ഇടുക്കി നിറയുന്നു; അതീവജാഗ്രത

Monday 30 July 2018 5:13 am IST
ഡാം തുറക്കേണ്ട സാഹചര്യത്തില്‍ സ്വീകരിക്കേണ്ട രക്ഷാപ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും സംബന്ധിച്ച് ഇടുക്കി താലൂക്ക് ഓഫീസില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അവലോകന യോഗം ഇന്നലെ ചേര്‍ന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പ്രത്യേക ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലയിലേക്ക് നിരവധി ആളുകള്‍ എത്താനിടയുള്ളതിനാല്‍ അപകടങ്ങളുണ്ടാകാതിരിക്കാന്‍ പോലീസ് ജാഗ്രതയിലാണ്.

ഇടുക്കി: ശക്തമായ മഴയ്ക്ക് പിന്നാലെ ഇടുക്കി സംഭരണിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അതീവജാഗ്രത തുടരുന്നു.  ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി നാളെ ട്രയല്‍ റണ്‍  നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റിവച്ചു. ദേശീയ ദുരന്തനിവാരണസേനയും ഇന്നലെ രാത്രിയില്‍ ചെറുതോണിയില്‍ എത്തി.

അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ അത് നേരിട്ട് ബാധിക്കാന്‍ സാധ്യതയുള്ളത് 350 കെട്ടിടങ്ങളെയാണെന്ന് കഴിഞ്ഞ ദിവസം നടത്തിയ സര്‍വെയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ കൃഷിയിടങ്ങളും, അനധികൃത നിര്‍മാണങ്ങളും ഒലിച്ച് പോകാനും സാധ്യതയുണ്ട്. 

ഡാം തുറക്കേണ്ട സാഹചര്യത്തില്‍ സ്വീകരിക്കേണ്ട രക്ഷാപ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും സംബന്ധിച്ച് ഇടുക്കി താലൂക്ക് ഓഫീസില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അവലോകന യോഗം ഇന്നലെ ചേര്‍ന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പ്രത്യേക ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലയിലേക്ക് നിരവധി ആളുകള്‍ എത്താനിടയുള്ളതിനാല്‍ അപകടങ്ങളുണ്ടാകാതിരിക്കാന്‍ പോലീസ് ജാഗ്രതയിലാണ്. 

കാഴ്ചക്കാരായി എത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാനും തീരുമാനമുണ്ട്. ഡാം തുറക്കുന്നത് കാണാന്‍ ഇതിന് സമീപത്തേക്ക് പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ക്രമീകരണമുണ്ട്. 2013ല്‍ ഇടമലയാര്‍ തുറന്ന് വിട്ടപ്പോള്‍ വെള്ളം കയറിയ സ്ഥലങ്ങളിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നുമാണ് ജില്ലാ കളക്ടര്‍ നല്‍കുന്ന വിവരം. വരും ദിവസങ്ങളില്‍ വെള്ളം ഒഴുകുന്ന മേഖലയിലൂടെ ഉള്ള വിനോദ സഞ്ചാരവും ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. ഇടുക്കി പദ്ധതി പ്രദേശത്ത് ഇന്നലെ രാത്രി വൈകി വിവരം ലഭിക്കുമ്പോഴും കനത്ത മഴ തുടരുകയാണ്.

ഇടുക്കി സംഭരണി അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഇടുക്കി, ചെറുതോണി അണക്കെട്ടുകളും കുളമാവ് അണക്കെട്ടും ചേര്‍ന്നതാണ് ഇടുക്കി ജലസംഭരണി. ചെറുതോണിയില്‍ നിന്ന് കുളമാവിലേക്ക് 22.5 കിലോമീറ്റര്‍ ദൂരവുമുണ്ട്. ഇവിടെ നിന്ന് ഒന്നരകിലോ മീറ്റര്‍ പാറ തുരന്ന് നാടുകാണി മലയിലും (ചെറിയ ചെരിവ് മാത്രം) പിന്നീട് 953 മീറ്ററോളം കുത്തനെ വെള്ളം ഒഴുകിയുമാണ് ജനറേറ്ററില്‍ വെള്ളം എത്തുന്നത്. പെന്‍സ്‌റ്റോക്ക് പൈപ്പ് ഇല്ലാത്ത പദ്ധതിയില്‍ ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 640 ലിറ്റര്‍ വെള്ളം ശരാശരി വേണമെന്നാണ് കണക്ക്. 1976ലും 1985ലുമായി മൂന്ന് വീതം ജനറേറ്ററുകളാണ് ഇടുക്കിയില്‍ സ്ഥാപിച്ചത്. ഭൂഗര്‍ഭ നിലയത്തില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ തന്നെ ഏക വൈദ്യുത നിലയവുമാണ് ഇടുക്കി പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവര്‍ ഹൗസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.