ഡോളര്‍ കടത്ത്: പുനെ സ്വദേശി പിടിയില്‍

Tuesday 31 July 2018 2:48 am IST

കൊച്ചി: വിദേശത്തേയ്ക്ക് ഡോളര്‍ കടത്താന്‍ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശി പിടിയിലായി. ആളിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. കൊച്ചിയില്‍ നിന്നും ദുബായിലേയ്ക്ക് യാത്ര ചെയ്യാനെത്തിയ ഇയാളില്‍ നിന്ന്  50000 ഡോളര്‍ (35 ലക്ഷം രൂപ) കണ്ടെത്തി.  വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ശേഷവും ഇയാളുടെ പെരുമാറ്റത്തില്‍  സംശയം തോന്നിയതിനാല്‍  വിശദ പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് യാത്രാബാഗ് ട്രോളിയില്‍ പ്രത്യേക അറയില്‍ സൂക്ഷിച്ച ഡോളര്‍ കണ്ടെത്തിയതെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ പറഞ്ഞു.

തുടര്‍ന്ന്  അധികൃതര്‍ നടത്തിയ വിശദ പരിശോധനയില്‍ പ്രത്യേക ജോലിയൊന്നും ഇല്ലാത്ത ഇയാള്‍ അഹമ്മദാബാദ്, ഹൈദ്രാബാദ,് മുംബൈ എന്നിവിടങ്ങളില്‍ നിന്നും  ഏതാനും മാസങ്ങള്‍ക്കിടെ 30 തവണ വിദേശ യാത്ര ചെയ്തതായി കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഇയാള്‍ പണം കൈമാറുന്ന ആള്‍ മാത്രമാണെന്നാണ് അന്വേഷണത്തില്‍ മനസ്സിലായത്.

അനധികൃത വിദേശ കറന്‍സി എക്‌സ്‌ചേഞ്ചില്‍ നിന്ന് ലഭിച്ച തുകയാണിതെന്നാണ് നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി. ജൂണില്‍ വിദേശ കറന്‍സി കടത്തുന്നതിനിടെ അഫ്ഗാന്‍ സ്വദേശിയെ കസ്റ്റംസ് പിടികൂടിയിരുന്നു.

വിമാന യാത്രക്കാരില്‍ നിന്ന് പിടികൂടിയത് രണ്ടേ കാല്‍ കിലോ സ്വര്‍ണ്ണം

കൊച്ചി: വിമാനയാത്രക്കാരില്‍ നിന്ന് കൊച്ചി കസ്റ്റംസ് രണ്ട് ദിവസം കൊണ്ട് പിടികൂടിയത് രണ്ടേകാല്‍ കിലോ സ്വര്‍ണ്ണം. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് അഞ്ച് പേരില്‍ നിന്ന് പേസ്റ്റ് രൂപത്തില്‍ ഒന്നേകാല്‍ കിലോയും കട്ടിരൂപ ത്തില്‍ ഒരു കിലോ സ്വര്‍ണ്ണവും പിടികൂടിയത്. 

റിയാദില്‍ നിന്നും കോഴിക്കോട് എത്തിയ യാത്രക്കാരനില്‍ നിന്ന് 755 ഗ്രാമും ദുബായിയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിയില്‍ നിന്ന് 511 ഗ്രാം സ്വര്‍ണ്ണവുമാണ് പേസ്റ്റ് രൂപത്തില്‍ കണ്ടെത്തിയത്.  ബഹറൈനില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് പിടികൂടിയ ഒരു കിലോ സ്വ ര്‍ണ്ണത്തിന് ഏകദേശം 28.07 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.