ഗവര്‍ണറുടെ ലാളനയേറ്റ് മിസോറാം വിദ്യാര്‍ഥികള്‍

Monday 30 July 2018 4:56 am IST

തിരുവനന്തപുരം: തങ്ങളുടെ നാട്ടില്‍ ഒരു പഞ്ചായത്ത് അംഗം പോലും ഇപ്രകാരം അടുത്ത് ഇടപഴകിയിട്ടുണ്ടാകില്ല. ഗവര്‍ണറെ അടുത്തു കണ്ട അമ്പരപ്പിലായിരുന്നു മിസോറാമിലെ വിദ്യാര്‍ഥികള്‍. സ്‌നേഹപൂര്‍വം ചേര്‍ത്തു നിര്‍ത്തിയും ഹസ്തദാനം നല്‍കിയും ലാളിച്ചും മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ കുട്ടികളോട് ഇടപഴകിയപ്പോള്‍ പലരും അത്ഭുത സ്തബ്ധരായി. രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് 120 കുട്ടികളുടെ പഠന ചെലവ് സൗജന്യമായി വഹിക്കുന്നതിന്റെ ഉദ്ഘാടനം മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിക്കുകയായിരുന്നു. പരിപാടിക്കായി എത്തിയ പതിനൊന്ന് മിസോറാം കുട്ടികള്‍ക്കാണ് തങ്ങളുടെ ഗവര്‍ണറുടെ എളിമ നേരില്‍ അനുഭവിക്കാനായത്.

കൊടിവച്ച കാറില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായെത്തി നാടമുറിച്ച് ശബ്ദം മുഴക്കി മിന്നല്‍പോലെ പാഞ്ഞു പോകുന്ന നേതാക്കളില്‍ നിന്നെല്ലാം വ്യത്യസ്തനായൊരു മനുഷ്യനെയാണ് നിമിഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ പരിചയപ്പെട്ടതെന്ന് കുട്ടികള്‍ പറഞ്ഞു. 

രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യമായി പഠിപ്പിക്കാന്‍ തെരഞ്ഞെടുത്ത 120 കുട്ടികളില്‍ 11 പേര്‍ മിസോറാം കുട്ടികളാണ്. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സാണ് പഠനത്തിനായി വിദ്യാര്‍ഥികള്‍ തെരഞ്ഞെടുത്തത്. ആംഗലേയ ഭാഷയില്‍ സംവദിച്ച ഗവര്‍ണര്‍ക്ക് വിദ്യാര്‍ഥികള്‍ ബഹുമാനാര്‍ഹമായ മറുപടിയാണ് നല്‍കിയത്. കേരളം ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് മനോഹരമാണെന്നാണ്  മറുപടി. വരും ദിവസങ്ങളില്‍ മിസോറാമിലെ ഉദ്യോഗസ്ഥര്‍ എത്തുമെന്നും ഏത് ആവശ്യവും തന്നെ അറിയിച്ചാല്‍ പരിഹാരം കാണാമെന്ന ഉറപ്പും നല്‍കിയ ശേഷമാണ് ഗവര്‍ണര്‍ വേദിവിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.