ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റവും അനുയോജ്യനായ നേതാവാണ് മോദിയെന്നും രാജ്യത്തിന്റെ വികസനത്തിന് മോദിയെ വീണ്ടും വിജയിപ്പിച്ച് പ്രധാനമന്ത്രിയാക്കണമെന്നും കങ്കണ പറഞ്ഞു.
അച്ഛന്റെയോ അമ്മയുടെയോ പാരമ്പര്യം കാരണമല്ല, കഠിനാധ്വാനത്തിലൂടെയാണ് മോദി പ്രധാനമന്ത്രിയായത്. അദ്ദേഹം അര്‍ഹിക്കുന്ന സ്ഥാനമാണത്. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ വിശ്വാസ്യതയെ സംശയിക്കാനുള്ള സാഹചര്യമില്ല. പ്രധാനമന്ത്രിയാകാന്‍ എന്തുകൊണ്ടും ഏറ്റവും യോഗ്യന്‍ മോദിയാണ്. മോദിയുടെ കുട്ടിക്കാലത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘ചലോ ജീത്തേ ഹേം’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കങ്കണ.
2019ലും മോദി ജയിക്കണമെന്ന് കങ്കണ ചൂണ്ടിക്കാട്ടി. രാജ്യം ചവറുകുഴിയിലാണ് ഉണ്ടായിരുന്നത്. ഇതില്‍നിന്നും രാജ്യത്തെ പുറത്തെത്തിക്കാന്‍ അഞ്ച് വര്‍ഷം പോര. രാഷ്ട്രീയത്തില്‍ ഇറങ്ങുമോയെന്ന ചോദ്യവും കങ്കണ നിഷേധിച്ചില്ല. ഇപ്പോള്‍ പ്രായമായിട്ടില്ല. അതിനുള്ള അറിവുമില്ല. സാഹചര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും രംഗത്തിറങ്ങും.
രാജ്യത്തിന് നേരെയുള്ള ഭീഷണികള്‍ ചെറുക്കാന്‍ നമ്മുടെ സൈനികര്‍ കാവല്‍ നില്‍ക്കുന്നുണ്ട്. എന്നെങ്കിലും ആവശ്യമുണ്ടായാല്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല, രാജ്യത്തിന് വേണ്ടിയും ജീവിതം മാറ്റിവെക്കാന്‍ തയ്യാറാണ്. അവര്‍ വ്യക്തമാക്കി. ബോളിവുഡിലെ മുന്‍നിര നായികമാരിലൊരാളായ കങ്കണ മൂന്ന് തവണ ദേശീയ അവാര്‍ഡും നാല് തവണ ഫിലിം ഫെയര്‍ അവാര്‍ഡും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: