കന്യാസ്ത്രീയുടെ പീഡന പരാതി ബിഷപ്പിന്റെ അറസ്റ്റ്; ആഭ്യന്തര വകുപ്പിന്റെ പച്ചക്കൊടിക്കായി അന്വേഷണ സംഘം

Sunday 29 July 2018 2:53 am IST

കോട്ടയം: ജലന്ധര്‍ രൂപത ബിഷപ്പിനെതിരെയുള്ള കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായെങ്കിലും അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ പച്ചക്കൊടിയായില്ല. ഇതു മൂലം ജലന്ധറിലേക്കുള്ള അന്വേഷണ സംഘത്തിന്റെ യാത്ര വൈകുകയാണ്. പീഡനം സംബന്ധിച്ച് മജിസ്‌ട്രേട്ടിന് മുന്നില്‍  കന്യാസ്ത്രീ രഹസ്യ മൊഴി നല്‍കിയിരുന്നു. പരാതിസാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കാത്തത് ശക്തമായ ഇടപെടല്‍ മൂലമാണെന്ന സംശയം ബലപ്പെടുത്തുകയാണ്.  കന്യാസ്ത്രീക്കെതിരെ ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിരുന്നു. 

  ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീയുടെ രഹസ്യമൊഴി കൂടാതെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട്, വത്തിക്കാന്‍ സ്ഥാനപതിക്ക് അയച്ച ഇ- മെയില്‍, മാര്‍പാപ്പയ്ക്ക് അയച്ച പരാതി ഒപ്പിട്ട് വാങ്ങിയതായി സൂചിപ്പിക്കുന്ന ഇ- മെയില്‍ പകര്‍പ്പ്, കര്‍ദിനാളിന് നല്‍കിയ പരാതി, കുറവിലങ്ങാട് മഠത്തിലെ സന്ദര്‍ശക ഡയറി, കേസില്‍ നിന്ന് പിന്മാറാന്‍ അഞ്ച് കോടി വാഗ്ദാനം ചെയ്‌തെന്ന് സഹോദരന്‍ നല്‍കിയ മൊഴി തുടങ്ങിയ നിരവധി തെളിവുകള്‍ ലഭിച്ചിരുന്നു. എന്നിട്ടും  അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കാന്‍ പോലീസ് തലപ്പത്ത് നിന്ന് അനുമതിയായില്ല. ഇതുവരെയുള്ള അന്വേഷണത്തിന്റെ വിവരങ്ങളും തെളിവുകളും സംബന്ധിച്ച റിപ്പോര്‍ട്ട് കോട്ടയം ജില്ലാ പോലീസ് ചീഫ് ഡിജിപിക്ക് കൈമാറി. എന്നാല്‍ തുടര്‍ അന്വേഷണം എങ്ങനെയായിരിക്കണം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.      

ജലന്ധറിലെ ബിഷപ്പിനെ അറസ്റ്റ് ചെയ്താല്‍ രാഷ്ടീയമായി തിരിച്ചടിയുണ്ടാകുമോ എന്ന ഭയമാണ് ആഭ്യന്തര വകുപ്പിനെ പിന്നോട്ടടിക്കുന്നത്.   പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയം ലോക്‌സഭാ മണ്ഡലം പിടിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം കരുക്കള്‍ നീക്കുന്നുണ്ട്. ഇതിനായി ചെങ്ങന്നൂര്‍ മോഡല്‍ ഓപ്പറേഷനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ മനസ്സില്‍. ബിഷപ്പിനെ അറസ്റ്റ് ചെയ്താല്‍ ഈ നീക്കത്തിന് തിരിച്ചടിയാകുമോ എന്ന ഭയവും പാര്‍ട്ടിക്കുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.