ട്രോളിങ് നിരോധനം നാളെ തീരും; ചാകര കാത്ത് തീരം

Monday 30 July 2018 1:12 am IST
നീണ്ടകര പാലത്തിന്റെ തൂണുകളില്‍ ബന്ധിപ്പിച്ചിരിക്കുന്ന ഇരുമ്പുവടം ഫിഷറീസ് വകുപ്പ് അധികൃതര്‍ നീക്കം ചെയ്യുന്നതോടെ ട്രോളിംഗ് ബോട്ടുകള്‍ കൂട്ടത്തോടെ മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകും. നിരോധന കാലയളവിലാണ് ബോട്ടുകളുടെ അറ്റകുറ്റപണികള്‍ പ്രധാനമായും നടക്കുക.

കൊല്ലം: 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം 31ന് അവസാനിക്കും. വറുതിയുടെ നാളുകള്‍ അവസാനിച്ച് തീരത്തിനി ചാകര കൊയ്ത്തിന്റെ തുടക്കമാകുമെന്നാണ് പ്രതീക്ഷ. എല്ലാവര്‍ഷവും 47 ദിവസമായിരുന്നു ട്രോളിങ് ബോട്ടുകള്‍ക്ക് നിരോധനമെങ്കില്‍ ഇത്തവണ അത് 52 ദിവസമായി ദീര്‍ഘിപ്പിക്കുകയായിരുന്നു. കേന്ദ്ര ട്രോളിങ് നയവുമായി ഏകീകരിയ്ക്കുന്നതിന്റെ ഭാഗമായാണ് കാലയളവ് ദീര്‍ഘിപ്പിച്ചത്. ചൊവ്വാഴ്ച്ച അര്‍ധരാത്രി 12ന് ട്രോളിങ് നിരോധനത്തിന് അവസാനമാകും. 

നീണ്ടകര പാലത്തിന്റെ തൂണുകളില്‍ ബന്ധിപ്പിച്ചിരിക്കുന്ന ഇരുമ്പുവടം ഫിഷറീസ് വകുപ്പ് അധികൃതര്‍ നീക്കം ചെയ്യുന്നതോടെ ട്രോളിംഗ് ബോട്ടുകള്‍ കൂട്ടത്തോടെ മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകും. നിരോധന കാലയളവിലാണ് ബോട്ടുകളുടെ അറ്റകുറ്റപണികള്‍ പ്രധാനമായും നടക്കുക. 

ഇത്തവണ മഴ മാറി നില്‍ക്കാത്തത് ബോട്ടുകളുടെ പെയിന്റിങ്  ഉള്‍പ്പെടെയുള്ള ജോലികളെ ബാധിച്ചതായി ബോട്ടുടമകള്‍ പറയുന്നു. നാട്ടില്‍ അവധിക്ക് പോയിരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തി തുടങ്ങിയിട്ടുണ്ട്. തുടര്‍ച്ചയായി പെയ്ത അതിശക്തമായ മഴ കടല്‍ജലത്തെ തണുപ്പിച്ച് അത് മത്സ്യപ്രജനനത്തിനും മത്സ്യലഭ്യതയ്ക്കും സഹായകരമാകുമെന്നാണ് മത്സ്യമേഖലയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ട്രോളിങ് നിരോധന കാലയളവ് ദീര്‍ഘിപ്പിച്ചതും ഗുണകരമാകുമെന്ന കണക്കുകൂട്ടലാണ് ഉള്ളത്. അതിനാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചാകര കൊയ്ത്ത് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തീരദേശ ജനത. 

ബോട്ടുകള്‍ വന്ന് തുടങ്ങുന്നതോടെ നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളും സജീവമാകും. അടച്ചിട്ടിരിക്കുന്ന ഡീസല്‍ പമ്പുകളും, ഐസ് പ്ലാന്റുകളും പ്രവര്‍ത്തനം ആരംഭിക്കും. അതേസമയം തുടര്‍ച്ചയായി ഉണ്ടാകുന്ന കാറ്റും കടല്‍ക്ഷോഭവും മത്സ്യബന്ധന മേഖലയ്ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.