ന്യൂദല്‍ഹി: ദല്‍ഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പരിപാടി റദ്ദാക്കി. ആഗസ്ത് ഒന്നിന് കോളേജില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. പ്രോട്ടോക്കോള്‍ പ്രശ്നങ്ങളുണ്ടെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.
സെന്റ് സ്റ്റീഫന്‍സിലെ വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച ആയിരുന്നു മമതയുടെ പരിപാടി. എന്നാല്‍ കഴിഞ്ഞയാഴ്ച കോളേജ് അധികൃതര്‍ പരിപാടി റദ്ദാക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
നാളെ ദല്‍ഹിയിലെത്തുന്ന മമതാ ബാനര്‍ജിയുടെ മറ്റു പരിപാടികള്‍ക്കൊന്നും മാറ്റമില്ലെന്നും എല്ലാം മുന്‍ നിശ്ചയപ്രകാരം നടക്കുമെന്നും തൃണമൂല്‍ നേതൃത്വം അറിയിച്ചു. ക്രൈസ്തവ പുരോഹിതരുടെ പരിപാടിയില്‍ പങ്കെടുക്കുന്ന മമത പാര്‍ലമെന്റിലും സന്ദര്‍ശനം നടത്തുന്നുണ്ട്.
അടുത്തിടെ റദ്ദാക്കപ്പെടുന്ന മമതയുടെ മൂന്നാമത്തെ പരിപാടിയാണ് സെന്റ് സ്റ്റീഫന്സിലേത്. ചിക്കാഗോയിലേക്കുള്ള യാത്രയും ചൈനാ സന്ദര്‍ശനവും അവസാന നിമിഷങ്ങള്‍ റദ്ദാക്കപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: