ശാരികപ്പൈതലും കിളിപ്പാട്ടും

Sunday 29 July 2018 2:59 am IST

എഴുത്തച്ഛന്‍ അദ്ധ്യാത്മരാമായണമെഴുതുന്നതു മഹര്‍ലോകത്തിരുന്നുകൊണ്ടാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ നൈമിശാരണ്യത്തിലെ വ്യാസഗദ്ദിക്കു മുന്നില്‍വച്ച് ഈയുള്ളവനോടു പറഞ്ഞു: ''വ്യാസഭഗവാന്‍ മഹാഭാരതം രചിച്ചത് മഹര്‍ലോകത്തിരുന്നാണ്. അതുകൊണ്ടാണ് അദ്ദേഹം പറയാത്തതായി യാതൊന്നും അവശേഷിക്കാത്തത്. അവിടിരുന്നാല്‍ എല്ലാം വ്യക്തമായി കാണാം. ഈ ഭൂമിയില്‍ മറ്റാരെയുംപോലെ ഒരു മനുഷ്യശരീരവുമായി ജീവിച്ച വ്യാസ ഭഗവാന്‍ എങ്ങനെയാണു മഹര്‍ലോകത്തിരുന്നു മഹാഭാരതമെഴുതുന്നത് എന്ന സംശയം ആര്‍ക്കുമുണ്ടാകാം. അതിന്റെ തത്ത്വം സ്വാമി തൃപ്പാദങ്ങള്‍ തന്നെ ചക്രതീര്‍ത്ഥക്കരയില്‍വച്ച് ഒരു ചോദ്യത്തിനു മറുപടിയായി വിശദീകരിച്ചു തന്നിട്ടുണ്ട്.

സമസ്ത ചരാചരങ്ങളും സ്ഥൂലശരീരംകൊണ്ട് ഭൂലോകത്താണ്. പക്ഷേ എല്ലാപേരുടെയും ബോധമണ്ഡലം ഭൂലോകത്തായിക്കൊള്ളണമെന്നില്ല. പലരുടേയും ബോധം തന്മൂലം അനുഭവവും അതലവിതലാദി പാതാളലോകംവരെയുള്ള അധോലോകങ്ങളിലായിരിക്കും. എന്നാല്‍ ചിലര്‍ ഉപരിലോകമായ ഭുവര്‍ലോകത്തിലോ സ്വര്‍ലോകത്തിലോ വളരെ അപൂര്‍വം ചിലര്‍ മഹര്‍ലോകത്തിലോ ബോധത്തെ ഉറപ്പിച്ചിട്ടുണ്ടായിരിക്കും. ലോകമെന്നത് അനുഭവമണ്ഡലമാണ്. അതു അവരുടെ കര്‍മ്മവാസനകളെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യശരീരവുമായി നടക്കുന്നവരില്‍  പലരും അതിക്രൂരന്മാരും അക്രമികളും എന്നാല്‍ ചിലരെങ്കിലും ദേവകല്‍പന്മാരും കരുണാമയന്മാരുമായി കാണപ്പെടുന്നത് അതുകൊണ്ടാകുന്നു. മഹര്‍ലോകം പ്രകാശത്തിന്റെ ലോകമാണ്. ജ്ഞാനത്തിന്റെ ദിവ്യമണ്ഡലമാണ്. അവര്‍ക്കു കാണാന്‍ കഴിയാത്തതായി യാതൊന്നുമുണ്ടാവുകയില്ല. അവര്‍ ശ്രീരാമനെന്ന ദിവ്യാനന്ദത്തെ അനുഭവിക്കുന്നവരായിരിക്കും. അത്തരക്കാര്‍ കാവ്യമെഴുതിയാല്‍ അതു പുറപ്പെടുന്നത് ജ്ഞാനാനന്ദമയമായ മഹര്‍ലോകത്തുനിന്നാവും. ആ ദിവ്യലോകത്തിന്റെ പ്രഭാവം അവരുടെ സൂക്തങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്യും.ആദ്ധ്യാത്മിക സാധനകൊണ്ട് ആര്‍ക്കും എത്തിച്ചേരാവുന്ന ഇടമാണത്. പരിശ്രമം കൂടാതെ അവിടെ ബോധമണ്ഡലത്തെ ഉറപ്പിക്കാന്‍ സാധ്യമല്ലെന്നതും മറക്കാതിരിക്കുക.

