ആനുകാലിക മാധ്യമ ലോകത്തെ വായനാശകലങ്ങള്‍...

Sunday 29 July 2018 3:07 am IST

സത്യത്തില്‍ മലയാളത്തിലാണ് ഏറ്റവും ആരോഗ്യകരമായ അന്തരീക്ഷമുള്ളത്. പല അന്യായങ്ങളും പ്രശ്‌നങ്ങളുമുണ്ട്. എന്നാലും അതിനെക്കുറിച്ച് ഒരു ഭയവുമില്ലാതെ ബഹുമാനത്തോടെത്തന്നെ സംസാരിക്കാം. തീരുമാനത്തിലെത്താം. അങ്ങനെ നോക്കുമ്പോ മലയാള സിനിമാലോകം വളരുന്നുണ്ട്. പിന്നെ, ഞാനും പത്മപ്രിയയും ഒരുപാട് അമ്മ അംഗങ്ങളും ഒക്കെ ചോദിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിനൊക്കെ ഉത്തരം കിട്ടണം. അതിലൂടെ ഒരുമിച്ച് മുന്നോട്ടുപോവാനുള്ള സാധ്യതയുണ്ടാവണം. എല്ലാവരേയും ഞെട്ടിച്ച ഒരു സംഭവമാണ് ഒരു വര്‍ഷം മുമ്പ് നടന്നത്. ആ സംഭവത്തിന്റെ ഗൗരവം കുറയാതെത്തന്നെ വേണം ചര്‍ച്ച; പരസ്പരം ബഹുമാനിച്ചുകൊണ്ടുതന്നെ. എനിക്കുറപ്പാണ്, മലയാളം സിനിമാ ഇന്‍ഡസ്ട്രി മാറും. നല്ലതിനുവേണ്ടി  മാറും. അതിലേക്കുള്ള യാത്രയാണ് ഇതെല്ലാം.

(ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണം - പാര്‍വതി - ഗൃഹലക്ഷ്മി)

ക്ഷേത്ര ദര്‍ശനവും വഴിപാടുകഴിക്കലുമൊന്നും നമ്മുടെ കടമയല്ല. അത് ചെയ്താല്‍ അതിനനുസരിച്ച് ഗുണം കിട്ടും. ചെയ്തില്ലെങ്കില്‍ ദൈവാനുഗ്രഹം കിട്ടില്ല എന്നു മാത്രമേയുള്ളു. ദോഷമൊന്നും വരാന്‍ പോകുന്നില്ല. എന്നാല്‍ പിതൃകര്‍മം എന്നുപറയുന്നത് ഒരിക്കലും ആര്‍ക്കും ഒഴിവാക്കന്‍ വയ്യാത്ത കടപ്പാടാണ്. അത് ഈ ശരീരം തരികയും കര്‍മ്മം ചെയ്ത് ജീവിക്കുവാന്‍ പ്രാപ്തി നല്‍കുകയും ചെയ്ത രക്ഷകര്‍ത്താക്കളോടുള്ള കടമയാണ്. മേടിച്ചാല്‍ കൊടുക്കാതിരിക്കുന്നതുപോലെ ഈ കടം വീട്ടാതിരിക്കുന്നതും അധര്‍മ്മമാണ്. അധര്‍മ്മം ആത്മനാശത്തിനു കാരണമാകും. ദുഃഖങ്ങളും ദുരിതങ്ങളും വന്നുകൊണ്ടിരിക്കും. ഇത് പിതൃശാപമാണെന്ന് തെറ്റിദ്ധരിക്കരുത്. അങ്ങനെ ആരെയും ശപിക്കുവാന്‍ ഒരു പിതൃവും തയ്യാറാകുകയില്ല. പക്ഷെ, ചെയ്യേണ്ട കര്‍മ്മങ്ങള്‍ ചെയ്തില്ലെങ്കില്‍ അതിന്റെ സ്വാഭാവിക പ്രത്യാഘാതം വന്നുചേരും. അതാര്‍ക്കും തടുക്കുവാന്‍ കഴിയുകയില്ല. അനുഭവിച്ചുതന്നെ തീര്‍ക്കേണ്ടിവരും.

