അണക്കെട്ട് നിറഞ്ഞ് തുളുമ്പുമ്പോള്‍ കൊലുമ്പന്‍ സ്മരണക്ക് പത്തരമാറ്റ്

Tuesday 31 July 2018 2:59 am IST
"ഇടുക്കി റിസര്‍വോയറിന് സമീപമുള്ള കൊലുമ്പന്‍ സ്മാരകം"

ചെറുതോണി: ഇടുക്കി അണക്കെട്ട് നിറഞ്ഞ് തുളുമ്പാന്‍ ഒരുങ്ങിനില്‍ക്കെ പദ്ധതിയുടെ വഴികാട്ടിയായ കൊലുമ്പന്റെ സ്മരണക്ക് പത്തരമാറ്റ്. 1932ല്‍ ഇടുക്കിയില്‍ നായാട്ടിനെത്തിയ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ഡബ്ല്യൂ. ജെ ജോണ്‍ അവിചാരിതമായാണ് പൈനാവ് പാറയംമാവ് പ്രദേശത്ത് എത്തുന്നത്. ഇവിടെ എത്തിയ ജോണിന് പ്രദേശത്തിന്റെ ഭൂപ്രകൃതി സംബന്ധിച്ച് അറിവുണ്ടായിരുന്നില്ല. മൂലമറ്റത്തെ കൊടുംവളവുകളും മലകളും താണ്ടി ഇടുക്കിയിലെത്തിയ ജോണിന് പ്രദേശം ചുറ്റിക്കറങ്ങി കാണുന്നത് ശ്രമകരമാണെന്ന് മനസ്സിലായി. ഒരു സഹായിയെ അന്വേഷിച്ചിറങ്ങിയ ജോണ്‍ പാറയംമാവ് പൈനാവ് പ്രദേശത്തുള്ള ഊരാളിക്കുടിയിലെത്തി തന്റെ ആവശ്യം അറിയിച്ചു. 

ഊരാളി സമുദായത്തിന്റെ ഗോത്രത്തലവനായ കരിവെള്ളയാന്‍ കൊലുമ്പനെന്ന ഗോത്രത്തലവന്‍ സൂപ്രണ്ടിനെ പ്രകൃതിരമണീയമായ സ്ഥലങ്ങളിലേക്ക്  കൂട്ടിക്കൊണ്ടുപോയി പോയി. ആ യാത്രയിലാണ് രണ്ട് കൂറ്റന്‍ പാറകളുടെ നടുവിലുള്ള ഇടുങ്ങിയ ഒരു ചാലിലൂടെ നദി കടന്നുപോകുന്ന കാഴ്ച കൊലുമ്പന്‍ ജോണിന് കാട്ടിക്കൊടുത്തത്. കാഴ്ച കണ്ട ജോണ്‍, കൊലുമ്പന്റെ അനുചരന്മാരുടെ സഹായത്തോടെ മുളകള്‍ വെട്ടി കൂട്ടിക്കെട്ടി നീളത്തിലാക്കി ആഴം അളന്ന് തിട്ടപ്പെടുത്തിയ ശേഷമാണ് മടങ്ങിയത്. ഇതിലൂടെ ഇടുക്കി പദ്ധതിയുടെ വഴികാട്ടിയായ കൊലുമ്പന്റെ നാമം ലോകം മുഴുവന്‍ അറിയപ്പെട്ടു. കേരള സര്‍ക്കാര്‍ അഞ്ചാം ക്ലാസിലെ മലയാള പാഠാവലിയില്‍ ഇടുക്കി പദ്ധതിയിലുള്ള കൊലുമ്പന്റ പങ്ക് ചരിത്രമായി പഠിപ്പിച്ചു. 

പൈനാവിനും ചെറുതോണിക്കുമിടയില്‍ വെളളാപ്പാറയിലാണ് കൊലുമ്പന്റെ സ്മൃതികുടീരം സ്ഥിതിചെയ്യുന്നത്. ഇവിടെ ആദിവാസി വിഭാഗത്തിലുള്ള ഊരാളി സമുദായക്കാര്‍ രാവും പകലും വിളക്ക് വെയ്ക്കുകയും, മുറുക്കാനും, മദ്യവും കാണിക്കയായി നല്‍കുകയും ചെയ്തുവരുന്നു. കൊലുമ്പന്റെ പേരില്‍ തടാകത്തില്‍ ബോട്ടും ചെറുതോണി അണക്കെട്ടിന് സമീപം പൂര്‍ണ്ണകായ പ്രതിമയും നിര്‍മ്മിച്ചിട്ടുണ്ട്.

കൊലുമ്പന്‍ സ്മരണ നിലനിര്‍ത്തുന്നതിനായി കേരള സര്‍ക്കാര്‍  ലക്ഷങ്ങള്‍ മുടക്കി സ്മൃതികുടീരം നവീകരിച്ചെങ്കിലും സഞ്ചാരികള്‍ക്കായി ഇനിയും തുറന്നുകൊടുത്തിട്ടില്ല. വഴികാട്ടിയായി ജോണിനെ സഹായിച്ച കൊലുമ്പന്‍ ഇരുമലകളായ കുറവന്‍, കുറത്തി എന്നിവയുടെ ഐതിഹ്യവും പറഞ്ഞു കൊടുത്തു. പിന്നീട് ജോണ്‍ ഈ സ്ഥലത്ത് ജലവൈദ്യുത പദ്ധതിക്കുള്ള സാദ്ധ്യത മനസ്സിലാക്കുകയും റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിനും ചില മാധ്യമങ്ങള്‍ക്കും നല്‍കുകയുണ്ടായി. തുടര്‍ന്ന് നടന്ന നിരവധി ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും ശേഷം 1966 ല്‍ കനേഡിയന്‍ കമ്പനിയുമായി ഡാം നിര്‍മ്മാണത്തിന് കരാറുണ്ടാക്കി. 1971 ല്‍ ചെറുതോണി, കുളമാവ്, ഇടുക്കി എന്നീ മൂന്ന് അണക്കെട്ടുകളുടെ നിര്‍മ്മാണമാരംഭിച്ചു. ഇടുക്കി പദ്ധതി എന്ന പേരില്‍ 1974ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി.

എം.പി. ശ്രീനിവാസന്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.