രാജ്യതലസ്ഥാനത്തിന് ഇനി മിസൈല്‍ പ്രതിരോധ കവചം

Monday 30 July 2018 4:47 am IST

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ ആകാശ ആക്രമണത്തില്‍നിന്ന് സംരക്ഷിക്കാന്‍ പ്രതിരോധ സംവിധാനത്തില്‍ അടിമുടി മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. എയര്‍ക്രാഫ്റ്റ്, മിസൈല്‍, ആളില്ലാ വിമാനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ തകര്‍ക്കുന്നതിന് ദല്‍ഹിക്ക് മിസൈല്‍ കവച സംവിധാനം ഒരുക്കും. നിലവിലെ പ്രതിരോധ സംവിധാനം പൂര്‍ണമായും ഒഴിവാക്കിയാണ് ആധുനിക രീതിയിലുള്ള സംരക്ഷണം നടപ്പാക്കുന്നത്. ഇതിനായി അമേരിക്കന്‍ പ്രതിരോധ കമ്പനിയുടെ നാഷണല്‍ അഡ്വാന്‍സ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിറ്റം 2 (നസംസ്) ദല്‍ഹിയില്‍ സ്ഥാപിക്കുന്നതിന്റെ ആവശ്യകത പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകരിച്ചു. 6500 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 

വിമാനം പറത്തുന്നതിന് നിരോധനമുള്ള മേഖലകളും അതിക്രമിച്ച് കടക്കുന്ന വിമാനങ്ങള്‍ വെടിവെച്ചിടുന്നതിനുള്ള പ്രോട്ടോക്കോളും പരിഷ്‌കരിക്കും. രാഷ്ട്രപതി ഭവന്‍, പാര്‍ലമെന്റ്, നോര്‍ത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക് എന്നിവ ഉള്‍പ്പെടുന്ന 'വിഐപി 89 ഏരിയ' പുനഃക്രമീകരിക്കും. വിമാനം വെടിവെച്ചിടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള സമയത്തില്‍ കുറവ് വരുത്തും. 

മിസൈല്‍ ആക്രമണങ്ങള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞ് നിര്‍വീര്യമാക്കാനും ആളില്ലാ വിമാനത്തില്‍നിന്നടക്കമുള്ള ആക്രമണങ്ങള്‍ നേരിടാനും ക്രൂയിസ് മിസൈലുകളെ  പ്രതിരോധിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. അമേരിക്കയിലുണ്ടായ വേള്‍ഡ് ട്രേഡ് സെന്റര്‍ മോഡല്‍ ആക്രമണങ്ങളെ ചെറുക്കാനും ഉപകരിക്കും. 

അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണെയും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയെയും മാതൃകയാക്കിയാണ് ദല്‍ഹിയില്‍ ആധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നത്. 

വാഷിങ്്ടണിലേതിന് സമാനമായി ഏറ്റവും ആധുനിക സംവിധാനമാണ് ഇന്ത്യക്ക് ലഭിക്കുക. അമേരിക്കയെ കൂടാത മറ്റ് ആറ് രാജ്യങ്ങളില്‍ നസംസിന്റെ പ്രതിരോധ സംവിധാനമുണ്ട്. ഇസ്രായേല്‍ നഗരങ്ങള്‍ക്ക് അവരുടെ തന്നെ സംവിധാനങ്ങളാണുള്ളത്. റഷ്യയുടെ പഴയ മിസൈല്‍ പ്രതിരോധ സംവിധാനമാണ് നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്നത്. 24 എംഎച്ച് 60 റോമിയോ ഹെലികോപ്ടറുകളും ആയുധങ്ങളും യുഎസ്സില്‍ നിന്നും വാങ്ങാനുള്ള നീക്കം ഇന്ത്യ ഉപേക്ഷിച്ചിട്ടില്ല. സപ്തംബര്‍ ആറിന് ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന 'ടു പ്ലസ് ടു ചര്‍ച്ച'യില്‍ ഇത് വിഷയമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.