അവിടെ എത്തിച്ചേര്‍ന്നവന്‍ കേവലം സ്ഥൂല ശരീരമായി സ്വയം കരുതുന്നില്ല. മനസ്, ബുദ്ധി, പ്രാണങ്ങള്‍ തുടങ്ങി പത്തൊന്‍പതു ഘടകങ്ങളുള്ള സൂക്ഷ്മശരീരമായും സ്വയം കരുതുന്നില്ല. ആനന്ദസ്വരൂപനായ രാമന്റെ അവിഭാജ്യമായ അംശമാണു താനെന്നു തിരിച്ചറിയുന്നു. പ്രപഞ്ചം മുഴുവന്‍ രാമമയമാണെന്നും അനുഭവിച്ചറിയുന്നു. ആനന്ദാത്മകമായ ആ ദിവ്യാവസ്ഥയില്‍ ഹൃദയത്തിലൂടെ അണപൊട്ടിയൊഴുകുന്ന വാക്കുകള്‍ കവിതയായേ ഭവിക്കൂ. അതു തന്റെ  സൃഷ്ടിവൈഭവമാണെന്നു മറ്റുള്ളവരെപ്പോലെ ആ യോഗി കരുതുന്നില്ല. രാമനില്‍നിന്നു വേറിട്ട് തനിക്ക് ഒരു നിലനില്‍പ്പു പോലുമില്ല. അഹന്ത തെല്ലുമില്ലെന്നര്‍ത്ഥം. ആ നിലയ്ക്ക് ഇല്ലാത്ത തന്നില്‍നിന്നു കവിത എങ്ങനെ പ്രവഹിക്കാന്‍? കവിത ആലപിക്കുന്നത് ശ്രീരാമന്റെ തന്നെ ശക്തിയാണ്. ലോകസൃഷ്ടിക്കായി ഭഗവാന്‍ തന്റെ തന്നെ ശക്തിയെ പ്രവര്‍ത്തനക്ഷമമാക്കി എന്നു നേരത്തേ പറഞ്ഞിട്ടുണ്ടല്ലൊ. വിദ്യ രൂപവും ഐശ്വരരൂപവും കരുത്തിന്റെ രൂപവും പ്രസ്തുത ശക്തിവിശേഷത്തിനുണ്ട്. അതില്‍ വിദ്യാരൂപിണിയായ ശക്തിചൈതന്യമാണ് ശാരികപ്പൈതല്‍. അതിന്റെ മധുരമായ പാട്ടിനു പ്രവഹിക്കാനുതകുന്ന ഒരു ഉപകരണം മാത്രമാണു താന്‍. ആ കവിയുടെ കര്‍ത്താവോ ഭോക്താവോ യാതൊന്നുമാകുന്നില്ല താന്‍. അതാണ് ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ ശ്രീരാമചരിതം നീ ചൊല്ലീടുമടിയാതെ എന്നു രാമായണാദിയിലേ അദ്ദേഹം ശാരികയോടഭ്യര്‍ത്ഥിക്കുന്നത്.