(പിതൃഋണം തീര്‍ക്കും കര്‍ക്കടകവാവ് - എം.പി. അപ്പു - ഹിന്ദുവിശ്വ)

ഓഫീസുകളിലും ഡിപ്പോകളിലും സമരം നിരോധിച്ചു എന്നാണ് ഇവരുടെ ആരോപണം. അതൊക്കെ പച്ചക്കള്ളമാണ്. ഞാന്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ നയമായിരുന്നു. ഓഫീസ് സമയത്ത് ഓഫീസിനുള്ളില്‍ മുദ്രാവാക്യം വിളിക്കുകയോ സമരം ചെയ്യാനോ പാടില്ലെന്നാണ് വ്യക്തമായി ഞാന്‍ പറഞ്ഞത്. ഇവര്‍ ചെയ്യുന്നതെന്താ? ഓഫീസിനുള്ളില്‍ മുദ്രാവാക്യം വിളിക്കുന്നു. എനിക്കെതിരെ പോലും ഓഫീസ് സമയത്ത് മുദ്രാവാക്യം വിളിച്ചുകൊണ്ട് യൂണിയന്‍ നേതാക്കള്‍ പോകുന്നത് കണ്ടിട്ടുണ്ട്. അതിനുള്ള യൂണിയന്‍കാരുടെ മറുപടി, അവര്‍ ഉച്ചസമയത്താണ് സമരം ചെയ്യുന്നതെന്നാണ്. അത് അവര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സമയമാണ്. ഇവിടെ 95 ശതമാനം ആളുകളും മാറ്റത്തിന് തയാറാണെന്നതാണ് പ്രത്യേകത. എന്നെക്കുറിച്ച് പൊതുജന മധ്യത്തില്‍ രണ്ടഭിപ്രായം നിലനില്‍ക്കുന്ന സമയത്താണ് കെഎസ്ആര്‍ടിസിയുടെ സാരഥ്യം ഏറ്റെടുക്കുന്നത്. ഇത്രയും വലിയൊരു ഓര്‍ഗനൈസേഷന് മൂന്നു മാസം കൊണ്ട് എത്ര സ്വീകാര്യനായി എന്നത് അത്ഭുതകരമാണ്. അത്രമാത്രം മാറ്റം ജീവനക്കാര്‍ ആഗ്രഹിക്കുന്നു.

 

(കെഎസ്ആര്‍ടിസിയില്‍ ഭീകരാവസ്ഥ, 5000 പേരെ ആവശ്യമില്ല- ടോമിന്‍ ജെ. തച്ചങ്കരി - കലാകൗമുദി)

പെരിങ്ങമ്മലയില്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന് സമീപം നിരവധി ആദിവാസി സെറ്റില്‍മെന്റുകളുണ്ട്. 300 കുടുംബങ്ങളടങ്ങുന്ന രണ്ട് ആദിവാസി സെറ്റില്‍മെന്റുകള്‍ക്ക് തൊട്ടടുത്തുള്ള കുന്നിലാണ് നിര്‍ദ്ദിഷ്ട പ്ലാന്റ്. പട്ടികജാതി വിഭാഗക്കാരുടെ കോളനിയുള്‍പ്പെടെ അഞ്ച് സെറ്റില്‍മെന്റുകള്‍ ഇതുകൂടാതെ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുണ്ട്. ഒരുപറക്കരികം, പന്നിയോട്ടുകടവ്, മുല്ലച്ചല്‍ എന്നീ പട്ടികവര്‍ഗ്ഗ കോളനികള്‍. വേത്തലക്കരിക്കകം, അടിപ്പറമ്പ്, വെങ്കട്ട എന്നീ പട്ടിക ജാതി കോളനികള്‍. രണ്ടാം ലോകമഹായുദ്ധകാലത്താണ് വനഭൂമി ആദിവാസികള്‍ക്ക് കൃഷി ചെയ്യാന്‍ നല്‍കിയത്. 

