ദുരിതാശ്വാസ വിതരണം: തുടക്കത്തിലേ പാളി

Sunday 29 July 2018 2:30 am IST

കോട്ടയം: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ സഹായ വിതരണത്തില്‍ തുടക്കത്തില്‍ തന്നെ പാളിച്ച. ഏറ്റവും ദുരിതം അനുഭവിച്ചവരും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കും ആദ്യം സഹായം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍  പ്രവാസി മലയാളികളുടെ കുടുംബാംഗങ്ങള്‍ വരെ റവന്യു വകുപ്പിന്റെ പട്ടികയില്‍ കയറിക്കൂടിയതാണ് സര്‍ക്കാരിന് തലവേദനയായത്. 

ക്യാമ്പില്‍ കഴിഞ്ഞവരുടെ പട്ടിക വില്ലേജാഫീസര്‍മാരുടെ കയ്യിലുണ്ട്. ഇതില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ വന്നപ്പോള്‍ അര്‍ഹതയുള്ളവര്‍ പുറത്തായെന്ന ആക്ഷേപവും വ്യാപകമാണ്. ക്യാമ്പിലെ രജിസ്റ്ററില്‍ റേഷന്‍ കാര്‍ഡ് പതിപ്പിച്ചവര്‍ക്ക് 3500 രൂപ വീതവും വീട്ടില്‍ വെള്ളം കയറിയെങ്കിലും ക്യാമ്പില്‍ പോകാതെയിരുന്നവര്‍ക്ക് 2500 രൂപ വീതവും സഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് മൂന്ന് ദിവസത്തിനുള്ളില്‍ അവരവരുടെ അക്കൗണ്ടുകളില്‍ എത്തുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇതു വരെയും സഹായം എത്തി തുടങ്ങിയിട്ടില്ല. വെള്ളം കയറി ബാങ്ക് പാസ് ബുക്ക് ഉള്‍പ്പെടെ നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ എങ്ങനെ സഹായം കൊടുക്കുമെന്നതിനെ സംബന്ധിച്ചും വ്യക്തതയില്ല.

വെള്ളം കയറിയ വീടുകള്‍ സംബന്ധിച്ച കണക്കിലും റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ല. പഞ്ചായത്തംഗങ്ങള്‍ സമര്‍പ്പിക്കുന്ന പട്ടിക അംഗീകരിക്കാന്‍ വില്ലേജാഫീസര്‍മാര്‍ വിമുഖത കാണിക്കുകയാണ്.പ്രദേശവുമായി അടുത്ത് ഇടപെടുന്ന പഞ്ചായത്തംഗങ്ങളെ നോക്കുകുത്തിയാക്കി രാഷ്ടീയ താല്പര്യം മുന്‍ നിര്‍ത്തി സഹായം നല്‍കാന്‍ നീക്കം നടത്തുന്നതായ പരാതിയും ഉയര്‍ന്നിട്ടുണ്ട്്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.