മഹാഭാരത കാലത്തെ 'രഥവും വാളുകളും കണ്ടെത്തി

Tuesday 31 July 2018 2:35 am IST

ന്യൂദല്‍ഹി: യുപി  ബാഗ്പത്തിലെ സനൗളിയില്‍ നിന്ന് അമൂല്യമായ ചരിത്ര വസ്തുക്കള്‍ പുരാവസ്തു വകുപ്പ് കണ്ടെത്തി. മഹാഭാരത കാലത്തെയെന്ന് കരുതുന്ന മൂന്ന് ശവപേടകങ്ങള്‍,  അസ്ഥി കൂടത്തിന്റെ അവശിഷ്ടങ്ങള്‍,രഥാവശിഷ്ടങ്ങള്‍, വാളുകള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്. ഇവ ചെങ്കോട്ടയിലെ പുരാവസ്തു വകുപ്പ് ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.

ഇരുമ്പ്,  യുഗത്തിനും മുന്‍പുള്ള ഇവ ക്രിസ്തുവിനു മുന്‍പ് വെങ്കലയുഗത്തില്‍( 2000 1800 ബിസി) ഉള്ള യോദ്ധാക്കളുടേതാണെന്ന് കരുതുന്നു. കൗരവന്മാരുടെ കേന്ദ്രമായ പഴയ ഹസ്തിനപുരി നിന്നിരുന്ന സ്ഥലം സനൗളിക്കടുത്താണെന്നാണ് കരുതപ്പെടുന്നത്. കണ്ടെത്തിയ പുരാവസ്തുക്കളില്‍ പലതരത്തിലുള്ള പഠനങ്ങള്‍ നടത്തിവരികയാണ്. അവയുടെ കാലപ്പഴക്കമടക്കമുള്ളവ കണ്ടെത്തുകയാണ് ലക്ഷ്യം.

ഇന്ത്യയില്‍ മാത്രമല്ല, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തന്നെ ആദ്യമായാണ് ഉദ്ഘനനത്തില്‍ ഒരു രഥാവശിഷ്ടം  കണ്ടെത്തുന്നത്. മുന്‍പ് ഗ്രീസ്,മെസപ്പെട്ടോമിയ എന്നിവിടങ്ങളില്‍ നിന്ന് രഥാവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലെ കൈപ്പിടിവരെയുള്ള വാളുകള്‍ കണ്ടെത്തുന്നതും ഇതാദ്യം. നാലു കാലുള്ള ശവപ്പെട്ടികളാണ് കെണ്ടത്തിയത്. അവയില്‍ ചിത്രപ്പണികളുള്ള ചെമ്പു തകിടുകള്‍ പിടിപ്പിച്ചിട്ടുണ്ട്. ഇവ കണ്ടെത്തിയ സ്ഥലത്ത് എട്ട്  കുഴിമാടങ്ങളും ഉണ്ടായിരുന്നു. അവയില്‍ ഒന്നില്‍ ഒരു പട്ടിയേയും മറ്റൊന്നില്‍ രണ്ടു പേരെയുമാണ് അടക്കിയിരുന്നതെന്നാണ് സൂചന.

ശവസംസ്‌ക്കാരത്തിനുള്ള വസ്തുക്കളും, ഭക്ഷണവും മറ്റും വച്ചിരുന്നതെന്ന് കരുതുന്ന കളിമണ്‍ പാത്രങ്ങള്‍,  ചീപ്പുകള്‍, കണ്ണാടികള്‍, സ്വര്‍ണ്ണമുത്തുകള്‍ തുടങ്ങിയവയും  ഇവയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഹാരപ്പന്‍ സംസ്‌ക്കാരത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്ന രാഖിഗഡി, ലോത്തല്‍, കലിഭംഗന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കണ്ടെത്തിയ ശവക്കുഴികളില്‍ നിന്നു പോലും ഇത്രയേറെ വസ്തുക്കള്‍ വീണ്ടെടുത്തിട്ടില്ല. ഗംഗ യമുന തീരദേശങ്ങളില്‍ പുഷ്പ്പിച്ചിരുന്ന ജനതയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇനിയും സനൗളിയില്‍ല്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തു ഗവേഷകര്‍. 

ഈ കുഴികളില്‍ ഇതാദ്യമായി സിടി സ്‌കാനിങ്ങും എക്‌റേ പരിശോധനകളും നടത്തിയതായും അധികൃതര്‍ പറഞ്ഞു. എല്ലുകള്‍ ഡിഎന്‍എ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇവ ഇന്ത്യാക്കാരുടേതാണോ മംഗോളിയക്കാരുടേതാണോയെന്ന് അതോടെ തിരിച്ചറിയാം.    അവര്‍ മരിച്ചത് ഏതു വയസില്‍, മരണകാരണം തുടങ്ങിയവയും കണ്ടെത്താന്‍ കഴിയും. ആയുധങ്ങള്‍ പ്രത്യേക പരിശോധനക്ക് അയച്ചു. അവയിലെ ചെമ്പ്, വെങ്കലം തുടങ്ങിയവയുടെ അംശം കണ്ടെത്തുകയാണ് ലക്ഷ്യം. ശവക്കുഴികളിെല മണ്ണും പരിശോധനക്ക് അയച്ചു. ശവക്കച്ച തിരിച്ചറിയാനും അന്നുള്ളവര്‍ ഉപയോഗിച്ചിരുന്ന ധാന്യം( അരിയോ ഗോതമ്പോ)  കണ്ടെത്താനും ഈ പരിശോധന സഹായിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.