രാജ്യം മുഴുവന്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിട്ട സാഹചര്യത്തിലായിരുന്നു തിരുവിതാംകൂര്‍ രാജാവിന്റെ ഭൂമിദാനം. പിന്നീട് ഇങ്ങനെ അനുവദിച്ച ഭൂമി കൈമറിയപ്പെടുകയുണ്ടായി. ആദിവാസികളില്‍ നിന്ന് ഭൂമി വാങ്ങിയവര്‍ പിന്നീടവിടെ റബര്‍ വെച്ചു. ചിലയിടത്ത് അക്കേഷ്യ കൃഷി തുടങ്ങി. കൃഷി ചെയ്യാനായി മാത്രം അനുവദിക്കപ്പെട്ട ഭൂമി പരിവര്‍ത്തിതമായി. ഈ ഭൂമിയില്‍ 17 ഏക്കറാണ് ഐഎംഎ വാങ്ങിയതും ആശുപത്രി മാലിന്യ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങിയതും.

(പെരിങ്ങമ്മലയെ മലിനമാക്കരുത് - ബിനീഷ് തോമസ് - മാധ്യമം)

സൈബര്‍ സ്‌പേസിന്റെ കാല്‍പ്പനികവല്‍ക്കരണവും ഞാന്‍ ഒഴിവാക്കുന്നു. ടെലിവിഷന്‍, റേഡിയോ, വര്‍ത്തമാനപത്രം, സിനിമ എല്ലാറ്റിനേയും കോര്‍പ്പറേറ്റുലോകം നിയന്ത്രിക്കുന്നുണ്ട്. എന്നാല്‍, ഇന്റര്‍നെറ്റ് എല്ലാറ്റിനെയും തൂത്തുവാരുന്നു. ഇന്റര്‍നെറ്റാണ്, ഡിജിറ്റല്‍ ലോകമാണ് ലോകത്തിലെ ഏറ്റവും വലിയ കുത്തക. ലോകത്തിലെ ഏറ്റവും ദുഷിച്ച കുത്തകയും അതു തന്നെയാണ്. ഡിജിറ്റല്‍ ലോകത്തിന് മറ്റേതു കുത്തകകള്‍ക്കുമില്ലാത്ത ശേഷിയുണ്ട്, അതിന് നമ്മുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്നു എന്നതാണത്. ആമസോണ്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ ഇവയുടെയെല്ലാം കുത്തക നമ്മുടെ പരമ്പരാഗത മാധ്യങ്ങളെക്കാള്‍ എത്രയോ വലുതാണ്. ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍.... എന്നിങ്ങനെ ഏഴുകൂട്ടരാണ് ഇന്റര്‍നെറ്റെന്ന ഈ ഭീമാകാര ലോകം ഭരിക്കുന്നത്. വാഷിങ്ടണ്‍ പോസ്റ്റിന്റെ ഉടമയാണ് ആമസോണിന്റെയും ഉടമ. 74 ശതമാനം ഇന്റര്‍നെറ്റ് സെര്‍ച്ചും നിയന്ത്രിക്കുന്നത് ഗൂഗിളാണ്. മൈക്രോസോഫ്റ്റ്, ഔട്ട്‌ലുക്ക്, ഗൂഗിള്‍ എന്നിവയിലൂടെയാണ് ലോകത്തിലെ 82 ശതമാനം ഇ-മെയിലുകളും നടക്കുന്നത്. എങ്ങനെയൊക്കെയാണ് ഈ കുത്തകകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ശ്രദ്ധിക്കുക.

(പത്രപ്രവര്‍ത്തനത്തിന് ഭാവിയില്ല പി. സായ്‌നാഥ് - മാതൃഭൂമി)

ലോക മതങ്ങളുടെ ചരിത്രം വായിക്കുമ്പോള്‍ പൗരോഹിത്യം എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് വളര്‍ന്നതിന്റെയും ഒടുക്കം വേദപുരാണങ്ങളെപ്പോലും അട്ടിമറിച്ച്,  തങ്ങള്‍ തന്നെയാണ് അദൃശ്യനായ ദൈവത്തിന്റെ പ്രതിനിധികളെന്ന് വരുത്തിത്തീര്‍ത്തതിന്റെയും, നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിനും സംഹരിക്കുന്നതിനുമുള്ള അധികാരം തങ്ങളില്‍ നിക്ഷിപ്തമാണെന്ന് ജല്‍പിച്ചതിന്റെയുമൊക്കെ നിരവധി ഉദാഹരങ്ങള്‍ കാണാം. പല മതങ്ങള്‍ക്കും ഈ ദുരവസ്ഥ സംഭവിച്ചിട്ടുണ്ട്. 

