പ്ലൈവുഡ് കയറ്റി അയച്ചത് കള്ള രജിസ്ട്രേഷനില്‍

Monday 30 July 2018 4:47 am IST

കൊച്ചി: പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറികള്‍ കേന്ദ്രീകരിച്ച് കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടന്നതായി സെന്‍ട്രല്‍ ജിഎസ്ടി രഹസ്യാന്വേഷണ സംഘം അറിയിച്ചു. പേരിന് മാത്രം ജിഎസ്ടി രജിസ്ട്രേഷന്‍ ഉള്ളവരുടെ ബില്ലുകള്‍ ഉപയോഗിച്ച് പ്ലൈവുഡും പ്ലൈവുഡ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന നേര്‍ത്ത മരപ്പാളികളും ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചാണ് 130 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. പ്ലൈവുഡ് സ്ഥാപന ഉടമയായ പെരുമ്പാവൂര്‍ വല്ലം സ്വദേശി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പിന് പിന്നില്‍. 

ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് പിടികൂടുന്ന ഏറ്റവും വലിയ വെട്ടിപ്പാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഹൈദരാബാദ്, കോയമ്പത്തൂര്‍, ബെംഗളൂരു, സേലം എന്നിവിടങ്ങളില്‍ സിജിഎസ്ടി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ പെരുമ്പാവൂരില്‍ നിന്നുള്ള ബില്ലുകള്‍ പിടിച്ചെടുത്തിരുന്നു. ഈ ബില്ലുകള്‍ ഉപയോഗിച്ച് ഇതരസംസ്ഥാനങ്ങളിലെ വ്യാപാരികള്‍ ജിഎസ്ടിയില്‍ നിന്ന് ഇന്‍പുട് ടാക്സ് ക്രെഡിറ്റ് എടുത്തിരുന്നു. 

എന്നാല്‍, ബില്ലിലുള്ള സ്ഥാപനങ്ങളില്‍ നിന്നല്ല ചരക്കുകള്‍ വാങ്ങിയതെന്ന് വ്യാപാരികള്‍ ഉദ്യോഗസ്ഥരോടു സമ്മതിച്ചിട്ടുണ്ട്.

സിജിഎസ്ടി രജിസ്ട്രേഷന്‍ ആവശ്യമില്ലാത്ത ചെറുകിട യൂണിറ്റുകള്‍ ഉത്പാദിപ്പിച്ച പ്ലൈവുഡാണു വിറ്റതെന്നും കണ്ടെത്തിയിട്ടുണ്ട്.  

ജിഎസ്ടി അടയ്ക്കാത്ത ചരക്കുകളുടെ പേരില്‍, ഇതരസംസ്ഥാനങ്ങളിലെ വ്യാപാരികള്‍ തുല്യമായ ഇന്‍പുട് ടാക്സ് ക്രെഡിറ്റ്  എടുത്തതുകൊണ്ട് കനത്ത നഷ്ടമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടായിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.