പാടുന്നത് ഞാനല്ലെന്ന അവസ്ഥയിലെത്തിയാലേ കിളിമകള്‍ പാടിത്തുടങ്ങൂ. അതാണ് മഹര്‍ലോകത്തിലെ അവസ്ഥ. പാട്ടിനുടമ ഞാനല്ലെന്ന ചിന്തപോലും അവിടെ എത്തുമ്പോള്‍ അസ്തമിച്ചുപോയിരിക്കും. ഞാനല്ലെന്ന വിചാരത്തിനുള്ളില്‍ പോലും ഒരു 'ഞാന്‍' കിടപ്പുണ്ട്. മഹര്‍ലോകത്ത് അതു അനുവദനീയമല്ല. എന്തെന്നാല്‍ അഹന്തയ്ക്ക് തെല്ലും ഇടമില്ലാത്ത സ്ഥലമാണത്. ഞാനെന്നും എന്റേതെന്നുമുള്ള വിചാരം കിടക്കുവോളം കിളിമകളുടെ പാട്ട് പു റത്തേക്കു കേള്‍ക്കില്ല. പകരം എഴുത്തുകാരന്റെ പാട്ടായിരിക്കും പ്രവഹിക്കുക. അതിനു അര്‍ത്ഥഗാംഭീര്യവും സൗന്ദര്യവും നന്നേ കുറയും. സഹൃദയന്റെ മനസ്സില്‍ ആനന്ദാനുഭൂതി സൃഷ്ടിക്കാന്‍ അതിനു തെല്ലും കഴിവുണ്ടാവുകയില്ല. തെറ്റില്ലാത്ത  മലയാള ഭാഷ പ്രയോഗിക്കാനായതുകൊണ്ടോ കേകയും കാകളിയും കളകാഞ്ചിയും അന്നനടയുമെല്ലാം കൈകാര്യം ചെയ്തതുകൊണ്ടോ സഹൃദയനു ആകര്‍ഷണനുഭവപ്പെടുകയില്ല. ഹൃദയസംവാദമുളവാക്കുന്ന കാവ്യഭംഗിയെ തലനാരിഴകീറുന്ന അപഗ്രഥനങ്ങള്‍കൊണ്ട് വസ്തുനിഷ്ഠമായി കാണിക്കുവാനും കഴിയുകയില്ല. ആര്‍ക്കും മറ്റൊരുവിധത്തിലും കൃത്രിമമായി സൃഷ്ടിച്ചെടുക്കാന്‍ കഴിയാത്ത അലൗകികമായ സൗന്ദര്യാനുഭവമാണത്. അതാണു കിളിപ്പാട്ടിനെ കിളിപ്പാട്ടുക്കുന്നത്.

മഹര്‍ലോകത്തു ബോധമുറപ്പിക്കുമ്പോള്‍ ഗന്ധര്‍വ വംശജനായ എഴുത്തച്ഛനിലൂടെ പ്രവഹിക്കുന്ന അനാദ്യനന്തമായ സ്വരമാധുരിയാണ് കിളിപ്പാട്ട്. എഴുത്തച്ഛന്‍ ഗന്ധര്‍വനാണെന്നു തുഞ്ചന്‍ പറമ്പില്‍ വച്ചു ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പറഞ്ഞിട്ടുണ്ട്. ലോകജീവികള്‍ ആരെയും കാണുന്നതും മനസ്സിലാക്കുന്നതും ശരീരവുമായി ബന്ധപ്പെടുത്തിയാണെങ്കിലും താനെന്ന സവിശേഷവ്യക്തിത്വത്തിനു കിളിപ്പാട്ടുമായി യാതൊരു ഉടമസ്ഥതാ ബന്ധവുമില്ലെന്നു ഏവരെയും മനസ്സിലാക്കിക്കാന്‍ വേണ്ടി കിളിയെ  അദ്ദേഹം പാട്ടുപാടാന്‍ ക്ഷണിച്ചു. വ്യാസനും വാല്മീകിയുമെല്ലാം ഈ അവസ്ഥയിലാണു കാവ്യരചന ചെയ്തതെങ്കിലും കിളിപ്പാട്ടെന്നു കവിതയെ വിശേഷിപ്പിച്ചില്ല. ആദ്ധ്യാത്മിക തത്ത്വങ്ങളെല്ലാം സാധാരണക്കാര്‍ക്കു വ്യക്തമാക്കിക്കൊടുക്കുകയെന്ന ലക്ഷ്യം എഴുത്തച്ഛനു പ്രകടമായിത്തന്നെ ഉള്ളതിനാലാകണം ഇക്കാര്യവും സ്പഷ്ടമാക്കാന്‍ വേണ്ടി അദ്ദേഹം പ്രസ്തുത കാവ്യസരണിക്ക് കിളിപ്പാട്ടെന്നു പേരിട്ടത്. തന്റെ പേര് അദ്ദേഹം എങ്ങും പരാമര്‍ശിക്കാതിരുന്നതും അതുകൊണ്ടാകുന്നു. അഹന്താനിരാസത്തിന്റെ ഔന്നത്യങ്ങളെയാണു മഹര്‍ലോകാനുഭവം ഉണര്‍ത്തുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ടല്ലൊ. അവിടെ മറ്റുള്ളവരില്‍നിന്നു തന്നെ വേര്‍തിരിക്കുന്ന പേരിന് എന്തു പ്രസക്തി?

(തുടരും)

സത്യാനന്ദ സുധ-13

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.