടെ നിന്ന് 42.8 കി.മീ. ദൂരെയുള്ള ആലുവയിലാണ് പിന്നീട് വെള്ളം എത്തുക. ആലുവയില്‍ നിന്ന് പെരിയാര്‍ പ്രധാനമായും രണ്ടായി തിരിയുകയാണ്. ഒന്ന് കയന്റിക്കര, ഏലൂര്‍, വരാപ്പുഴ വഴി ചെറിയകടമക്കുടിയിലും ഇതിന് സമീപത്ത് നിന്ന് വീണ്ടും തിരിഞ്ഞ് ബോള്‍ഗാട്ടിയിലും എത്തുന്ന വെള്ളം കൊച്ചി കായലില്‍ ചേരും. ശരാശരി ഇരു സ്ഥലങ്ങളിലും 15-23 കിലോ മീറ്റര്‍ വരെയാണ് നീളം. ആലുവയില്‍ നിന്ന് മറ്റൊരു കൈവഴിയായ ഒഴുകുന്ന പെരിയാര്‍ കുറുമ്പത്തുരുത്ത് വഴി 29 കിലോ മീറ്റര്‍ പിന്നിട്ട് മുനമ്പത്തെത്തി അറബിക്കടലില്‍ ചേരും.

വെള്ളം ഒഴുകുന്ന വഴിയിലുള്ള ലോവര്‍ പെരിയാറും, ഭൂതത്താന്‍ കെട്ടും ആഴ്ചകളായി നിറഞ്ഞ് കിടക്കുകയാണ്. രണ്ടിടങ്ങളിലും രണ്ട് വീതം ഷട്ടറും ഉയര്‍ത്തിയിട്ടുണ്ട്. ഇടമലയാര്‍ 90 ശതമാനം പിന്നിട്ടതും ആശങ്ക കൂട്ടുകയാണ്. ഇത് തുറക്കേണ്ടി വന്നാല്‍ വെള്ളം എത്തുക ഭൂതത്താന്‍ കെട്ടിലേയ്ക്കാണ്. മഴ കുറഞ്ഞത് തല്‍ക്കാലം ആശ്വാസമാകുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.