'മറഡോണ' മാസാണ്

Sunday 29 July 2018 2:59 pm IST

കാൽപന്തുകളിലൂടെ ലോകം കീഴടക്കിയ നായകൻ. വില്ലത്തരം ഉണ്ടെങ്കിലും ദൈവത്തിൻ്റെ കൈയിലൂടെ മറഡോണ നായകനായി മാറി. വിഷ്ണു നാരായണൻ സംവിധാനം ചെയ്ത 'മറഡോണ' എന്ന സിനിമയിലെ 'മറഡോണ'യും വില്ലനാണ്. നായകനായി മാറുന്ന വില്ലൻ. 'മറഡോണ' എന്ന ചിത്രവും ഫുട്ബോളുമായി യാതൊരു ബന്ധവുമില്ല. പക്ഷേ ഫുട്ബോളിൻ്റെ പോലെ ആവേശവും ചടുതലയും വശ്യമനോഹാരിതയുമൊക്കെ 'മറഡോണ' എന്ന ചിത്രത്തിലുമുണ്ട്. മറഡോണയായി ടൊവിനോ തോമസ് പ്രേക്ഷക ഹൃദയങ്ങൾ കീഴ്പ്പെടുത്തുകയാണ്.

'മറഡോണ' ആരെന്ന് സൂചന നൽകിയാണ് ചിത്രം തുടങ്ങുന്നത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഒരു തരത്തിൽ വില്ലന്മാരാണ്, നായകന്മാരും. കുട്ടിക്കാലം മുതൽ ഒരുമിച്ചു വളർന്ന രണ്ടു സുഹൃത്തുക്കളുടെ ആത്മബന്ധം കൂടി ചിത്രം പറയുന്നു. മറഡോണയും സുധിയും(ടിറ്റോ വിൽസൺ) എന്തിനും തയ്യാറായ വില്ലന്മാരാണ്.

"ചിലർ അങ്ങനാ, ഒരു ജന്മത്തിലും നന്നാവില്ല" എന്ന് സ്വന്തം വീട്ടുകാർ പോലും എഴുതി തള്ളുന്ന ക്വട്ടേഷനും ഗുണ്ടാപണിയുമായി നടക്കുന്ന ചെറുപ്പക്കാർ. ഒരു വില്ലൻ്റെയും നായകൻ്റെയും കാമുകൻ്റെയും സുഹൃത്തിൻ്റെയും ഭാവങ്ങൾ ടൊവിനോ മികവുറ്റതാക്കിയിരിക്കുന്നു. കുഞ്ഞുങ്ങളോട് പോലും ദാക്ഷിണ്യം കാണിക്കാത്ത വില്ലനിൽ നിന്നും നിസഹായനായ മനുഷ്യനിലേക്ക് പ്രണയം നിറഞ്ഞ കാമുകനിലേക്ക് നന്മ നിറഞ്ഞ നായകനിലേക്കുള്ള മറഡോണയുടെ വേഷപ്പകർച്ചയാണ് സിനിമയുടെ കാതൽ.

എതിരാളികളിൽ നിന്നും രക്ഷപ്പെടാൻ പായുന്ന മറഡോണയിൽ തുടങ്ങിയ ഫ്ലാഷ് ബാക്കിലൂടെയാണ് ചിത്രം നായകനിലെ വില്ലനെ അവതരിപ്പിക്കുന്നത്. ജീവൻ രക്ഷിക്കാനുള്ള പാച്ചിലിൽ താൻ എത്തിപ്പെടുന്ന ഫ്ലാറ്റിൽ പുറത്തിറങ്ങാനാവാതെ ആരോടും മിണ്ടാനാവാത നിസഹായനായി തീരുന്ന മറഡോണയ്ക്കു മുന്നിൽ പുതിയ ലോകവും ഒരു പറ്റം പുതിയ മനുഷ്യരും. പെൺകുട്ടികളെ തമാശ രൂപേണ കണ്ടിരുന്ന നായകൻ താൻ ശരിക്കും പ്രണയിക്കുന്നുണ്ടോ എന്ന് സ്വയം ചോദിക്കുന്ന അവസ്ഥ. അസ്വസ്ഥനായ നായകൻ്റെ മനസിലേക്ക് പ്രണയത്തിൻ്റെ പുതുമഴ പെയ്യിക്കുകയാണ് ആശ എന്ന പെൺകുട്ടി. ശരണ്യ ആർ നായർ എന്ന പുതുമുഖനായികയിൽ "ആശ" എന്ന കഥാപാത്രം ഭദ്രമായിരുന്നു. അവർ തമ്മിലുള്ള സൗഹൃദവും പ്രണയവും അതിൻ്റെ ആഴവും ബോറടികളില്ലാതെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു.

വില്ലൻ പരിവേഷമില്ലാതെ വില്ലനായെത്തുന്ന ചെമ്പൻ വിനോദ് തൻ്റെ പ്രതിഭ തെളിയിക്കുന്നുണ്ട്. സുധിയായി ടിറ്റോ വിൽസണും മറഡോണയുടെ സുഹൃത്തിൻ്റെ സഹോദരിയായി ലിയോണ ലിഷോയ് തിളങ്ങുന്നു. ഓരോ ക്രിമിനലിൻ്റെയും ഉള്ളിൽ പച്ചയായ മനുഷ്യനുണ്ട്, നന്മയുണ്ട് എന്ന് പറയാൻ കൂടി ചിത്രം ശ്രമിക്കുന്നു. സ്നേഹിച്ചു തുടങ്ങിയ നിമിഷം ജീവിതം കൈവിട്ടു പോകുമെന്ന അവസ്ഥയിലേക്കെത്തുന്ന നായകൻ്റെ അതിജീവനത്തിൻ്റെ കഥകൂടിയാണ് മറഡോണ. കൃഷ്ണമൂർത്തിയുടെ രചനയിൽ എസ് വിനോദ് കുമാർ നിർമ്മിച്ച ചിത്രത്തിൽ സുഫിൻ ശ്യാമിൻ്റെ സംഗീതവും ദീപക്കിൻ്റെ ഛായാഗ്രഹണവും ശ്രദ്ധ നേടുന്നുണ്ട്. തേടിയെത്തിയ കഥാപാത്രങ്ങൾ തൻ്റെ കൈയിൽ ഭദ്രമാണെന്ന് ഒരിക്കൽകൂടി തെളിയിക്കുകയാണ് 'മറഡോണ'യിലൂടെ ടൊവിനോ തോമസ്. 'മറഡോണ'യെത്തേടിയെത്തുന്ന പ്രേക്ഷകന് എന്തായാലും നിരാശപ്പെടേണ്ടി വരില്ല.

സി.രാജ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.