പീഡന കേസ് നിര്‍ണ്ണായക ഘട്ടത്തില്‍; അന്വേഷണ സംഘം ജലന്ധറിലേക്ക്

Tuesday 31 July 2018 2:50 am IST

കുറവിലങ്ങാട്: ലൈംഗീകമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍  അന്വേഷണ സംഘം വെള്ളിയാഴ്ച ജലന്ധറിലേക്ക് യാത്രതിരിക്കും. അന്വേഷണ സംഘത്തോടൊപ്പം സൈബര്‍ വിദഗ്ധരുമുണ്ട്.  ബിഷപ്പിന് കന്യാസ്ത്രീ അയച്ചുവെന്ന് പറയുന്ന വാട്‌സ് ആപ്പ്, ഇ-മെയില്‍ സന്ദേശങ്ങള്‍ വിശദമായി പരിശോധിക്കാനാണിത്. 

പരാതി സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതിനാല്‍ കേസ് നിര്‍ണ്ണായകഘട്ടത്തിലാണ്.  ഇതിന് മുന്നോടിയായി ഡിജിപി ലോക്‌നാഥ് ബഹ്‌റ നാളെ കോട്ടയത്ത് എത്തും. ബിഷപ്പിനെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത.

ഇതിന് പ്രത്യേകം ചോദ്യാവലി തയ്യാറാക്കും..  കന്യാസ്ത്രീയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട്, മജിസ്‌ട്രേട്ടിന് മുന്നില്‍ കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴി, മാര്‍പാപ്പ, വത്തിക്കാന്‍ സ്ഥാനപതി, കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി തുടങ്ങിയവര്‍ക്ക് നല്‍കിയ പരാതികള്‍, കുറവിലങ്ങാട് മഠത്തിലെ സന്ദര്‍ശക ഡയറി, പരാതി പിന്‍വലിപ്പിക്കാന്‍ വന്‍തുകയും സഭയില്‍ ഉന്നത സ്ഥാനവും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതായുള്ള കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചോദ്യാവലി തയ്യാറാക്കുന്നത്. 

കഴിഞ്ഞ മാസം 27ന് ആണ് കന്യാസ്ത്രീ കുറവിലങ്ങാട് പോലീസിന് പരാതി നല്‍കിയത്. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. അന്വേഷണം അട്ടിമറിക്കുകയാണെന്ന് വിശ്വാസികളില്‍ ഒരു വിഭാഗം കടുത്ത വിമര്‍ശനം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് അന്വേഷണ സംഘത്തിന് ജലന്ധര്‍ യാത്രയ്ക്ക് അനുമതി നല്‍കിയത്. 

പത്ത് ഏക്കറും മഠവും വാഗ്ദാനം ചെയ്ത വികാരിക്കെതിരെ നടപടി 

കോട്ടയം: കന്യാസ്ത്രീയെ പരാതിയില്‍ നിന്ന് പിന്തരിപ്പിക്കാന്‍ പത്ത് ഏക്കറും മഠവും വാഗ്ദാനം ചെയ്ത കുര്യനാട് ആശ്രമംവക സ്‌കൂള്‍ മാനേജര്‍ ഫാ. ജെയിംസ് എര്‍ത്തയിലിനെ സ്ഥലംമാറ്റി മുഖം രക്ഷിക്കാന്‍ സഭയുടെ നീക്കം. ഇദ്ദേഹത്തെ കട്ടപ്പന ചപ്പാത്ത് പരപ്പ് ആശ്രമത്തിലേക്കാണ് സ്ഥലംമാറ്റിയത്. കുര്യനാട് ആശ്രമത്തിന്റെ എല്ലാ ചുമതലകളില്‍ നിന്നും അദ്ദേഹത്തെ നീക്കി.

ബിഷപ്പിനെതിരെയുള്ള പീഡന പരാതി പിന്‍വലിപ്പിക്കാന്‍ പരാതിക്കാരിയെ പിന്തുണയ്ക്കുന്ന സിസ്റ്റര്‍ അനുപമയ്ക്കാണ് വികാരി വാഗ്ദാനം നല്‍കിയത്. വികാരിയും സിസ്റ്റര്‍ അനുപമയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം പുറത്തായതോടെ സഭയുടെ മുഖം കൂടുതല്‍ വികൃതമായെന്നാണ് വിശ്വാസികളില്‍ ഒരു വിഭാഗം പറയുന്നത്. പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ഫാ. എര്‍ത്തയിലിനെതിരെ കുറവിലങ്ങാട് പോലീസ് പാലാ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.