ലൈംഗിക പീഡനം: അമേരിക്കയില്‍ കര്‍ദിനാള്‍ രാജിവെച്ചു

Monday 30 July 2018 1:17 am IST
1969ല്‍ തനിക്കു പതിനൊന്നു വയസുള്ളപ്പോള്‍ കര്‍ദിനാള്‍ പീഡിപ്പിച്ചു എന്ന ആരോപണവുമായി ജെയിംസ് എന്നയാളാണ് ആദ്യം രംഗത്തു വന്നത്. പിന്നീടു മറ്റു ചില ആരോപണങ്ങള്‍ കൂടി വന്നതോടെ ന്യൂയോര്‍ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ അത് ഗൗരവത്തിലെടുത്തു.

റോം: അമ്പതു വര്‍ഷം മുമ്പു നടന്ന ലൈംഗിക പീഡന ആരോപണങ്ങളില്‍ യാഥാര്‍ഥ്യമുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് വത്തിക്കാനില്‍ ഏറ്റവും സ്വാധീനമുള്ള കര്‍ദിനാള്‍ തിയോഡര്‍ ഇ മക്കാറിക് രാജിവെച്ചു. വാഷിങ്ടണ്‍ ആര്‍ച്ച് ബിഷപ്പായിരുന്ന, എണ്‍പത്തെട്ടുകരനായ കര്‍ദിനാളിന്റെ രാജി പോപ്പ് ഫ്രാന്‍സിസ് നിര്‍ബന്ധപൂര്‍വം വാങ്ങുകയായിരുന്നു എന്നും സൂചനയുണ്ട്. ലൈംഗികാരോപണത്തെത്തുടര്‍ന്ന് വത്തിക്കാനിലെ കര്‍ദിനാള്‍ സമിതിയില്‍ നിന്നു രാജിവെക്കുന്ന ആദ്യ ക്രൈസ്തവ പുരോഹിതനാണ് തിയോഡര്‍ ഇ മക്കാറിക്. 

ന്യൂയോര്‍ക്കില്‍ വികാരിയായിരിക്കെ അമ്പതു വര്‍ഷം മുമ്പ് ഒരു ആണ്‍കുട്ടിയെ ലൈംഗികമായി തിയോഡര്‍ ഇ മക്കാറിക് പീഡിപ്പിച്ചു എന്നായിരുന്നു ആദ്യ കേസ്. 

1969ല്‍ തനിക്കു പതിനൊന്നു വയസുള്ളപ്പോള്‍ കര്‍ദിനാള്‍ പീഡിപ്പിച്ചു എന്ന ആരോപണവുമായി ജെയിംസ് എന്നയാളാണ് ആദ്യം രംഗത്തു വന്നത്. പിന്നീടു മറ്റു ചില ആരോപണങ്ങള്‍ കൂടി വന്നതോടെ ന്യൂയോര്‍ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ അത് ഗൗരവത്തിലെടുത്തു.

വാഷിങ്ടണ്‍ ആര്‍ച്ച് ബിഷപ്പായതോടെ അമേരിക്കയിലെ ഏറ്റവും ശക്തനായ വ്യക്തികളില്‍ ഒരാളായി തിയോഡര്‍ ഇ മക്കാറിക് മാറി. എണ്‍പതുകളില്‍ ന്യൂ ജെഴ്‌സിയിലെ ബിഷപ്പായിരുന്നപ്പോള്‍ ഉയര്‍ന്ന ചില ലൈംഗികാരോപണങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ അതുന്നയിച്ചവര്‍ക്ക് വന്‍തുക നല്‍കിയതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടു. 

നിയമനടപടികള്‍ ആരംഭിച്ചതിനൊപ്പം വത്തിക്കാന്‍ സഭാതലത്തിലുള്ള അന്വേഷണവും ആരംഭിച്ചിരുന്നു. ആരോപണങ്ങളില്‍ കഴമ്പുണ്ട് എന്നു സഭയുടെ അന്വേഷണ സമിതി കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ മുതല്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് കര്‍ദിനാളിനെ മാര്‍പ്പാപ്പ വിലക്കിയിരുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജിക്കത്ത് കര്‍ദിനാള്‍ നല്‍കിയത്. കര്‍ദിനാളിന് പ്രാര്‍ഥാനാഭരിതമായ തുടര്‍ ജീവിതം ആശംസിക്കുന്നു എന്ന് രാജി സ്വീകരിച്ചു പുറത്തിറക്കിയ പ്രസ്താവനയില്‍ വത്തിക്കാന്‍ പറയുന്നു. വിവിധതലങ്ങളിലുള്ള അന്വേഷണത്തിനു ശേഷം തുടര്‍ തീരുമാനങ്ങളെടുക്കുമെന്നും വത്തിക്കാന്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.