ബ്രിട്ടീഷ്‌ അധ്യാപികയെ കൊലപ്പെടുത്തിയ ജപ്പാന്‍കാരന്‌ ജീവപര്യന്തം

Thursday 21 July 2011 9:26 pm IST

ടോക്കിയോ: ബ്രിട്ടീഷ്‌ അധ്യാപികയെ ബലാല്‍സംഗം ചെയ്തു കൊന്നതിന്‌ ജപ്പാന്‍കാരന്‌ ജീവപര്യന്തം ശിക്ഷ. അധ്യാപികയുടെ ജഡം മണലില്‍ പൊതിഞ്ഞ്‌ ഒരു ഫ്ലാറ്റിലെ കുളിമുറിയില്‍ കണ്ടെത്തുമയായിരുന്നു.
തത്സുയ ഇച്ചി ഹാഷിയാണ്‌ ബ്രാന്‍ഡനില്‍നിന്നുള്ള 22 കാരിയായ ലിന്‍ഡ്സേ ഹോക്കറെ തന്റെ ടോക്കിയോവിലുള്ള വസതിയില്‍ കൊലപ്പെടുത്തിയത്‌. ബലാല്‍സംഗശ്രമത്തിനിടയില്‍ ശ്വാസംമുട്ടി അവര്‍ മരിച്ചതാണെന്ന്‌ ഇച്ചിഹാഷി പറഞ്ഞു. 2007 ല്‍ ഹാഷിക്ക്‌ ഇംഗ്ലീഷ്‌ പാഠങ്ങള്‍ പഠിപ്പിച്ചശേഷമാണ്‌ അവരെ കാണാതായത്‌. മിസ്‌ ഹാക്കറുടെ പിതാവ്‌ ബില്‍ ഹാഷിക്ക്‌ നല്‍കാവുന്നതില്‍ വച്ചേറ്റവും വലിയ ശിക്ഷ കൊടുക്കണമെന്നും അയാളോട്‌ ഒരു ദയവും കാട്ടരുതെന്നും വാദിച്ചു. തന്റെ മകളോട്‌ ദയാരഹിതമായാണ്‌ അയാള്‍ പെരുമാറിയത്‌, ബില്‍ തുടര്‍ന്നു.
ഒരു സര്‍വകലാശാല ബിരുദധാരിയായ ഹാക്കര്‍ 2006 ലാണ്‌ അധ്യാപികയായത്‌. ഇതിനിടെ ഒളിച്ചോടിയ ഇച്ചിഹാഷി പ്ലാസ്റ്റിക്‌ സര്‍ജറി നടത്തി തിരിച്ചറിയാതിരിക്കാന്‍ ശ്രമിച്ചു. ഒരു സാങ്കല്‍പിക ചിത്രം രൂപകല്‍പ്പന ചെയ്ത ജപ്പാന്‍ പോലീസ്‌ 2009 നവംബറില്‍ ഒരു കടത്തുകടവില്‍നിന്ന്‌ ഇച്ചിഹാഷിയെ അറസ്റ്റുചെയ്തു.
ഇതിനിടെ പ്രസിദ്ധീകൃതമായ തന്റെ പുസ്തകത്തില്‍ കൊലപാതകം ഏറ്റുപറയുന്ന ഇച്ചിഹാഷി താന്‍ പ്ലാസ്റ്റിക്‌ സര്‍ജറി നടത്തിയതും വിവരിക്കുന്നു. തന്റെ സമ്പാദ്യം മുഴുവന്‍ കൊലപ്പെടുത്തിയ മിസ്‌ ഹാക്കറുടെ കുടുംബത്തിന്‌ നല്‍കാന്‍ ഇച്ചിഹാഷി തയ്യാറായിട്ടുണ്ട്‌. താന്‍ മിസ്‌ ഹാക്കറെ തന്റെ മുറിയിലേക്ക്‌ വിളിച്ച്‌ ബലാല്‍സംഗം ചെയ്യാന്‍ മുതിര്‍ന്നുവെന്നും ഒച്ച വെച്ചപ്പോള്‍ ആളുകള്‍ കേട്ട്‌ പോലീസിനെ അറിയിക്കുമെന്ന ഭയംകൊണ്ട്‌ കഴുത്തില്‍ ഞെക്കിപ്പിടിച്ചുവെന്നും ജൂലൈ നാലിലെ വിചാരണയില്‍ ഹാഷി വ്യക്തമാക്കി. താന്‍ അവരുടെ മരണകാരണമായി എന്ന്‌ സമ്മതിക്കുന്ന ഇച്ചിഹാഷി അവരെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യക്തമാക്കി.