ബിഷപ്പിനെ രക്ഷിക്കാന്‍ വിലപേശല്‍ തുടരുന്നു

Monday 30 July 2018 5:11 am IST

കുറവിലങ്ങാട്(കോട്ടയം): അമ്പതു വര്‍ഷം മുമ്പത്തെ ലൈംഗികപീഡനത്തില്‍ അമേരിക്കയിലെ കര്‍ദിനാള്‍ ഇന്നലെ രാജിവെച്ചപ്പോള്‍ ഇവിടെ കന്യാസ്ത്രീയെ തുടര്‍ച്ചയായി പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പിനെ രക്ഷിക്കാന്‍ വിലപേശല്‍ തുടരുന്നു.  പോലീസ് നടപടി വൈകിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നു. 

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പീഡന കേസില്‍ കന്യാസ്ത്രീയുടെ പരാതി പിന്‍വലിപ്പിക്കാനാണ് തീവ്രശ്രമം. ഒത്തുതീര്‍പ്പിന് ശ്രമിച്ച വികാരിയുടെ ടെലിഫോണ്‍ സംഭാഷണം പുറത്തായി. പരാതിക്കാരിയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീയുമായുള്ള സംഭാഷണത്തില്‍ രൂപത എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് വികാരി പറയുന്നു. പരാതി പിന്‍വലിച്ചാല്‍ പത്ത് ഏക്കറും മഠവും നല്‍കാമെന്നാണ് വാഗ്ദാനം.

കേരളത്തിലെ അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് സംഘം ജലന്ധറിലേക്ക് പോകാന്‍ അനുമതി തേടിയിരിക്കുന്ന സാഹചര്യത്തിലാണ് പരാതി പിന്‍വലിപ്പിക്കാന്‍ ബിഷപ്പ് അനുകൂലികള്‍ തീവ്രശ്രമങ്ങള്‍ ആരംഭിച്ചത്. മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഫാ. ജയിംസ് എര്‍ത്തയിലും പരാതിക്കാരിയെ പിന്തുണയ്ക്കുന്ന സിസ്റ്റര്‍ അനുപമയും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. സിസ്റ്റര്‍ അനുപമയും വീട്ടുകാരും ഈ വാഗ്ദാനങ്ങള്‍ തള്ളി. തന്റെ വാഗ്ദാനത്തോട് അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ അവര്‍ എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന കാര്യവും വികാരി സിസ്റ്റര്‍ അനുപമയോട് സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. സംഭാഷണം പുറത്തായതോടെ അന്വേഷണ സംഘം സിസ്റ്ററുടെ മൊഴിയെടുത്തു. പരാതി പിന്‍വലിപ്പിക്കാന്‍ സഭാനേതൃത്വം നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണ് വികാരിയുടെ ഒത്തുതീര്‍പ്പ് നീക്കമെന്നാണ് സിസ്റ്ററിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

ഇതിനിടെ പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണം നീണ്ടുപോകുന്നതില്‍ ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ച് ഒരു വിഭാഗം വിശ്വാസികള്‍ രംഗത്ത് വന്നു. ഇതിന്റെ മുന്നോടിയായി ജലന്ധറിലെ സഭാ ആസ്ഥാനത്തേക്ക് ഒരു വിഭാഗം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലെത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഡ്രൈവറോട് ഇന്ന് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തിലെ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് സംഘത്തിന് ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അടുത്ത ആഴ്ച ജലന്ധറിലേക്ക് പോകാന്‍ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇതുവരെ അനുമതി കിട്ടിയിട്ടില്ല. സഭയുടെ ഭാഗത്തുനിന്ന് നടക്കുന്ന അനുരഞ്ജന ശ്രമങ്ങള്‍ക്ക് സമയം നീട്ടിനല്‍കാനാണ് പോലീസ് അന്വേഷണം വൈകിപ്പിക്കുന്നത് എന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞമാസം 27 ന് ആണ് കന്യാസ്ത്രീ പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും പോലീസ് മൊഴിയെടുപ്പ് പൂര്‍ത്തിയാക്കാത്തതാണ് അന്വേഷണം മന്ദഗതിയിലാകാന്‍ കാരണമായി അന്വേഷണ സംഘം പറയുന്നത്. അതേസമയം സമാനമായ പീഡനക്കേസുകളില്‍ പ്രതികളെ ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യുന്ന കാര്യം വിശ്വാസികളില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.