നിര്‍ദ്ദിഷ്ട ഉള്‍നാടന്‍ ജലപാത: ആശങ്കകളും പ്രതിക്ഷകളുമായി നാടിന്റെ കാത്തിരിപ്പ് തുടരുന്നു

Sunday 29 July 2018 9:02 pm IST

 

തലശ്ശേരി: നാടിന്റെ വികസന വഴിയില്‍ നാഴികക്കല്ലായി മാറുന്ന നിര്‍ദ്ദിഷ്ട ഉള്‍നാടന്‍ ജലപാത പദ്ധതിക്ക് കണ്ണൂര്‍ ജില്ലയില്‍ ആലസ്യം. ഇവിടെ സര്‍വ്വേ നടത്തി അതിരിട്ടു വെച്ച് പുഴകള്‍ വീതികൂട്ടി ആഴം വര്‍ദ്ധിപ്പിക്കാനും പുഴകളെ തമ്മില്‍ ബന്ധിപ്പിക്കേണ്ട ദൂരത്തിലുള്ള ഭൂമി ഏറ്റെടുക്കാനും ഇതേവരെ അധികൃതര്‍ക്കായിട്ടില്ല. ഏതാണ്ട് കാല്‍ നൂറ്റാണ്ടോളമായി പറഞ്ഞു കേള്‍ക്കുന്ന പദ്ധതിയാണ് ജലപാത എന്നത്.

കോവളം മുതല്‍ ബേക്കല്‍ വരെ തടസ്സങ്ങളൊന്നുമില്ലാതെ ജലഗതാഗതം സാധ്യമാവുന്ന ഉള്‍നാടന്‍ ജലപാത 2020 ല്‍ പൂര്‍ത്തീകരിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. സംസ്ഥാനത്തിന്റെ പുരോഗതിക്ക് ജലപാത അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം പച്ചക്കൊടി വീശിയതോടെ ഇതിനായുള്ള നീക്കങ്ങള്‍ക്ക് ഗതിവേഗം കൈവന്നു. സ്ഥലം ഏറ്റെടുക്കുന്നതിന് ബജറ്റില്‍ പണവും വകയിരുത്തി. 600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജലപാതക്കായി കിഫ്ബി വഴി 650 കോടി രൂപയായിരുന്നു നീക്കിവെച്ചത്. പാതയുടെ യാത്രാ വഴിയില്‍ വടകരയില്‍ നിന്നും മാഹിയിലേക്ക് കനാല്‍ വെട്ടിക്കീറുന്ന പണി പുരോഗമിച്ചു വരുന്നുമുണ്ട്. എന്നാല്‍ മാഹി പിന്നിട്ട് കണ്ണൂര്‍ ജില്ലയെ തൊട്ടപ്പോഴാണ് പ്രശ്‌നങ്ങള്‍ തലപൊക്കിത്തുടങ്ങിയത്. മയ്യഴി പുഴയില്‍ നിന്ന് പെരിങ്ങത്തൂര്‍, പാലത്തായി, കണ്ണംവള്ളി, മൊകേരി വഴി ചടാലപ്പുഴയില്‍ ചേരുന്ന കനാല്‍ എരഞ്ഞോളിയിലൂടെ കുയ്യാലിയില്‍ എത്തുകയും അവിടെ നിന്ന് ഇല്ലിക്കുന്നില്‍ മുക്കാല്‍ കിലോമീറ്ററോളം കനാല്‍ വെട്ടി ധര്‍മ്മടംപുഴയില്‍ ചെന്നു ചേരുകയും തുടര്‍ന്ന് മമ്മാക്കുന്നിലെത്തി കാടാച്ചിറ, ചാല, വാരം വഴി മുണ്ടേരിക്കടവിലുമെത്തണം. ഇതിനായി മയ്യഴി പുഴയില്‍ നിന്ന് എരഞ്ഞോളി പുഴയിലേക്ക് 10 കിലോമീറ്ററും ഇല്ലിക്കുന്നില്‍ മുക്കാല്‍ കിലോമീറ്ററും മമ്മാക്കുന്നില്‍ നിന്ന് മുണ്ടേരി പുഴയിലേക്ക് 15 കിലോ മീറ്ററും പുതുതായി കനാല്‍ വെട്ടണം. 

അടയാളമിട്ട സ്ഥലങ്ങളിലെല്ലാം എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയതാണ് ആശങ്കയുണര്‍ത്തുന്നത്. അതോടൊപ്പം സിപിഎം ശക്തികേന്ദ്രങ്ങള്‍ ഒഴിവാക്കിയാണ് സര്‍വ്വെ നടത്തിയതെന്ന ആരോപണവും എതിര്‍പ്പുമായി രംഗത്തിറങ്ങിയവര്‍ ഉയര്‍ത്തുന്നുണ്ട്. ദേശീയപാതാ വഴിയില്‍ വയല്‍ക്കിളികള്‍ പ്രതിഷേധമുയര്‍ത്തിയ കീഴാറ്റൂരും തൊട്ടുപിറകെ തുരുത്തിയും തൊട്ടപ്പോള്‍ത്തന്നെ കൈ പൊള്ളിയ സര്‍ക്കാര്‍ ഉള്‍നാടന്‍ ജലപാത സ്ഥലമെടുപ്പിന് ഏറെ കരുതലോടെയാണ് ചുവട് വെക്കുന്നത്. വീടുകള്‍ പരമാവധി ഒഴിവാക്കിയും കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക് മികച്ച പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചും പ്രതിഷേധക്കാരെ അനുനയിപ്പിച്ച് സര്‍ക്കാരിനൊപ്പം ചേര്‍ത്തു നിര്‍ത്താനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. 

കൃത്രിമ കനാല്‍ നിര്‍മ്മിച്ചാല്‍ അതിലൂടെ ഉപ്പു വെള്ളമാണ് ഒഴുകുകയെന്നും കനാല്‍ കടന്നു പോവുന്ന പ്രദേശങ്ങളിലെ കിണറുകള്‍ വറ്റുമെന്നും ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. അതിനാലാണ് ചിലര്‍ പദ്ധതിയെ എതിര്‍ക്കുന്നതെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ തെറ്റിദ്ധാരണകള്‍ അകറ്റാന്‍ വിവിധ ഏജന്‍സികളിലൂടെ ബോധവല്‍ക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. റോഡ് ഗതാഗതം അനുദിനം ദുര്‍ഘടമായിത്തീരുന്ന വര്‍ത്തമാന കാലത്ത് ഉള്‍നാടന്‍ ജലപാത അനിവാര്യമാണെന്ന അഭിപ്രായമാണ് പൊതുവെയുള്ളത്. എന്നാല്‍ പാതയുടെ വശങ്ങളിലുള്ളവരുടെ ആശങ്ക കഴമ്പില്ലാത്തതുമല്ല. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് നാടിന്റെ വികസനം സ്വപ്‌നം കാണുന്നവര്‍ വിശ്വസിക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.