ട്രായ് ചെയര്‍മാന്റെ ആധാര്‍ ചോര്‍ന്നിട്ടില്ല; മാധ്യമങ്ങളും പ്രതിപക്ഷവും പറഞ്ഞത് നുണ

Tuesday 31 July 2018 2:39 am IST

ന്യൂദല്‍ഹി: ട്രായ് ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മയുടെ വ്യക്തിഗത വിവരങ്ങള്‍ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ചോര്‍ത്തിയെന്ന മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും പ്രചാരണം വ്യാജം. ആധാര്‍ ഡേറ്റാ ബേസില്‍നിന്നോ സെര്‍വറില്‍നിന്നോ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് യുഐഡിഎഐ അറിയിച്ചു. ഇന്റര്‍നെറ്റില്‍ പരതിയാല്‍ അനായാസേന ലഭിക്കുന്ന വിവരങ്ങളാണ് ആധാര്‍ നമ്പറുപയോഗിച്ച് ചോര്‍ത്തിയതെന്ന തരത്തില്‍ പ്രചരിപ്പിച്ചത്. ദീര്‍ഘകാലമായി പൊതുരംഗത്തുള്ള ഒരാളുടെ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍നിന്നുള്‍പ്പെടെയാണ് സംഘടിപ്പിച്ചത്. ആധാര്‍ നമ്പര്‍ ഇല്ലാതെ തന്നെ ഈ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കും. ആധാര്‍ സുരക്ഷിതമല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഡാലോചനയാണ് ഇതോടെ പൊളിഞ്ഞത്. 

അവകാശവാദം ഇങ്ങനെ

ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന പ്രചാരണം വര്‍ഷങ്ങളായി ചില കേന്ദ്രങ്ങള്‍ നടത്തിവരുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ച് സ്വന്തം ആധാര്‍ നമ്പര്‍ ട്വിറ്ററില്‍ പരസ്യപ്പെടുത്തിയ ശര്‍മ്മ തന്റെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാരെ വെല്ലുവിളിച്ചു. തുടര്‍ന്ന് വിവരങ്ങള്‍ ചോര്‍ത്തിയതായി അവകാശപ്പെട്ട് ഫ്രഞ്ച് ഹാക്കര്‍ രംഗത്തെത്തി. വിവിധ മാധ്യമങ്ങളും മോദി വിരുദ്ധരുടെ ട്വിറ്റര്‍ ഹാന്‍ഡിലുകളും ട്രായ് ചെയര്‍മാന്റെ മുഴുവന്‍ രഹസ്യ വിവരങ്ങളും സാമ്പത്തിക ഇടപാടുകളും ആധാര്‍ ഉപയോഗിച്ച് ഫ്രഞ്ച് ഹാക്കര്‍  ഹാക്ക് ചെയ്‌തെന്ന തരത്തില്‍ പ്രചാരണം തുടങ്ങി. 

വസ്തുത ഇങ്ങനെ

മൊബൈല്‍ നമ്പര്‍, ശര്‍മ്മയുടെയും ഭാര്യയുടെയും ചിത്രങ്ങള്‍, ജനനതീയതി, പാന്‍ കാര്‍ഡ് നമ്പര്‍, എയര്‍ ഇന്ത്യയുടെ ഫ്രീക്വന്റ് ഫ്ളയര്‍ നമ്പര്‍ തുടങ്ങിയവയാണ് ആധാര്‍ നമ്പറുപയോഗിച്ച് ചോര്‍ത്തിയതെന്ന് ഹാക്കര്‍ അവകാശപ്പെട്ടത്. പേഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍നിന്നും ആര്‍ക്കു വേണമെങ്കിലും ശര്‍മ്മയുടെ മൊബൈല്‍ നമ്പറും ഇ മെയില്‍ ഐഡിയും ലഭിക്കും. എല്ലാ ഉന്നത ഉദ്യോഗസ്ഥരുടെയും  മൊബൈല്‍ നമ്പറും മെയില്‍ ഐഡിയും അതാത് മന്ത്രാലയങ്ങളുടെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നിരിക്കെയാണ് ആധാര്‍ നമ്പറുപയോഗിച്ച് ചോര്‍ത്തിയെന്ന നുണ പ്രചരിപ്പിച്ചത്. ശര്‍മ്മയുടെയും ഭാര്യയുടെയും ഫോട്ടോ ലഭിക്കാന്‍ ഫേസ്ബുക്കില്‍ സെര്‍ച്ച് ചെയ്താല്‍ മാത്രം മതി. വാട്സ് ആപ് ഡിപി ചിത്രം ലഭിച്ചുവെന്നതായിരുന്നു മറ്റൊരു അവകാശവാദം. ശര്‍മ്മയുടെ നമ്പര്‍ കയ്യിലുള്ള ഏതൊരാള്‍ക്കും ഇത് ലഭിക്കുന്നതാണ്. 

 ഡിസിപ്ലിനറി ആന്‍ഡ് ട്രാന്‍സ്പരന്‍സി ഫോറത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ള സര്‍ക്കുലര്‍ നോക്കിയാല്‍ ജനന തീയതിയും ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍നിന്നും പാന്‍കാര്‍ഡ് നമ്പറും കിട്ടും. ഈ വിവരങ്ങള്‍ ഉപയോഗിച്ച് എയര്‍ ഇന്ത്യ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടാണ് ഫ്രീക്വന്റ് ഫ്ളയര്‍ നമ്പര്‍ സംഘടിപ്പിച്ചത്. ശര്‍മ്മയുടെ അക്കൗണ്ടില്‍ ഒരു രൂപ നിക്ഷേപിച്ച് അക്കൗണ്ട് നമ്പര്‍ കണ്ടെത്തിയെന്നും ഹാക്കര്‍ അവകാശപ്പെട്ടിരുന്നു. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആധാര്‍ പേ വഴി പണം കൈമാറ്റം ചെയ്യാം. ഇതിന് അക്കൗണ്ട് നമ്പറിന്റെ ആവശ്യമില്ല. ഇതെല്ലാം മറച്ചുവെച്ചാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടന്നത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണമുന്നയിക്കാനും പ്രതിപക്ഷം മറന്നില്ല. 

സ്വന്തം ലേഖകന്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.