വീട്ടമ്മയെയും മകളെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; പോക്‌സോ കേസ് പ്രതി അറസ്റ്റില്‍

Sunday 29 July 2018 9:07 pm IST

 

ഉദുമ: വീട്ടമ്മയെയും മകളെയും വീട്ടില്‍ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍. ഉദുമ ബാര അരമങ്ങാനത്തെ കെ.സജിത്തിനെ(25)യാണ് ബേക്കല്‍ എസ്‌ഐ വിനോദ്കുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 

ശനിയാഴ്ച രാത്രി 12 മണിയോടെ സജിത്ത് മദ്യലഹരിയില്‍ 40 കാരിയായ വീട്ടമ്മയെയും 19 വയസ്സുള്ള മകളെയും അവര്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മയുടെയും മകളുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സജിത്തിനെ മല്‍പ്പിടുത്തത്തിലൂടെ കീഴടക്കി ബേക്കല്‍ പോലീസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കുത്തേറ്റ വീട്ടമ്മയെയും മകളെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നിന്നും പോലീസ് വിശദമായ മൊഴിയെടുത്ത ശേഷം 308 വകുപ്പ് പ്രകാരം സജിത്തിനെതിരെ കേസെടുക്കുകയായിരുന്നു. 

പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിന് പോക്‌സോപ്രകാരം സജിത്തിനെതിരെ നേരത്തെ കേസെത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ശനിയാഴ്ച സജിത്ത് വീട്ടില്‍ക്കയറി വീട്ടമ്മയെയും മകളെയും കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് പോലീസ് പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.