നഷ്ടമാകുന്ന ഭാരതീയ സംസ്‌കാരത്തെ പുനഃസൃഷ്ടിക്കാനുള്ള തപസ്യയുടെ ശ്രമം ശ്ലാഘനീയം: ടി.എസ്.നാഗാഭരണ

Sunday 29 July 2018 2:49 am IST

കാസര്‍കോട്: നഷ്ടമായിക്കൊണ്ടിരിക്കുന്ന ഭാരതീയ സംസ്‌കാരത്തെ പുനഃസൃഷ്ടിക്കാന്‍ തപസ്യ നടത്തുന്ന പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് കന്നട ചലച്ചിത്ര സംവിധായകന്‍ ടി.എസ്.നാഗാഭരണ പറഞ്ഞു. കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ നടക്കുന്ന തപസ്യ സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിന് ഒരു മഹത്തായ സംസ്‌കാരവും പാരമ്പര്യവുമുണ്ട്.

ആ മഹത്തായ സംസ്‌കാരത്തെ അംഗീകരിക്കാന്‍ പുതുതലമുറയിലെ വലിയൊരു വിഭാഗം തയാറാകുന്നില്ല. എല്ലാ സംസ്‌കാരങ്ങളെയും അംഗീകരിച്ച് മുന്നോട്ടു പോകാന്‍ നമുക്ക് കഴിയണം. പഴയകാലത്ത് ഗുരുശിഷ്യ ബന്ധത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഇന്നതിന് കോട്ടം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. മാധ്യമവാര്‍ത്തകള്‍ക്ക് പ്രാധാന്യമേറി വരുന്ന കാലഘട്ടമായതിനാല്‍ തന്നെ അവ നല്‍കുമ്പോള്‍ സത്യസന്ധത നിലനിര്‍ത്തണം. സാമൂഹ്യമാധ്യങ്ങള്‍ക്ക് ഗുണവും ദോഷവും ഉണ്ട്. അവയിലെ നന്മകള്‍ തിരിച്ചറിഞ്ഞ് ഇടപെടാന്‍ ഒരോരുത്തര്‍ക്കും കഴിയണം. തപസ്യയിലൂടെ ദേശസ്‌നേഹമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്നും നാഗാഭരണ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളില്‍ പലതും പാതിവഴിയില്‍ വച്ച് അട്ടിമറിക്കപ്പെട്ടുവെന്ന് കേരള കേന്ദ്ര സര്‍വകലാശാല പ്രോ വൈസ്ചാന്‍സലര്‍ ഡോ.കെ.ജയപ്രസാദ് പറഞ്ഞു. പഠന ശിബിരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 1940 കളാകുമ്പോഴേക്കും രാഷ്ട്രീയ കേരളം ഉദയം ചെയ്യപ്പെട്ടതോടെയാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ അട്ടിമറിക്കപ്പെട്ടത്. ആരൊക്കെ സാംസ്‌കാരിക നായകരായിരിക്കണമെന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതി വിശേഷത്തിലേക്ക് വര്‍ത്തമാന കേരളമെത്തിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പി.ജി.ഹരിദാസ് അധ്യക്ഷത വഹിച്ചു.

ചിന്മയമിഷന്‍ മഠാധിപതി സ്വാമി വിവിക്താനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ആര്‍ട്ടിസ്റ്റ് പുണിഞ്ചിത്തായ, സംസ്‌കാര്‍ ഭാരതി ദേശീയ സഹസംഘടനാ സെക്രട്ടറി പ.രാ.കൃഷ്ണമൂര്‍ത്തി, കന്നട ചലച്ചിത്രതാരം കാസര്‍കോട് ചിന്ന, ഗോപി കൂടല്ലൂര്‍, സി.രജിത്കുമാര്‍, സ്വാഗത #ോസംഘം ജനറല്‍ കണ്‍വീനര്‍ പ്രൊഫ.എ.ശ്രീനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന പഠന ശിബിരത്തിന് ഇന്ന് വൈകിട്ടോടെ സമാപനമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.