വ്യവസായികള്‍ക്കൊപ്പം നില്‍ക്കാന്‍ ഭയക്കുന്നില്ല: മോദി

Sunday 29 July 2018 4:41 pm IST
രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് വ്യവസായികള്‍ എന്നും നിലകൊണ്ടിട്ടുള്ളത്. മറ്റു ചിലരെപ്പോലെ, അവര്‍ക്കൊപ്പം നില്‍ക്കുന്നതിനെ ഒരിക്കലും പേടിക്കുന്ന ഒരാളല്ല ഞാന്‍. വ്യവസായികളെ നിന്ദിക്കേണ്ട ആവശ്യം എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല.

ലക്‌നൗ: വ്യവസായികള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ തനിക്ക് യാതൊരു ഭയവുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശില്‍ 81 പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് വ്യവസായികള്‍ എന്നും നിലകൊണ്ടിട്ടുള്ളത്. മറ്റു ചിലരെപ്പോലെ, അവര്‍ക്കൊപ്പം നില്‍ക്കുന്നതിനെ ഒരിക്കലും പേടിക്കുന്ന ഒരാളല്ല ഞാന്‍. വ്യവസായികളെ നിന്ദിക്കേണ്ട ആവശ്യം എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല. എന്തിനാണവരെ കള്ളന്മാരെന്ന് വിളിക്കുന്നത് എനിക്ക് ശരിയെന്ന് ബോദ്ധ്യമുള്ളതാണ് ചെയ്യുന്നത്. 

പൊതുജനങ്ങളെ അഭിമുഖീകരിക്കാന്‍ മടി കാണിക്കുന്ന ചിലരുണ്ട്. അവര്‍ എപ്പോഴും തിരശീലയ്ക്ക് പിന്നില്‍ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. വ്യവസായികളെ ഒരിക്കല്‍ പോലും ബഹുമാനിക്കാത്ത എത്ര പേര്‍ ഉണ്ടെന്ന് അറിയാമോ ഇവരുടെയൊക്കെ വിമാനത്തിലാണ് വ്യവസായികളെ നിന്ദിക്കുന്നവര്‍ സഞ്ചരിക്കുന്നതെന്ന കാര്യവും അവര്‍ക്ക് അറിയുമോയെന്നും മോദി ചോദിച്ചു.

രാജ്യത്ത് വ്യവസായങ്ങള്‍ ആരംഭിക്കാന്‍ ഏറ്റവും എളുപ്പമുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍ പ്രദേശെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ബിഎസ്പി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ അഞ്ചു വര്‍ഷം ആകെ 50,000 കോടിയാണ് യുപിയില്‍ ചെലവഴിച്ചത്. എന്നാല്‍ ബിജെപി ഒരൊറ്റ വര്‍ഷം കൊണ്ടു ചെലവിട്ടതാകട്ടെ 60,000 കോടിയും. 50,000 കോടിയുടെ പദ്ധതികളും വരാനിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

യുപിയിലെ പദ്ധതികളെല്ലാം പൂര്‍ത്തിയാകുമ്പോള്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ക്കു തൊഴില്‍ ലഭിക്കുമെന്ന് യുപി വ്യവസായ മന്ത്രി സതീഷ് മഹാന പറഞ്ഞു. ചടങ്ങില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് എന്നിവരും സംസാരിച്ചു. പ്രമുഖ വ്യവസായികളായ എം.എ.യൂസഫലി(ലുലു ഗ്രൂപ്പ്), കുമാര്‍ മംഗളം ബിര്‍ള (ബിര്‍ള ഗ്രൂപ്പ്), ഗൗതം അദാനി (അദാനി ഗ്രൂപ്പ്), സുഭാഷ് ചന്ദ്ര (എസ്സാര്‍ ഗൂപ്പ്), സഞ്ജീവ് പുരി (ഐടിസി), ബിആര്‍ ഷെട്ടി (എന്‍എംസി ഹെല്‍ത്ത്) എന്നിവരും സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.