റവന്യു വകുപ്പിന്റെ അലംഭാവം: കോടികള്‍ മുടക്കി പണിത പുതിയ പാലത്തില്‍ കയറാനാവാതെ തീവണ്ടികള്‍ യാത്ര തുടരുന്നു

Sunday 29 July 2018 6:19 pm IST

 

തലശ്ശേരി: അതീവ ദുര്‍ബ്ബലാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പെ ബ്ലാക്ക് ലിസ്റ്റില്‍ ഇടം പിടിച്ച വയസ്സന്‍ പാലങ്ങളിലൂടെ തീവണ്ടികള്‍ക്ക് ഇപ്പോഴും സുഖ യാത്ര. കോടികള്‍ മുടക്കി പുതിയ പാലം ഒരുങ്ങി നില്‍ക്കുമ്പോഴാണ് റെയില്‍വെക്ക് ഞാണിന്മേല്‍ കളി തുടരേണ്ടി വരുന്നത്. 

ഷൊര്‍ണൂര്‍  മംഗലാപുരം ലൈനിലുള്ള ഭൂരിഭാഗം പാലങ്ങളും പഴയവയാണ്. ഇവയില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട എലത്തൂര്‍, വടകര മൂര്യാട്, മാഹി, ധര്‍മ്മടം, ഏഴിമല, കാര്യങ്കോട്, ബേക്കല്‍ തുടങ്ങിയ പാലങ്ങളിലൂടെ വേഗനിയന്ത്രണം പാലിച്ചും ഇടക്കിടെ പരിശോധന നടത്തി അപകടമില്ലെന്ന് ഉറപ്പ് വരുത്തിയുമാണ് റെയില്‍വെ എഞ്ചിനിയറിംഗ് വിഭാഗം യാത്രാ ചരക്ക് തീവണ്ടികളെ പുഴ കടത്തിവിടുന്നത്. കാര്യങ്കോട്, വടകര മുര്യാട്, ധര്‍മ്മടം, കുടക്കടവ്, ബേക്കല്‍, പള്ളിക്കര, ഏഴിമല, കുമ്പള എന്നിവിടങ്ങളില്‍ പുതിയ പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. അവസാനഘട്ട മിനുക്ക് പണികള്‍ നടന്നുവരികയാണ്.. എന്നാല്‍ തീവണ്ടികളെ ഇവയിലേക്ക് കടത്തിവിടാനാവാത്ത ഗതികേടിലാണ് റെയില്‍വെ ചെന്നുപെട്ടിട്ടുള്ളത്. പുതിയ പാലത്തിലേക്ക് പാളം നീട്ടാനുള്ള സ്ഥലം സ്വകാര്യ വ്യക്തികളുടേതാണ്. വില സ്വീകാര്യമാവാത്തതിനാല്‍ പലരും ഭൂമി വിട്ടു നല്‍കുന്നില്ല. റവന്യു വകുപ്പുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ 115 വയസ്സ് പിന്നിട്ട മുത്തശ്ശി പാലങ്ങളിലൂടെ തിവണ്ടികള്‍ നോക്കിയും കണ്ടും ഇഴയേണ്ടി വരുമെന്നതാണ് വര്‍ത്തമാനകാല അനുഭവം. ഇത് കാരണം യാത്രക്കാരും നാട്ടുകാരുമാകട്ടെ ഇപ്പോള്‍ നെഞ്ചിടിപ്പോടെയാണ് തീവണ്ടിയാത്രയെ വീക്ഷിക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.