അറബിക്ക് പഥ്യം കായികത്തിന് ചതുര്‍ത്ഥി; സംസ്ഥാനത്തെ 3019 സ്‌കൂളുകളില്‍ കായിക അധ്യാപകരില്ല

Sunday 29 July 2018 2:56 am IST

പാലക്കാട്: അധ്യയനവര്‍ഷം ആരംഭിച്ച് രണ്ടുമാസം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ 3019 സ്‌കൂളുകളില്‍ കായിക അധ്യാപകരില്ല. 22.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കായി ആകെയുള്ളത് 2385 കായിക അധ്യാപകര്‍.മൂവായിരത്തോളം സ്‌കൂളുകളില്‍ കായികാധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുമ്പോള്‍ അമിതജോലിഭാരവും മതിയായ ശമ്പളവും ആനൂകൂല്യവും ലഭിക്കാതെ പ്രതിസന്ധിയിലാണ് നിലവിലുള്ള കായികാധ്യാപകര്‍

  ഗവണ്‍മെന്റ,് എയ്ഡഡ് മേഖലകളിലായി 5400 സ്‌കൂളുകളാണ് ഉള്ളത്. ഇതില്‍ പകുതിയില്‍താഴെ സ്‌കൂളുകളില്‍ മാത്രമെ കായികാധ്യാപകരുള്ളൂ.  873 സര്‍ക്കാര്‍ യുപി സ്‌കൂളുകളില്‍. 730 സ്‌കൂളുകളിലും കായിക അധ്യാപകരില്ല. സര്‍ക്കാര്‍ മേഖലയിലെ 1225 ഹൈസ്‌കൂളുകളില്‍ ആകെയുള്ളത് 615 പേര്‍. എയ്ഡഡ് മേഖലയില്‍ ആകെയുള്ള 3,306 വിദ്യാലയങ്ങളില്‍ 1627എണ്ണത്തില്‍ മാത്രമാണ് കായികാധ്യാപകരുള്ളത്. 

  കരിക്കുലമനുസരിച്ച് പൊതുവിദ്യാലയങ്ങളില്‍ അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് ആരോഗ്യകായിക വിദ്യാഭ്യാസ പാഠപുസ്തകവും തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളുമുണ്ട്. ഇവരെ പഠിപ്പിക്കാന്‍ പ്രത്യേകം അധ്യാപകരെ നിയമിക്കാത്തതാണ് മൂവായിരത്തിലധികം സ്‌കൂളുകളില്‍ കായികാധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കാന്‍ കാരണം..   3019 സ്‌കൂളുകളിലേക്കും ലക്ഷങ്ങള്‍ ചെലവാക്കി പുസ്തകമച്ചടിച്ച് പരീക്ഷനടത്തുന്നത് പ്രഹസനമാണ്. ഇതുകൊണ്ട് കുട്ടികള്‍ക്ക് യാതൊരു പ്രയോജനവുമില്ല. പ്രോഗ്രസ്‌കാര്‍ഡിലോ, എസ്എസ്എല്‍സി പരീക്ഷക്കോ ഈ  മാര്‍ക്കുകള്‍ ഉള്‍പ്പെടുത്താറുമില്ല. ഇതിനിടെ ഓണപരീക്ഷയില്‍ നിന്നും ഹെല്‍ത്ത് എഡ്യുക്കേഷന്‍ പരീക്ഷ ഒഴിവാക്കിക്കൊണ്ടുള്ള കലണ്ടര്‍ വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയിരുന്നു. സംഭവം വിവാദമായതോടെ അതുപിന്‍വലിച്ച് പഴയരീതിയിലുള്ള ടൈംടേബിള്‍ കഴിഞ്ഞദിവസം പുറത്തിറക്കി.

 500 വിദ്യാര്‍ഥികളുണ്ടെങ്കില്‍  മാത്രമേ  ഏതെങ്കിലുമൊരു സ്‌പെഷലിസ്റ്റ് അധ്യാപകരെ (തുന്നല്‍,കായികം,പ്രവൃത്തിപരിചയം) നിയമിക്കുകയുള്ളു. ഹൈസ്‌കൂളുകളില്‍ ഇതേനിയമത്തിന് എട്ട്,ഒമ്പ്ത് ക്ലാസുകളില്‍ അഞ്ച് ഡിവിഷനുകളുണ്ടാവണമെന്നാണ് ചട്ടം. അങ്ങനെയുള്ള സ്‌കൂളുകളിലും അധ്യാപകരെ നിയമിച്ചിട്ടില്ല. 

  ഹെസ്‌കൂളില്‍ ജോലി ചെയ്യുന്ന കായികാധ്യാപകര്‍ക്ക് െ്രെപമറി സ്‌കൂള്‍ അധ്യാപകന്റെ ശമ്പളമാണ് ലഭിക്കുന്നത്. അതേസമയം 10 കുട്ടികളുണ്ടെങ്കില്‍ അറബി അധ്യാപകരെ നിയമിച്ച് ഉയര്‍ന്ന ശമ്പളമാണ് നല്‍കുന്നുമുണ്ട്.  ചുരുക്കം അധ്യാപകരെ വച്ചുവേണം ഇത്തവണയും സ്‌കൂള്‍,സബ്ജില്ല, ജില്ല കായിക മേളകള്‍ സംഘടിപ്പിക്കാന്‍. കായികാധ്യാപക തസ്തികാ  മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ച് തസ്തികകള്‍ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും വേണമെന്നാണ് ഇവരുടെ ആവശ്യം. 

സിജ പി.എസ്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.