വിരമിക്കുന്നത് അടിത്തട്ടിലെ ഒളിപ്പോരാളി

Tuesday 31 July 2018 2:30 am IST

കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനമായിട്ടാണ് വൈസ് അഡ്മിറല്‍ എ.ആര്‍.കാര്‍വെ ഇന്ന് പടിയിറങ്ങുന്നത്. കടലിനടിയിലെ ഒളിപ്പോരില്‍ വിദഗ്ധനായിരുന്നു കാര്‍വെ. സമുദ്രത്തിനടിയിലൂടെയുള്ള നുഴഞ്ഞു കയറ്റവും ആക്രമണവും ചെറുക്കുക, അത് കണ്ടെത്തുക എന്നത് ഏറ്റവും പ്രയാസകരായ ജോലിയാണ്. 

ശബ്ദ തരംഗങ്ങളിലൂടെയാണ് ശത്രുവിന്റെ വരവ് തിരിച്ചറിയുന്നത്. മത്സ്യങ്ങളുടെയും തിരമാലകളുടെയും മറ്റ് ബോട്ടുകളുടെയും കപ്പലുകളുടെയും ശബ്ദങ്ങള്‍ നിലനില്‍ക്കുന്ന കടലിനടിയിലൂടെയുള്ള ശത്രുവിന്റെ വരവ് തിരിച്ചറിയുക വളരെ പ്രയാസകരമാണ്. എന്നാല്‍ പുനൈ ദേശീയ പ്രതിരോധ അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കി 1980 ല്‍ നാവികസേനയില്‍ ചേര്‍ന്ന അഭയ് രഘുനാഥ് കാര്‍വെ കടലിനടിയിലെ ഒളിപ്പോരാളിയായിരുന്നു. ഏത് ശത്രുവിനെയും ഞൊടിയിടയില്‍ കണ്ടെത്താനുള്ള പ്രത്യേക കഴിവ് കാര്‍വെയ്ക്ക് ഉണ്ടായിരുന്നു. മുങ്ങിക്കപ്പലുകളെ നേരിടാനുള്ള യുദ്ധമുറകളില്‍ വിദഗ്ധനുമായിരുന്നു അദ്ദേഹം. 

വിമാനവാഹിനിയായ ഐഎന്‍എസ് വിരാട്, മിസൈല്‍ നശീകരണ കപ്പല്‍ ഐഎന്‍എസ് റാണ്‍വിജയ് തുടങ്ങി നാല് യുദ്ധ കപ്പലുകളുടെ കമാന്‍ഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  കാര്‍വെയുടെ അന്തര്‍വാഹിനിയിലെ യുദ്ധതന്ത്രങ്ങള്‍ ശത്രുരാജ്യങ്ങളുടെ പേടി സ്വപ്‌നമായി. 

നാവിക ആസ്ഥാനങ്ങള്‍ അക്രമിക്കാനും കടലോര മേഖലകളില്‍ ആക്രണമണം നടത്താനും പാക്കിസ്ഥാനില്‍ ഭീകര്‍ക്ക് പരിശീലനം നല്‍കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കടലിനടിത്തട്ടിലൂടെയുള്ള ഏതുതരം നുഴഞ്ഞകയറ്റവും പ്രതിരോധിക്കാനും, വേണ്ടി വന്നാല്‍ ശത്രുവിന്റെ താവളത്തിലെത്തി ആക്രമണം നടത്താനുള്ള തന്ത്രം മെനഞ്ഞതും കാര്‍വെയാണ്. 

ദക്ഷിണ നാവികസേനയുടെ അമരക്കാരനായ വൈസ് അഡ്മിറല്‍ എ.ആര്‍.കാര്‍വെ 38 കൊല്ലത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷമാണ് സേനയില്‍ നിന്ന് വിരമിക്കുന്നത്. 2016 മേയ് 29ന് സതേണ്‍ നേവല്‍ കമാന്‍ഡിന്റെ ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫായി ചുമതലയേറ്റത്. 

രാജ്യത്തിന്റെ തീരസുരക്ഷ സംബന്ധിച്ച് സുപ്രധാന നിര്‍ദ്ദേശങ്ങള്‍ തയാറാക്കി സമര്‍പ്പിച്ചത് കാര്‍വെയാണ്. 2008 മുതല്‍ 2012 വരെ അദ്ദേഹം നേവല്‍ സ്റ്റാഫ് (ഇന്‍ഫൊര്‍മേഷന്‍ വാര്‍ഫെയര്‍ ആന്‍ഡ് ഓപ്പറേഷന്‍സ്) അസിസ്റ്റന്റ് ചീഫായിരിക്കുമ്പോഴായിരുന്നു ഇത്. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റി (സിസിസി) ഈ നിര്‍ദേശങ്ങള്‍ 2009 ല്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ തീരദേശത്ത് മുഴുവന്‍ നിരീക്ഷണ റഡാറുകള്‍ സ്ഥാപിക്കാനും ഉപഗ്രഹ നിരീക്ഷണം ശക്തമാക്കാനും കോസ്റ്റ് ഗാര്‍ഡിനും നാവികസേനയ്ക്കും കൂടുതല്‍ നിരീക്ഷണ കപ്പലുകള്‍ നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തത് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. 

സുനാമി ദുരന്തത്തിന് ശേഷം ദക്ഷിണ നാവികസേന നടത്തിയ ഏറ്റവും വലിയ രക്ഷാദൗത്യമായ ഓഖി സഹായവും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 18 യുദ്ധക്കപ്പലുകളും ആറ് വിമാനവാഹിനികളും പങ്കെടുത്ത ദൗത്യത്തില്‍ 136 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയും 172 തൊഴിലാളികള്‍ക്ക് സഹായമെത്തിക്കുകയും ചെയ്തു. സംസ്ഥാന തീരദേശ പോലീസിന് ചരിത്രത്തിലാധ്യമായി  നാവിക സേനയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കാന്‍ നടപടിയെടുത്തതും കാര്‍വെയാണ്.

വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചൗള പുതിയ മേധാവി 

കൊച്ചി: വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചൗള നാവിക സേനയുടെ ദക്ഷിണ മേഖല മേധാവിയായി ഇന്ന് ചുമതലയേല്‍ക്കും. പ്രതിരോധ മന്ത്രാലയത്തില്‍ നാവികസേന പഴ്സണല്‍ വിഭാഗം തലവനാണ്. 

 വൈസ് അഡ്മിറല്‍ എ.ആര്‍.കാര്‍വെ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. സേനയിലെ നാവിഗേഷന്‍ ഡയറക്ഷണല്‍ വിദഗ്ധനാണ്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഇന്‍സ്ട്രക്ടര്‍, ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജില്‍ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. വിമാനവാഹിനിയടക്കം അഞ്ചു കപ്പലുകളുടെ മേധാവിയായിരുന്നു. 

ജക്കാര്‍ത്തയിലെ ഇന്ത്യന്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷെ, നാവികസേനയുടെ പടിഞ്ഞാറന്‍ കപ്പല്‍ പടയുടെ മേധാവി, അസി.ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

സാനു.കെ. സജീവ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.