ഗ്രന്ഥാലോകം ലേഖനം; സിപിഎമ്മിന്റെ നടപടി പ്രതിഷേധാര്‍ഹം: തപസ്യ

Monday 30 July 2018 1:11 am IST
കാള്‍ മാര്‍ക്‌സിനെ ഇന്ത്യയില്‍ ആദ്യം പരിചയപ്പെടുത്തിയത് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള അല്ലെന്നും ലാലാ ഹര്‍ദയാല്‍ എന്ന ഹിന്ദി സാഹിത്യകാരനാണെന്നുമുള്ള യാഥാര്‍ഥ്യം ലേഖന രൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ രാമചന്ദ്രനോടുള്ള അസഹിഷ്ണുതയാണ് ആ ലേഖനം പ്രസിദ്ധീകരിക്കാന്‍ തയാറായ പത്രാധിപരെ ഇടതു സര്‍ക്കാര്‍ പുറത്താക്കിയതിന് കാരണം.

കാസര്‍കോട്: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള രചിച്ച കാള്‍ മാര്‍ക്‌സിന്റെ ജീവചരിത്രത്തെ, വസ്തുനിഷ്ഠമായ തെളിവുകള്‍ നിരത്തി വിമര്‍ശിക്കുന്ന ലേഖനം പ്രസിദ്ധപ്പെടുത്തിയതിന്റെ പേരില്‍ ഗ്രന്ഥാലോകം മാസികയുടെ പത്രാധിപരെ രാജിവെപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് തപസ്യ കലാസാഹിത്യ വേദി ആരോപിച്ചു. ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രമായ ഗ്രന്ഥാലോകത്തിന്റെ മേല്‍ പാര്‍ട്ടി നടത്തിയ അവിഹിത ഇടപെടലില്‍ തപസ്യ സംസ്ഥാന പഠനശിബിരം പ്രതിഷേധിച്ചു.

കാള്‍ മാര്‍ക്‌സിനെ ഇന്ത്യയില്‍ ആദ്യം പരിചയപ്പെടുത്തിയത് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള അല്ലെന്നും ലാലാ ഹര്‍ദയാല്‍ എന്ന ഹിന്ദി സാഹിത്യകാരനാണെന്നുമുള്ള യാഥാര്‍ഥ്യം ലേഖന രൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ രാമചന്ദ്രനോടുള്ള അസഹിഷ്ണുതയാണ് ആ ലേഖനം പ്രസിദ്ധീകരിക്കാന്‍ തയാറായ പത്രാധിപരെ ഇടതു സര്‍ക്കാര്‍ പുറത്താക്കിയതിന് കാരണം. എഴുത്തുകാരന്റെയും പത്രാധിപന്മാരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നടപടിക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ സാംസ്‌കാരിക കേരളം ധൈര്യം കാട്ടണമെന്ന് തപസ്യ ശിബിരം ആവശ്യപ്പെട്ടു.

സംസ്ഥാന ജോയിന്റ് ജന. സെക്രട്ടറി യു.പി. സന്തോഷ് പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പ്രൊഫ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ പിന്താങ്ങി. സംഘടനാ ചര്‍ച്ചയില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി. രജിത്ത് കുമാര്‍, ജോ. ജന. സെകട്ടറി എം. സതീശന്‍, സംഘടനാ കാര്യദര്‍ശി പി. ഉണ്ണികൃഷ്ണന്‍, മുരളി പാറപ്പുറം, അനൂപ് കുന്നത്ത്, കെ. സച്ചിദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസ് സമാപന സന്ദേശം നല്‍കി. ട്രഷറര്‍ ലക്ഷ്മീനാരായണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സഹസംഘടനാ സെക്രട്ടറി കെ.പി. വേണുഗോപാല്‍, സംഘടനാ സെക്രട്ടറി പി. ഉണ്ണിക്കൃഷ്ണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സി. റെജിത്കുമാര്‍, ജില്ലാ സെക്രട്ടറി ശൈലേന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.