മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍; മണ്ണെണ്ണ സബ്‌സിഡിയും സമാശ്വാസതുകയും നല്‍കാതെ സര്‍ക്കാര്‍

Monday 30 July 2018 3:50 am IST

ആലപ്പുഴ: പഞ്ഞമാസത്തിലും മത്സ്യത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നു. ഔട്ട്‌ബോര്‍ഡ് എഞ്ചിന്‍ പിടിപ്പിച്ച പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് മത്സ്യഫെഡിന്റെ പമ്പുകളില്‍ നിന്നു മണ്ണെണ്ണ വാങ്ങിയതിന്റെ സബ്‌സിഡി സര്‍ക്കാരില്‍ നിന്നു ലഭിക്കാതായിട്ട് അഞ്ച് മാസത്തോളമായി. മഴക്കെടുതിയും, ട്രോളിങ് നിരോധനവും മൂലം വറുതിയിലായ മത്സ്യതൊഴിലാളികള്‍ക്ക് പഞ്ഞമാസത്തില്‍ നല്‍കിവരുന്ന സമാശ്വാസ തുകയും വിതരണം ചെയ്യുന്നില്ല. 

  കടലില്‍ പോയാല്‍ കാര്യമായി മത്സ്യം ലഭിക്കാത്ത സാഹചര്യത്തില്‍ തൊഴിലാളികളെ ഇതു കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. മാര്‍ച്ച് മുതലുള്ള സബ്‌സിഡി കുടിശികയാണു ലഭിക്കുവാനുള്ളത്. നേരത്തെ അതത് മാസത്തെ സബ്‌സിഡി തുക അടുത്തമാസം ആദ്യം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തുമായിരുന്നു. പിന്നീട് ഇത് ലഭിക്കാതായതിനു വ്യക്തമായ മറുപടി പോലും നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.  

ഒരു ലിറ്ററിനു 63 രൂപ പ്രകാരമാണു പമ്പുകളില്‍ നല്‍കേണ്ടത്. ഇതില്‍ 25 രൂപയാണു സബ്‌സിഡിയായി ലഭിക്കേണ്ടത്. 9.9 കുതിരശക്തിയുടെ എഞ്ചിനു 140 ലിറ്റര്‍ മണ്ണെണ്ണയാണു മാസം അനുവദിക്കുക. എഞ്ചിനുകളുടെ എണ്ണത്തിന്റെയും ശേഷിയുടെയും അടിസ്ഥാനത്തില്‍ അനുവദിക്കുന്ന മണ്ണെണ്ണയുടെയും അളവു കൂടും. ഇത്തരത്തില്‍ 17,000 മുതല്‍ 23,750 രൂപവരെ സബ്‌സിഡി ലഭിക്കാനുള്ളവരുണ്ട്. പണം പലിശയ്ക്കു വാങ്ങിയും മറ്റുമാണു ഇപ്പോള്‍ പലരും മണ്ണെണ്ണ വാങ്ങുന്നത്.

മുന്‍കാലങ്ങളില്‍ കൃത്യമായി നല്‍കിയിരുന്ന സമാശ്വാസ തുകയും വിതരണം ചെയ്തിട്ടില്ല. മഴക്കെടുതിയും, ട്രോളിങ് നിരോധനവും മൂലം കഷ്ടതയിലായി ജോലിക്കുപോലും പോകാന്‍ കഴിയാതെ വറുതിയനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധം വ്യാപകമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.