ട്രായ് ചെയര്‍മാന്റെ വെല്ലുവിളി; ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍

Monday 30 July 2018 4:07 am IST

ന്യൂദല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താനാവില്ലെന്ന അമിത വിശ്വാസത്താല്‍ ഹാക്കര്‍മാരുടെ വെല്ലുവിളി സ്വീകരിച്ച ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍. ശര്‍മ വെട്ടിലായി. ആധാര്‍ നമ്പര്‍ ട്വിറ്ററിലിട്ട ശേഷം  അത് ദുരുപയോഗം ചെയ്യാനാവില്ലെന്ന അതിരുവിട്ട ആത്മവിശ്വാസമാണ് ശര്‍മയ്ക്ക് കുരുക്കായത്. മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ പാന്‍ നമ്പറും ഫോണ്‍ നമ്പറും മറ്റു രേഖകളും ഹാക്കര്‍മാര്‍ ചോര്‍ത്തി പരസ്യപ്പെടുത്തി. 

ട്വിറ്ററില്‍ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്താമോ എന്നായിരുന്നു ശര്‍മയ്ക്കു ലഭിച്ച വെല്ലുവിളി. വിവരങ്ങളൊന്നും ചോര്‍ത്താനാവില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ശര്‍മ ആധാര്‍ നമ്പര്‍ ട്വിറ്ററിലിട്ടത്. നാലു മണിക്കൂറിനകം എലിയറ്റ് ആന്‍ഡേഴ്‌സണ്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന ഫ്രഞ്ച് സാങ്കേതിക സുരക്ഷാ വിദഗ്ധന്‍ ശര്‍മയുടെ പാന്‍ നമ്പര്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകള്‍, ഇ മെയില്‍ ഐഡി, ഉപയോഗിക്കുന്ന ഫോണ്‍, വാട്‌സ് ആപ്പിലെ പ്രൊഫൈല്‍ പിക്, മറ്റു രഹസ്യരേഖകള്‍ എന്നിവയെല്ലാം പുറത്തു വിട്ടു. 

 'വൈകാതെ ആളുകള്‍ നിങ്ങളുടെ മേല്‍വിലാസം, ജനന തീയതി, മറ്റു ഫോണ്‍ നമ്പര്‍ ഇവയെല്ലാം തപ്പിയെടുത്തോളും. ഞാന്‍ നിര്‍ത്തുകയാണ്, ആധാര്‍ നമ്പര്‍ പരസ്യമാക്കുന്നത് നല്ലതല്ലെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കും' എന്ന് പരിഹസിച്ചാണ് ആന്‍ഡേഴ്‌സണ്‍ ട്വീറ്റ് അവസാനിപ്പിച്ചത്. 

ശര്‍മയുടെ ഫോട്ടോയും ആന്‍ഡേഴ്‌സണ്‍ പോസ്റ്റ് ചെയ്തു. അതിന്റെ ഒരു വശത്ത് കറുപ്പു നിറത്തിലുള്ള ചതുരം മാറ്റിയിട്ടുണ്ട്.  തൊട്ടരികെയുള്ളത് നിങ്ങളുടെ ഭാര്യയും മകളുമാണെന്ന് ഊഹിക്കുന്നുവെന്നും ആണഡേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചു. 

ആധാറിന്റെ സുരക്ഷാ വീഴ്ചകള്‍ നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടുള്ള ആന്‍ഡേഴ്‌സണ്‍, ശര്‍മയുടെ ആധാര്‍ വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ നിറം നല്‍കി മറച്ചാണ് പ്രസിദ്ധീകരിച്ചത്. ഐ ഫോണാണ് ശര്‍മ ഉപയോഗിക്കുന്നതെന്നാണ് ഫോണ്‍ നമ്പര്‍ സഹിതം മറ്റൊരു ഹാക്കറുടെ കണ്ടെത്തല്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.