'പാവപ്പെട്ട ഒരമ്മയുടെ മകനായി പിറന്നതിൽ ഏറെ അഭിമാനിക്കുന്നു' ; താഴെത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യം

Sunday 29 July 2018 11:22 am IST
താൻ പങ്കാളിയാണ് എന്നാൽ അത് രാജ്യത്തെ പാവപ്പെട്ട തൊഴിലാളികളുടെയും കർഷകരുടെയും സാധാരണക്കാരുടെയും വേദനകൾ പങ്കുവയ്ക്കുന്നതിനിലാണ്,

ന്യൂദൽഹി: കേന്ദ്രസർക്കാർ രാജ്യത്തെ പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദാരിദ്ര്യത്തിൻ്റെ കഷ്ടപ്പാടുകൾ താൻ ഏറെ അനുഭവിച്ചിട്ടുണ്ടെന്നും അതിനാൽ സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കാൻ സാധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

പാവപ്പെട്ട ഒരമ്മയുടെ മകനായി പിറന്നതിൽ താൻ ഏറെ അഭിമാനിക്കുന്നു. ദാരിദ്ര്യം തനിക്ക് എല്ലായ്പ്പോഴും ആത്മാർഥതയും മനശ്ശക്തിയും പ്രധാനം നൽകി.- പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിൻ്റെ മൂന്ന് പദ്ധതികളുടെ ( സ്മാർട്ട് സിറ്റി മിഷൻ, അമൃത്, പി-മെ)  മൂന്നാം വാർഷിക ദിനത്തിൽ ലക്നൗവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  റാഫേൽ കരാറിൽ തന്നെ പങ്കാളിയെന്ന് വിളിച്ച് അധിക്ഷേപിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തക്ക മറുപടി നൽകാനും അദ്ദേഹം മറന്നില്ല. 

താൻ പങ്കാളിയാണ് എന്നാൽ അത് രാജ്യത്തെ പാവപ്പെട്ട തൊഴിലാളികളുടെയും കർഷകരുടെയും സാധാരണക്കാരുടെയും വേദനകൾ പങ്കുവയ്ക്കുന്നതിനിലാണ്, അതിൽ ഏറെ അഭിമാനം കൊള്ളുന്നു, താൻ ഒരിക്കലും കാവൽക്കാരനല്ല- മോദി പറഞ്ഞു.

2022ഓടുകൂടി രാജ്യത്തെ എല്ലാവർക്കും തലചായ്ക്കാനൊരിടം യാഥാർത്ഥ്യമാകും. രാജ്യത്തെ ഗ്രാമങ്ങളിൽ ഇതിനോടകം ഒരു കോടിയിലധികം വീടുകൾ പാവപ്പെട്ടവർക്ക് നൽകാനായി. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നഗരങ്ങളിൽ 54 ലക്ഷം വീടുകളാണ് ഇതിനോടകം പണികഴിപ്പിച്ചത്. എല്ലാ വീടുകളിലും ശൗചാലയം, വൈദ്യുതി എന്നിവ എത്തിക്കാനായി. വരാൻ പോകുന്ന തലമുറയ്ക്കായി വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികം, വിനോദം തുടങ്ങി എല്ലാ മേഖലകളിലും വ്യത്യസ്തങ്ങളായ പദ്ധതികൾ കൊണ്ടു വരാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ വികസനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് നിരവധി സ്മാർട്ട് സിറ്റികൾ ഇന്ത്യയിലുണ്ടാകും. ലോകോത്തര നിലവാരമുള്ള സ്മാർട്ട് സിറ്റികളാണ് കേന്ദ്രസർക്കാരിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് അദ്ദേഹം ലക്നൗവിൽ എത്തിയത്. ഞായറാഴ്ച അദ്ദേഹം അറുപതിനായിരം കോടിയുടെ വിവിധ പ്രോജക്ടുകളാണ് ലക്നൗവിൽ ഉദ്ഘാടനം ചെയ്യുന്നത്. 

2019ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള ഉത്തർപ്രദേശിലെ ഈ സന്ദർശനം പാർട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. നേരത്തെ അദ്ദേഹം യുപിയിലെ വാരാണസി, മിർസപുർ, ആസംഗഢ് എന്നീ ജില്ലകളിൽ സന്ദർശനം നടത്തിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.