മതസമൂഹത്തെ മുന്നില്‍ നടന്ന് നയിക്കുന്നു എന്നവകാശപ്പെടുന്ന പൗരോഹിത്യ കോട്ടകൊത്തളങ്ങളില്‍ നിന്നും സമൂഹ മധ്യത്തിലേക്ക് പലപ്പോഴായി അടിച്ചുവീശിക്കൊണ്ടിരുന്ന ദുര്‍ഗന്ധം വമിക്കുന്ന പലതരത്തിലുള്ള കഥകള്‍ മുതല്‍, പൗരോഹിത്യ പ്രമാണി കൂട്ടുകെട്ടിലൂടെ ലോകത്തിന്റെ പല കോണുകളില്‍ പലപ്പോഴായി നിലനിന്ന സാമൂഹിക- രാഷ്ട്രീയ മുതലാളിത്ത ഏകാധിപത്യ വാഴ്ചകള്‍ വരെ ദൈവത്തിന്റെ ഇടം അന്യായമായി കവര്‍ന്നെടുത്ത സംഘടിത പൗരോഹിത്യത്തിന്റെ വികല ദര്‍ശനത്തിന്റെ അടയാളങ്ങളായി നമുക്ക് കാണേണ്ടിവരും. ഇപ്പോള്‍ മത വിശ്വാസികളുടെ ഇന്ത്യന്‍ പരിസരത്ത്, പ്രത്യേകിച്ച് കേരളീയ പരിസരത്ത് ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് വൈദികരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്ന, തീര്‍ത്തും അസാധാരണവും അതിലേറെ അരോചകവുമായ ലൈംഗികാപവാദത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ പൗരോഹിത്യ അഴുക്കുചാലുകള്‍ നമുക്ക് ശരിക്കും കാണാനാവുന്നുണ്ട്.

(പൗരോഹിത്യം ദൈവത്തിന്റെ ശത്രുപക്ഷത്ത് - കുഞ്ഞബ്ദുല്ല അഞ്ചില്ലത്ത് - പ്രബോധനം വാരിക)

ദൈവമില്ല എന്ന പൊതു ദാര്‍ശനിക പരിസരത്തില്‍ നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം രാമനും യഹോവയും അല്ലാഹുവും ഒന്നും യാഥാര്‍ത്ഥ്യമല്ല. അതൊക്കെ അന്ധവിശ്വാസമാണ്. അത്രയും എളുപ്പത്തില്‍ രാമനെ മാത്രമായോ അല്ലെങ്കില്‍ എല്ലാ 'സര്‍വശക്ത'ന്മാരേയും കൂടിയോ ദൈവമല്ലാതാക്കി മാറ്റാന്‍ മതഗ്രന്ഥങ്ങളുടെ കേവലമായ മതേതര വ്യാഖ്യാനങ്ങള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. രാമായണം എല്ലാവര്‍ക്കും വായിക്കാനും പഠിക്കാനും ഉള്ള അവസരം ഇപ്പോള്‍ ഉണ്ട്. അതുകൊണ്ട് എല്ലാ ക്ഷേത്രങ്ങളിലും ഭക്തിപൂര്‍വമോ കേവലം പ്രകടനപരതയുടെ പേരിലോ രാമായണം പാരായണം ചെയ്യപ്പെടുമ്പോള്‍ ഒ രു പ്രതിരാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി അതിനെ മാറ്റുന്നത് കൂടുതല്‍ ഹൈന്ദവ കേന്ദ്രീകരണത്തിലേക്കും നവഹിന്ദുത്വത്തിന്റെ കൂടുതല്‍ സാധൂകരണത്തിലേക്കും നയിക്കും എന്നത് കാണാതിരുന്നുകൂടാ. എങ്കിലും ആത്യന്തികമായി എനിക്ക് സൂചിപ്പിക്കാനുള്ളത്, രാഷ്ട്രീയം സാധ്യമായതിന്റെ കലയാണ് എന്നതാണ്.

(സിപിഎമ്മുകാര്‍ ഏതു രാമായണം വായിക്കും?- ടി.ടി. ശ്രീകുമാര്‍ -സമകാലിക മലയാളം)

ഉദിത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.