പാക്കിസ്ഥാനുള്ള പ്രതിരോധ സഹായം അമേരിക്ക വെട്ടിക്കുറയ്ക്കും

Monday 30 July 2018 3:16 am IST

വാഷിങ്ടണ്‍: പാക്കിസ്ഥാന് നല്‍കുന്ന പ്രതിരോധ സാമ്പത്തിക സഹായം അമേരിക്ക വെട്ടിക്കുറയ്ക്കും. 700 ദശലക്ഷം ഡോളറില്‍ നിന്ന് 150 ദശലക്ഷം ഡോളറായി ചുരുക്കാനാണ് തീരുമാനമെന്നാണ് പുതിയ പ്രതിരോധ സാമ്പത്തിക ബില്ലിനെ പരാമര്‍ശിച്ച് വിദഗ്ധര്‍ നല്‍കുന്ന സൂചന. 

2019ലേക്കുള്ള പ്രതിരോധ സാമ്പത്തിക സഹായ ബില്‍ ഒപ്പു വെയ്ക്കാനായി അടുത്തയാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു മുമ്പിലെത്തും. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുഎസ് പ്രതിനിധിസഭ ബില്‍ പാസാക്കിയത്. ബില്‍, പാക്കിസ്ഥാന് ഭാവിയില്‍ നല്‍കുന്ന സാമ്പത്തിക സഹായവുമായി ബന്ധപ്പെടുത്തില്ല. മുന്‍ വര്‍ഷങ്ങളില്‍ ഭീകരവാദത്തെ ചെറുക്കാനെന്ന പേരിലാണ് പാക്കിസ്ഥാന്‍ സാമ്പത്തിക സഹായം സ്വീകരിച്ചിരുന്നത്. പക്ഷേ ഭീകര പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ പാക്കിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് കണ്ടതോടെയാണ് സഹായം വെട്ടിക്കുറയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചത്. 

അഫ്ഗാനിസ്ഥാനില്‍, ഭീകരവാദത്തെ പ്രതിരോധിക്കാന്‍ അമേരിക്ക നേതൃത്വം നല്‍കിയ രാഷ്ട്രങ്ങളുടെ സഖ്യത്തിനായുള്ള സഹായ നിധി (സിഎസ്എഫ്)യിലൂടെയാണ് പാക്കിസ്ഥാന് ഇതുവരെ ധനസഹായത്തിന്റെ നല്ലൊരു പങ്കും അമേരിക്ക നല്‍കിക്കൊണ്ടിരുന്നത്. പാക്കിസ്ഥാന്‍ ജനറല്‍മാര്‍ക്കുള്ള കൈക്കൂലിയെന്നാണ് ഈ സഹായനിധി അറിയപ്പെടുന്നത്. 

സിഎസ്എഫ്‌നു നല്‍കുന്ന മൊത്തം ധനസഹായം 350  ദശലക്ഷം ഡോളറായി കുറയ്ക്കാനും അമേരിക്ക തീരുമാനിച്ചു. അതില്‍ 150 ദശലക്ഷം ഡോളറാണ് പാക്കിസ്ഥാനു മാത്രമായി നല്‍കുന്നതെന്ന് യുഎസ് സാമ്പത്തിക വിദഗ്ധന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.