ഹോട്ടല്‍ അഴിമതി; ലാലുവിനും ഭാര്യക്കും മകനും സമന്‍സ്

Tuesday 31 July 2018 2:31 am IST

ന്യൂദല്‍ഹി: ഐആര്‍സിടിസി ഹോട്ടല്‍ അഴിമതിക്കേസില്‍ ആര്‍ജെഡി നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്റി ദേവിക്കും മകന്‍ തേജസ്വി യാദവിനും ദല്‍ഹി കോടതി സമന്‍സ് പുറപ്പെടുവിച്ചു. ആഗസ്റ്റ് 31 ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കോടതി സമന്‍സ് പുറപ്പെടുവിച്ചത്.

ഇന്ത്യന്‍ റെയില്‍വേയുടെ അനുബന്ധ സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി). ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ഈ സ്ഥാപനത്തിന്റെ രണ്ടു ഹോട്ടലുകളുടെ അറ്റകുറ്റപ്പണി വിനയ് കൊച്ചാര്‍, വിജയ് കൊച്ചാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള സുജാതാ ഹോട്ടലിനു കൈമാറിയിരുന്നു. ഇതിനു പ്രതിഫലമായി ബിനാമി സ്ഥാപനമായ ഡിലൈറ്റ് മാര്‍ക്കറ്റിങ് കമ്പനി മുഖേന പറ്റ്‌നയില്‍ കണ്ണായ സ്ഥലത്ത് ലാലുവിനും കുടുംബത്തിനും മൂന്നേക്കര്‍ ഭൂമി നല്‍കിയെന്നാണ് കേസ്.

കേസിലെ എല്ലാ പ്രതികള്‍ക്കും മതിയായ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ ഏപ്രില്‍ 16 ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ലാലു, റാബ്‌റി ദേവി, മകന്‍ തേജസ്വി , മുന്‍ കേന്ദ്രമന്ത്രി പ്രേംചന്ദ് ഗുപ്തയുടെ ഭാര്യ സരള ഗുപ്ത, ഐആര്‍ടിസി മാനേജിങ് ഡയറക്ടര്‍ പി.കെ. ഗോയല്‍ എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. റാഞ്ചിയിലും പുരിയിലുമുള്ള ഐആര്‍സിടിസിയുടെ രണ്ടുഹോട്ടലുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നാണ് കേസ്.

സുജാത ഹോട്ടലിന് ടെന്‍ഡര്‍ നല്‍കിയതിനുശേഷം ഡിലൈറ്റ് മാര്‍ക്കറ്റിങ് കമ്ബനിയുടെ ഉടമസ്ഥാവകാശം അന്നത്തെ ഉടമ സരള ഗുപ്തയില്‍നിന്ന് റാബ്‌റി ദേവിയുടെയും മകന്‍ തേജസ്വി യാദവിന്റെയും പേരിലേക്കുമാറ്റി. 2010-2014 കാലയളവിലായിരുന്നു ഇത്. ഈ സമയം ലാലുപ്രസാദ് റെയില്‍വേ മന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.